• HOME
  • »
  • NEWS
  • »
  • sports
  • »
  • Euro Cup | ആശുപത്രിയില്‍ നിന്ന് സഹതാരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

Euro Cup | ആശുപത്രിയില്‍ നിന്ന് സഹതാരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍

ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ വെറും രണ്ട് മിനിറ്റുകള്‍ ബാക്കി നില്‍ക്കവേയാണ് താരം കളിക്കളത്തില്‍ ബോധരഹിതനായി വീണത്. തുടര്‍ന്ന് താരത്തിന് സി പി ആര്‍ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

  • Last Updated :
  • Share this:
    യൂറോ കപ്പില്‍ ഇന്നലെ നടന്ന ഡെന്‍മാര്‍ക്ക് ഫിന്‍ലാന്‍ഡ് മത്സരത്തിനിടെ തളര്‍ന്ന് വീണ ഡാനിഷ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആവേശകരമായ മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ വെറും രണ്ട് മിനിറ്റുകള്‍ ബാക്കി നില്‍ക്കവേയാണ് താരം കളിക്കളത്തില്‍ ബോധരഹിതനായി വീണത്. തുടര്‍ന്ന് താരത്തിന് സി പി ആര്‍ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് മത്സരം ഏകദേശം 90 മിനിറ്റ് നിര്‍ത്തി വച്ചിരുന്നു.

    ഫിന്‍ലന്‍ഡിന്റെ പകുതിയില്‍ വെച്ചാണ് പെട്ടെന്ന് ഡെന്മാര്‍ക്ക് സൂപ്പര്‍ താരമായ എറിക്സണ്‍ കുഴഞ്ഞു വീണത്. താരം കുഴഞ്ഞു വീണയുടനെ റഫറി ആന്തണി ടെയ്ലര്‍ കളി നിര്‍ത്തിവെച്ച് ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തെ കളത്തില്‍ എത്തിച്ചു. കുഴഞ്ഞു വീണ് ബോധം മറഞ്ഞ താരത്തിന് കളത്തില്‍ വെച്ച് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയതിന് ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കളി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെക്കാനും തീരുമാനമായി. എറിക്സണ്‍ അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് കളി തുടങ്ങാന്‍ തീരുമാനമായത്.

    ഇപ്പോഴിതാ ആരോഗ്യനില മെച്ചപ്പെട്ട എറിക്‌സണ്‍ സഹപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിച്ചതായി ഡാനിഷ് സോക്കര്‍ ഫെഡറേഷന്‍ അറിയിച്ചിരിക്കുകയാണ്. 'ടീം അംഗങ്ങള്‍ക്കെല്ലാം ആശംസകള്‍' എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഡാനിഷ് ക്ലബ് അധികൃതര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ താരത്തിന്റെ ആരോഗ്യനില വിശദീകരിച്ചുകൊണ്ട് ഡാനിഷ് ഫെഡറേഷന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. 'ഇന്ന് രാവിലെ ഞങ്ങള്‍ ക്രിസ്റ്റ്യന്‍ എറിക്‌സണുമായി സംസാരിച്ചു, അദ്ദേഹം തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയച്ചു. അദ്ദേഹത്തിന്റെ നില സ്ഥിരമാണ്, കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് തുടരുകയാണ്. ദേശീയ ടീമിലെ താരങ്ങളും സ്റ്റാഫുകളും പ്രതിസന്ധി ഘട്ടത്തില്‍ സഹായം നല്‍കി'- ഡാനിഷ് ഫെഡറേഷന്‍ ട്വീറ്റ് ചെയ്തു. താരത്തെ പിന്തുണച്ചതിന് ആരാധകര്‍ക്കും മറ്റ് ടീമുകള്‍ക്കും ഡിബിയു എന്നറിയപ്പെടുന്ന ഡാനിഷ് ഫെഡറേഷന്‍ നന്ദിയും പറഞ്ഞു.

    എറിക്സണ്‍ അപകടനില തരണം ചെയ്തു എന്ന വാര്‍ത്ത വന്നതിനു പിന്നാലെ നിര്‍ത്തിവച്ചിടത്ത് നിന്ന് തുടങ്ങിയ മത്സരത്തില്‍ ഫിന്‍ലന്‍ഡ് ചരിത്ര വിജയം നേടിയിരുന്നു. സഹതാരം മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞു വീണ സംഭവത്തിന്റെ ആഘാതത്തില്‍ കളിച്ച ഡെന്മാര്‍ക്ക് താരങ്ങള്‍ക്ക് തോല്‍വി കൂടുതല്‍ നിരാശ സമ്മാനിക്കുന്നതായി. മത്സരത്തില്‍ പൊരുതി നേടിയ ഏക ഗോളിന്റെ മികവിലാണ് യൂറോപ്പിലെ കുഞ്ഞന്‍ ടീമായ ഫിന്‍ലന്‍ഡ് ഡെന്മാര്‍ക്കിനെതിരെ വിജയം നേടിയത്. കളത്തില്‍ കുഴഞ്ഞു വീണ താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയില്‍ ആയിരുന്നു ഫുടബോള്‍ ലോകം ഒന്നടങ്കം. താരം അപകടനില തരണം ചെയ്തു എന്നുള്ള വാര്‍ത്ത അവര്‍ക്ക് ആശ്വാസം നല്‍കുന്നതാണെങ്കിലും ഇപ്പോഴും അവരെല്ലാം എറിക്സണ്‍ പൂര്‍ണ്ണ ആരോഗ്യവാനായി കളത്തില്‍ തിരികെയെത്തുന്നതും കാത്തിരിക്കുകയാണ്.
    Published by:Sarath Mohanan
    First published: