പി എസ് ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും തകർപ്പൻ വിജയം നേടി ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിന്റെ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ഇടം നേടിയിരിക്കുകയാണ്. ഈ അവിസ്മരണീയ നേട്ടത്തിന്‍റെ നിറവിൽ നിൽക്കുന്ന സിറ്റി ടീം ഇത്തരമൊരു വലിയ നേട്ടത്തിൽ എത്താൻ കാരണം താരങ്ങൾ ഒത്തൊരുമിച്ചു മികച്ച പ്രകടനം കാഴ്‌ച വെച്ചതു കൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ് സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ടീമിനൊപ്പമുണ്ടായിരുന്ന മുൻ താരങ്ങൾക്ക് സമർപ്പിക്കാനും അദ്ദേഹം മറന്നില്ല.
"എനിക്കു വളരെ അഭിമാനമുണ്ട്, സിറ്റിയുടെ എല്ലാ താരങ്ങളും അവരവരുടേതായ സംഭാവന ടീമിന് വേണ്ടി നടത്തി. വളരെ കടുപ്പമേറിയ ഒരു ടൂർണമെന്റാണിത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ കളിക്കാൻ കഴിയാതെ പോയവർക്കാണ് ഞാനീ വിജയം ആദ്യം സമർപ്പിക്കുന്നത്" ഗ്വാർഡിയോള മത്സരത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു.
"അതുപോലെ ഞാൻ ഇവിടെയെത്തിയപ്പോൾ ടീമിൽ ഉണ്ടായിരുന്ന താരങ്ങളായ ജോ ഹാർട്ട്, പാബ്ലോ സബലേറ്റ, വിൻസെന്റ് കോംപാനി, ഡേവിഡ് സിൽവ, ഇപ്പൊൾ ടീമിലുള്ള സെർജിയോ അഗ്വേറോ എന്നിങ്ങനെ നിരവധി താരങ്ങൾ സിറ്റിയെ ഈ ഘട്ടത്തിലെത്താൻ സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ അബുദാബിയിലുള്ള ടീമിൻ്റെ ഉടമസ്ഥർ ഉള്ളവർക്കും വേണ്ടി ഈ വിജയം ഞാൻ പങ്കു വെക്കുകയാണ്," ഗ്വാർഡിയോള കൂട്ടിച്ചേർത്തു.
പിഎസ്ജിക്കെതിരെ നേടിയ തകർപ്പൻ വിജയത്തിൻ്റെ വിവരമറിഞ്ഞ് നിരവധി ആരാധകരാണ് ഗ്വാർഡിയോളയെ സ്വാഗതം ചെയ്ത് നഗരവീഥികളിൽ ഉണ്ടായിരുന്നത്. "എനിക്കതു വളരെയധികം സന്തോഷം നൽകുന്നതാണ്, എല്ലാവർക്കും നന്ദി. ചാമ്പ്യൻസ് ലീഗ് ഫൈനൽ പോലെയൊരു മത്സരം ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കുന്നത് അസാധാരണമായ കാര്യമാണ്. ഈ നേട്ടം സ്വന്തമാക്കുമ്പോൾ ആരാധകരും ഒപ്പമുണ്ടാകണമായിരുന്നു, ക്ലബ് ആരാധകരുടേതാണ്," ഗ്വാർഡിയോള വ്യക്തമാക്കി.
Also Read-
Champions League | 'ശ്രദ്ധയോടെ കളിച്ച് കിട്ടിയ അവസരം വിനിയോഗിക്കുക'; സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ അവസരത്തെക്കുറിച്ച് പ്രതികരിച്ച് പെപ് ഗ്വാര്ഡിയോളസിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് പിഎസ്ജിയെ തോൽപ്പിച്ചതോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. റിയാദ് മഹ്റെസ് ആണ് കളിയിലെ രണ്ടു ഗോളുകളും നേടിയത്. ആദ്യ പാദത്തിൽ പിഎസ്ജിയുടെ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 2-1ന് വിജയിച്ച സിറ്റി ഇരുപാദങ്ങളിലുമായി 4-1ൻ്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.
മാർച്ച് 29നു ഇസ്‌താംബൂളിൽ വെച്ചു നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെയോ ചെൽസിയെയോ ആണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക.
സൂപ്പർ കോച്ച് പെപ് ഗ്വാർഡിയോളക്ക് കീഴിൽ അണിനിരക്കുന്ന സിറ്റി ഈ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് കൊണ്ടാണ് മുന്നേറുന്നത്. ചാമ്പ്യൻസ് ലീഗിൽ ഫൈനലിൽ എത്തി നിൽക്കുന്ന അവർ ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. നാല് വർഷത്തിനിടയിൽ മൂന്നാം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുന്നതിന്റെ തൊട്ടരികിലുള്ള മാഞ്ചസ്റ്റർ സിറ്റി അതിനൊപ്പം ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കൂടിയാണ് നോട്ടമിടുന്നത്. ഈയിടെ നടന്ന ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും സിറ്റി തന്നെയായിരുന്നു കിരീടം ചൂടിയത്. ഈ സീസണിൽ നാല് കിരീടം എന്ന നേട്ടം ലക്ഷ്യമാക്കി കുതിച്ച അവർക്ക് ആകെ അടിപതറിയത് എഫ് എ കപ്പിൽ മാത്രമാണ്. അതിലെ സെമി ഫൈനൽ മത്സരത്തിൽ ചെൽസിയോട് ഒരു ഗോളിനാണ് സിറ്റി തോറ്റത്.
Summary- Manchester City coach Pep Guardiola hails Manchester City players after reaching Champions league final
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.