• HOME
  • »
  • NEWS
  • »
  • sports
  • »
  • കേരളത്തിന്‍റെ ഫുട്ബോൾ സ്നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തിന്‍റെ ഫുട്ബോൾ സ്നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളവും കേരളീയരും എക്കാലവും ഫുട്ബോളിനെ സ്നേഹിച്ചിട്ടുള്ളവരാണെന്നും. ഖത്തർ ലോകകപ്പ് വേദികൾക്ക് ചുറ്റും കേരളീയരുടെ ആവേശം കാണാനാകുമെന്നും മുഖ്യമന്ത്രി

  • Share this:
തിരുവനന്തപുരം: കേരളത്തിന്‍റെ ഫുട്ബോള്‍ സ്‌നേ‌ഹം അം​ഗീകരിച്ചതിന് ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫയ്‌ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് ജില്ലയിലെ പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച ലയണൽ മെസി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ കൂറ്റൻ കട്ടൗട്ടിന്റെ ചിത്രം ഫിഫ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇതിനു മറുപടിയായാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചത്. കേരളവും കേരളീയരും എക്കാലവും ഫുട്ബോളിനെ സ്നേഹിച്ചിട്ടുള്ളവരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തർ ലോകകപ്പ് വേദികൾക്ക് ചുറ്റും കേരളീയരുടെ ആവേശം കാണാനാകുമെന്നും ഫിഫയ്ക്ക് മറുപടി നൽകിയ ട്വിറ്ററിൽ അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെയാണ് പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഫിഫ പങ്കുവെച്ചത്. 'ഫിഫ ലോകകപ്പ് ജ്വരം കേരളത്തെ ബാധിച്ചിരിക്കുന്നു, ലോകകപ്പിന് മുന്നോടിയായി നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഒരു ചെറു പുഴയുടെ നടുവിൽ ഉയർത്തിയിരിക്കുന്നു' - ട്വിറ്ററിലെ ഔദ്യോഗിക പേജിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഫിഫ കുറിച്ച വാക്കുകളാണിത്.

കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിൽ ലയണൽ മെസിയുടെ 30 അടി കട്ടൗട്ടാണ് ആദ്യം സ്ഥാപിച്ചത്. ഇതിന് പിന്നാലെ നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകൾ സ്ഥാപിച്ചു.

എന്നാൽ അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിന് പരാതി നൽകി. കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയും എന്നായിരുന്നു പരാതി. ഇതേത്തുടർന്ന് കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് നിർദേശം നൽകിയതായി വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുകയും ചെയ്തു. കട്ടൗട്ടുകൾ സ്ഥാപിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തിയതോടെ ചർച്ചകൾക്ക് ചൂടുപിടിച്ചു.


എന്നാൽ പുള്ളാവൂർ പുഴയിൽ അർജന്റീന, ബ്രസീൽ ആരാധകർ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകൾ മാറ്റില്ലെന്ന് കൊടുവള്ളി നഗരസഭ വ്യക്തമാക്കി. പുള്ളാവൂർ പുഴ തങ്ങളുടെ പരിധിയിലാണെന്നും കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് കൊടുവള്ളി നഗരസഭ ചെയർമാൻ പറഞ്ഞു. ഇനി പരാതി ലഭിച്ചാലും ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കുകയുള്ളൂ. കട്ടൗട്ടുകൾ പുഴയ്ക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും ചെയർമാൻ വ്യക്തമാക്കി. നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ ആലോചിക്കാമെന്നാണ് ചെയർമാന്റെ നിലപാട്.
Published by:Anuraj GR
First published: