നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America| കോപ്പ അമേരിക്ക: വിവാദ ഗോൾ അനുവദിച്ച റഫറിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയ

  Copa America| കോപ്പ അമേരിക്ക: വിവാദ ഗോൾ അനുവദിച്ച റഫറിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊളംബിയ

  മത്സരത്തിൽ ആദ്യം ഗോൾ നേടി ബ്രസീൽ നിരയെ സമ്മർദ്ദത്തിലാക്കി കൊളംബിയ ജയം നേടുമെന്ന് കരുതിയിരിക്കെയാണ് ബ്രസീൽ കളിയിൽ അവരുടെ ഒപ്പം പിടിച്ചത്. പിന്നീട് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബ്രസീൽ കൊളംബിയയെ തോൽപ്പിക്കുകയും ചെയ്തു.

  Referee Nestor Pitana

  Referee Nestor Pitana

  • Share this:


   കോപ്പയിൽ കൊളംബിയക്കെതിരെ ജയിച്ച് ടൂർണമെൻ്റിൽ ബ്രസീൽ തങ്ങളുടെ ഹാട്രിക് ജയം നേടിയെങ്കിലും മത്സരത്തിൽ ബ്രസീലിന് തിരിച്ചുവരാൻ സഹായകമായ അവരുടെ ആദ്യ ഗോളിൻ്റെ പേരിൽ ഉയർന്ന വിവാദം മുറുകുകയാണ്. 

   മത്സരത്തിൽ ആദ്യം ഗോൾ നേടി ബ്രസീൽ നിരയെ സമ്മർദ്ദത്തിലാക്കി കൊളംബിയ ജയം നേടുമെന്ന് കരുതിയിരിക്കെയാണ് ബ്രസീൽ കളിയിൽ അവരുടെ ഒപ്പം പിടിച്ചത്. പിന്നീട് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ ബ്രസീൽ കൊളംബിയയെ തോൽപ്പിക്കുകയും ചെയ്തു.

   മൽസരത്തിലെ വിവാദ ഗോളിന് വഴി വെച്ച അർജൻ്റീന റഫറിയായ നെസ്റ്റോർ പിറ്റാനയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊളംബിയ ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കൊനെംബോളിന് കത്തയച്ചതോടെ വിവാദം അത്ര പെട്ടെന്ന് തണുക്കില്ല എന്ന് ഉറപ്പായത്.

   Also read- Copa America|കോപ്പ അമേരിക്ക: ചിലെയെ തകർത്ത് പാരഗ്വായ് ക്വാർട്ടറിലേക്ക്; ബൊളീവിയയെ തോൽപ്പിച്ച് യുറുഗ്വായ്

   ഇന്നലെ നടന്ന മത്സരത്തിൽ റോബർട്ടോ ഫിർമിനോ നേടിയ സമനില ഗോളാണ് വിവാദമായിരിക്കുന്നത്. ബ്രസീലിന്റെ മുന്നേറ്റത്തിനിടെ ഒരു ക്രോസിന് വേണ്ടി നെയ്മര്‍ ശ്രമിച്ചതാണ് റഫറിയായ പിറ്റാനയുടെ ദേഹത്ത് തട്ടിയത്. പന്ത് ബോക്സിലേക്ക് പോവുകയോ കൊളംബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യേണ്ടതോ ആയിരുന്നു. എന്നാല്‍ നെയ്മറുടെ ക്രോസ് റഫറിയുടെ ദേഹത്തു തട്ടി ലൂക്കാസ് പക്വറ്റയുടെ കാലിലെത്തുകയും താരം അത് പെട്ടെന്ന് തന്നെ ഇടതു വിങ്ങിൽ ഉണ്ടായിരുന്ന ലെഫ്റ്റ് ബാക്കായ റെനാൻ ലോദിക്ക് നീട്ടി നൽകി. ലോദി സമയം പാഴാക്കാതെ ബോക്സിലേക്ക് നൽകിയ ക്രോസില്‍ നിന്നും ഫിര്‍മിനോ സമനില ഗോള്‍ നേടുകയും ചെയ്യുകയായിരുന്നു. 

   എന്നാൽ റഫറിയുടെ ദേഹത്ത് പന്ത് തട്ടിയപ്പോൾ കളി നിർത്തുമെന്ന പ്രതീക്ഷയിൽ കൊളംബിയൻ കളിക്കാർ ഒന്ന് നിന്നു. പക്ഷേ റഫറി കളി നിർത്താൻ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല അതുവരെ മികച്ച രീതിയിൽ പ്രതിരോധിച്ച് നിന്ന കൊളംബിയൻ നിരയെ മറികടന്ന് ബ്രസീൽ ഗോൾ നേടുകയും ചെയ്തു. തുടർന്ന് കൊളംബിയൻ കളികാർ റഫറിയോട് പരാതിപ്പെട്ടെങ്കിലും വീഡിയോ പരിശോധനക്ക് ശേഷവും അത് ഗോൾ അനുവദിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു‌‌.


   കളിയിൽ മുന്നിട്ട് നിന്നിരുന്ന തങ്ങൾക്കെതിരെ ഇത്തരമൊരു വിവാദ ഗോൾ അനുവദിച്ച റഫറി പിറ്റാനയേയും, ആ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരേയും ഉടനടി സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോനെംബോളിന് കത്തയച്ച കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ (സിസിഎഫ്) സംഭവത്തിൽ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

   റഫറിയുടെ തീരുമാനം മത്സരഫലത്തെ നേരിട്ട് ബാധിച്ചുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയ കൊളംബിയൻ ഫുട്ബോൾ ഫെഡറേഷൻ, ഈ മാസം മൂന്നിന് യുറുഗ്വായും പാരഗ്വായും തമ്മിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോൾ റദ്ദാക്കിയത് ഉൾപ്പെടെയുള്ള ഗുരുതര തെറ്റ് വരുത്തിയതി‌ന് 2 കൊളംബിയൻ റഫറിമാരെ റഫറി കമ്മീഷൻ സസ്പെൻഡ് ചെയ്ത കാര്യവും ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനയിലൂടെ പിറ്റാനയേയും സസ്പെൻഡ് ചെയ്യണമെന്ന ശക്തമായ ആവശ്യമാണ് കൊളംബിയ ഉന്നയിക്കുന്നത്. സംഭവം കൂടുതൽ ഗൗരവമായിക്കൊണ്ടിരിക്കെ കൊനെംബോൾ എന്ത് നടപടിയാകും കൈക്കൊള്ളുക എന്നത് കാണാം. 

   Summary

   Colombia ask for suspension of referee in the Brazil match for his controversial decision for allowing goal after the ball hit him
   Published by:Naveen
   First published:
   )}