• HOME
  • »
  • NEWS
  • »
  • sports
  • »
  • Copa America | ബ്രസീലിന്റെ ഹാട്രിക് ജയത്തില്‍ വിവാദം ഉയരുന്നു; ആദ്യ ഗോളിന് കാരണം റെഫറിയുടെ പിഴവെന്ന് ആരോപണം

Copa America | ബ്രസീലിന്റെ ഹാട്രിക് ജയത്തില്‍ വിവാദം ഉയരുന്നു; ആദ്യ ഗോളിന് കാരണം റെഫറിയുടെ പിഴവെന്ന് ആരോപണം

റഫറിയുടെ ദേഹത്ത് പന്ത് തട്ടിയതോടെ അദ്ദേഹം കളി നിര്‍ത്തിക്കുമെന്ന് കൊളംബിയന്‍ താരങ്ങള്‍ പ്രതീക്ഷിച്ചു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബ്രസീലിന്റെ മുന്നേറ്റം വരുന്നത്.

  • Share this:
    കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെ 2-1ന് ജയം പിടിച്ച് ബ്രസീല്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ആഘോഷമാക്കിയിരിക്കുകയാണ്. കൊളംബിയക്കെതിരെ 10ാം മിനിറ്റില്‍ തന്നെ ഒരു ഗോള്‍ വഴങ്ങി ബ്രസീല്‍ സമ്മര്‍ദത്തിലേക്ക് വീണിരുന്നു.  ബ്രസീലിന് വലിയ പ്രഹരമേല്‍പ്പിച്ചത് കൊളംബിയയുടെ ലൂയിസ് ഡയസ് ആയിരുന്നു. ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്കിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. 77ആം മിനിട്ട് വരെ കൊളംബിയ കാനറികള്‍ക്ക് മുന്നില്‍ പിടിച്ചു നിന്നെങ്കിലും അതിനു ശേഷം റോബര്‍ട്ടോ ഫിര്‍മിനോയും ഇഞ്ചുറി ടൈമിന്റെ പത്താം മിനുട്ടില്‍ കസമീറോയുമാണ് ബ്രസീലിനു വേണ്ടി ഗോളുകള്‍ നേടി ടീമിനെ വിജയത്തിലെത്തിച്ചത്.

    എന്നാല്‍ ബ്രസീല്‍ മത്സരത്തില്‍ സമനില പിടിച്ച ഫിര്‍മിനോയുടെ ഗോളിനെചൊല്ലി വിവാദങ്ങള്‍ ഉയരുകയാണ്. ഈ ഗോളില്‍ മത്സരം നടക്കുമ്പോഴും അതിനുശേഷവും താരങ്ങളും ആരാധകരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫിര്‍മിനോ നേടിയ ആദ്യ ഗോളിലേക്കുള്ള മുന്നേറ്റത്തിനിടെ റഫറിയുടെ ദേഹത്തു പന്ത് തട്ടിയിരുന്നു. ഇത് ബ്രസീലിന്റെ മുന്നേറ്റത്തില്‍ വലിയൊരു മാറ്റമുണ്ടാക്കിയെങ്കിലും റഫറി കളി നിര്‍ത്തിവെക്കാന്‍ തയ്യാറാവാതിരുന്നതിനെ ചൊല്ലിയാണ് കൊളംബിയന്‍ ക്യാമ്പും ആരാധകരും വിമര്‍ശനങ്ങള്‍ നടത്തുന്നത്.

    ബ്രസീലിന്റെ മുന്നേറ്റത്തിനിടെ ഒരു ക്രോസിന് വേണ്ടി നെയ്മര്‍ ശ്രമിച്ചതാണ് റഫറിയായ പിറ്റാനയുടെ ദേഹത്ത് തട്ടിയത്. പന്ത് ബോക്സിലേക്ക് പോവുകയോ കൊളംബിയന്‍ പ്രതിരോധം ക്ലിയര്‍ ചെയ്യേണ്ടതോ ആയിരുന്നു. എന്നാല്‍ നെയ്മറുടെ ക്രോസ് റഫറിയുടെ ദേഹത്തു തട്ടി ലൂക്കാസ് പക്വറ്റയുടെ കാലിലെത്തുകയും അതില്‍ നിന്നും തുടങ്ങിയ പെട്ടന്നുള്ള മുന്നേറ്റത്തില്‍ അലക്സ് സാന്‍ഡ്രോയുടെ ക്രോസില്‍ നിന്നും ഫിര്‍മിനോ സമനില ഗോള്‍ നേടുകയും ചെയ്യുകയായിരുന്നു.


    റഫറിയുടെ ദേഹത്ത് പന്ത് തട്ടിയതോടെ അദ്ദേഹം കളി നിര്‍ത്തിക്കുമെന്ന് കൊളംബിയന്‍ താരങ്ങള്‍ പ്രതീക്ഷിച്ചു നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ബ്രസീലിന്റെ മുന്നേറ്റം വരുന്നത്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കൊളംബിയന്‍ താരങ്ങള്‍ തര്‍ക്കിച്ച് നിന്നെങ്കിലും വാര്‍ പരിശോധനക്ക് ശേഷവും റഫറി തന്റെ തീരുമാനം മാറ്റിയില്ല. എന്നിട്ടും കുറെ നേരം കൊളംബിയന്‍ താരങ്ങള്‍ റഫറിയുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. നെയ്മര്‍ നല്‍കിയ ക്രോസ് തന്റെ ദേഹത്തു തട്ടി ബ്രസീലിയന്‍ താരങ്ങള്‍ക്കു തന്നെ ലഭിച്ചുവെന്നതു കൊണ്ടാണ് റഫറി കളി നിര്‍ത്താതിരുന്നതെന്നാണ് കരുതേണ്ടത്. മത്സരശേഷം കൊളംബിയയുടെ പരിശീലകനും റെഫറിയുടെ തീരുമാനത്തിനെതിരെ പരാതിപ്പെട്ടിരുന്നു.

    മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതിന് ശേഷം പ്രതിരോധത്തില്‍ ശ്രദ്ധിച്ച കൊളംബിയ ബ്രസീല്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് നിന്നതോടൊപ്പം അവസരങ്ങള്‍ ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങള്‍ നടത്തി ബ്രസീലിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. സൂപ്പര്‍ താരം നെയ്മറിനെ കൃത്യമായി മാര്‍ക് ചെയ്യുന്നതില്‍ കൊളംബിയന്‍ താരങ്ങള്‍ വിജയിച്ചതോടെ ബ്രസീല്‍ മുന്നേറ്റ നിരക്ക് വേണ്ട വിധത്തില്‍ പന്ത് കിട്ടാതെയായി. ബ്രസീല്‍ ജയിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീമിന്റെ മുന്നേറ്റങ്ങളുടെ ചുക്കാന്‍ പിടിച്ചത് നെയ്മര്‍ ആയിരുന്നു. താരത്തിന് വ്യക്തമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാഞ്ഞത് ബ്രസീലിനെ നല്ല രീതിയില്‍ ബാധിച്ചു. മുന്നേറ്റ നിരയില്‍ ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, എന്നിവരെയും കൊളംബിയന്‍ താരങ്ങള്‍ കൃത്യമായി പൂട്ടിയിരുന്നു.
    Published by:Sarath Mohanan
    First published: