• HOME
  • »
  • NEWS
  • »
  • sports
  • »
  • ബാഴ്‌സയില്‍ അഴിച്ചുപണി ? കൂടുതല്‍ കിരീടത്തിന് ടീമിന്റെ നിലവാരം ഉയര്‍ത്തണമെന്ന് കോച്ച്‍ റൊണാള്‍ഡ് കൂമാന്‍

ബാഴ്‌സയില്‍ അഴിച്ചുപണി ? കൂടുതല്‍ കിരീടത്തിന് ടീമിന്റെ നിലവാരം ഉയര്‍ത്തണമെന്ന് കോച്ച്‍ റൊണാള്‍ഡ് കൂമാന്‍

നിലവില്‍ ടീമിലുള്ള താരങ്ങളെ വെച്ച് ബാഴ്സക്ക് മതിയായ നിലവാരത്തിലെത്താന്‍ കഴിയില്ലെന്നും കഴിവുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും കൂമാന്‍ ആവശ്യപ്പെട്ടു

Ronald Koeman

Ronald Koeman

  • Share this:
യൂറോപ്പിലെ വമ്പന്‍ ക്ലബുകളില്‍ ഒന്നായ ബാഴ്സിലോണക്ക് കുറച്ച് കാലമായി തങ്ങളുടെ മികച്ച പ്രകടനത്തിലേക്ക് ഉയരാന്‍ കഴിയുന്നില്ല. ക്ലബ്ബ് കളിക്കുന്ന അഭ്യന്തര ലീഗായ ലാലിഗയിലും യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍ മത്സരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ക്ലബ്ബ് ഫോം കണ്ടെത്താന്‍ പാട് പെടുകയാണ്. ഈ സീസണിലും അവരുടെ സ്ഥിതി വ്യത്യസ്തമല്ല. സീസണില്‍ കോപ്പ ഡെല്‍ റേ കിരീടം നേടിയെന്നത് മാത്രമാണ് നിലവില്‍ കറ്റാലന്‍ ക്ലബിന് ഏക ആശ്വാസം. ഇതിന് പുറമെ അവരുടെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്ന വാര്‍ത്തകളും അവര്‍ക്ക് തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാ ലിഗയിലെ ഈ സീസണില്‍ കിരീടം നഷ്ടമായ ബാഴ്‌സ അവരുടെ അവസാന മത്സരത്തില്‍ ഐബാറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെയാണ് സീസണ്‍ അവസാനിപ്പിച്ചതെങ്കിലും ലീഗില്‍ ബാഴ്‌സ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബാഴ്‌സക്ക് നിരാശ മാത്രം സമ്മാനിച്ച സീസണില്‍ നിന്ന് അടുത്ത സീസണിലേക്ക് കടക്കുമ്പോള്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്നതിന് മുന്നൊരുക്കമായി ടീമില്‍ കാര്യമായ അഴിച്ചുപണി അത്യാവശ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ പരിശീലകനായ റൊണാള്‍ഡ് കൂമാന്‍. നിലവില്‍ ടീമിലുള്ള താരങ്ങളെ വെച്ച് ബാഴ്സക്ക് മതിയായ നിലവാരത്തിലെത്താന്‍ കഴിയില്ലെന്നും കഴിവുള്ള താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും കൂമാന്‍ ആവശ്യപ്പെട്ടു. ഈ ടീമുമായി ഇനിയും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് കൂമാന്‍ പറയുന്നത്.

Also Read-രഞ്ജിയിൽ തിളങ്ങിയിട്ടും ടെസ്റ്റ്‌ ടീമിലേക്ക് പരിഗണിച്ചില്ല; നിരാശ പ്രകടമാക്കി ജയദേവ് ഉനദ്‌ഘട്ട്

'ടീമിലെ യുവതാരങ്ങള്‍ക്ക് മത്സര പരിചയം വളരെക്കുറവാണ്. ലഭ്യമായ താരങ്ങളുമായി ഇതില്‍കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്. കൂടുതല്‍ മികച്ച താരങ്ങളെ സ്വന്തമാക്കിയാല്‍ മാത്രമേ ബാഴ്‌സിലോണയ്ക്ക് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയൂ. ഇത് തന്നെയാണ് ആരാധകരും ടീം മാനേജ്‌മെന്റും പ്രതീക്ഷിക്കുന്നത്. കാര്യമായ മാറ്റങ്ങള്‍ വന്നാലേ അത് സാധ്യമാകൂ.' കൂമാന്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത സീസണിലും ബാഴ്സയുടെ പരിശീലകനായി തുടരുമോ എന്ന ചോദ്യത്തിന് അതില്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റെയാകും എന്നാലും തനിക്ക് പ്രതീക്ഷയുണ്ടെന്നും കൂമാന്‍ പറഞ്ഞു. 'ഇത് ബാഴ്സയില്‍ എന്റെ അവസാനത്തെ മത്സരമാണെന്നു ഞാന്‍ കരുതുന്നില്ല. എനിക്കു ക്ലബുമായി കരാറുണ്ടെങ്കിലും എന്താണ് ക്ലബ് ചെയ്യുകയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. നിങ്ങള്‍ ഈ വിഷയം ഒരുപാട് സംസാരിക്കുന്നു. ക്ലബിന് ഒരു മാറ്റം ആവശ്യമാണെങ്കില്‍ അവര്‍ എന്നോട് സംസാരിക്കണം.' കൂമാന്‍ വ്യക്തമാക്കി.

Also Read- 'കൊച്ചി ടസ്കേഴ്സിന് വേണ്ടി കളിച്ചതിന്റെ ബാക്കിതുക ഇനിയും കിട്ടാനുണ്ട്', ബ്രാഡ് ഹോഡ്ജ്

നേരത്തെ, ലാലിഗയിലെ അവസാന മത്സരത്തില്‍ ഐബാറിനെതിരെ അവരുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലും മത്സരം വിജയിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച കൂമാന്‍ പ്രൊഫെഷണലിസം ടീമിന് അനിവാര്യമാണെന്ന് വ്യക്തമാക്കി. അത്‌ലറ്റികോ മാഡ്രിഡിന്റെ ലീഗ് വിജയത്തെയും അഭിനന്ദിച്ച കൂമാന്‍ വളരെക്കാലമായി ഒരേ പരിശീലകനു കീഴില്‍ ഒരുങ്ങിയ ഒരു കൂട്ടം കളിക്കാരുടെ പ്രകടനമാണ് ആണ് അവരുടെ നേട്ടങ്ങളുടെ പുറകിലെന്ന അഭിപ്രായവും പ്രകടിപ്പിച്ചു.

അതേസമയം, സ്‌പെയ്‌നിലെയും യൂറോപ്പിലെയും കിരീടങ്ങള്‍ വീണ്ടും നേടുന്ന ഒരു ടീമായി ബാഴ്‌സയെ മാറ്റിയെടുക്കുമെന്നും, ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്നും ക്ലബ് പ്രസിഡന്റ് യുവാന്‍ ലോപ്പര്‍ട്ട കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Published by:Jayesh Krishnan
First published: