കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മത്സരത്തിൽ ബ്രസീലിന് ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. ഇൻജുറി ടൈമിൽ കാസിമീറോയുടെ ഹെഡർ ഗോളാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്.
ഹാട്രിക് ജയം തേടിയിറങ്ങിയ ബ്രസീലിനെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് കൊളംബിയ ആദ്യ പകുതിയിൽ പുറത്തെടുത്തത്. മികച്ച മുന്നേറ്റങ്ങൾ നടത്തിയ അവർ കളിയുടെ 10ാം മിനിറ്റിൽ തന്നെ ബ്രസീലിനെ പിന്നിലാക്കി കളിയിൽ ലീഡ് നേടി.10ാം മിനിറ്റിൽ വലത് വിങ്ങിൽ നിന്ന് യുവാൻ ക്വാഡ്രാഡോ ബോക്സിലേക്ക് നൽകിയ ക്രോസ് പ്രതിരോധിക്കാൻ ബ്രസീൽ താരങ്ങൾ ചാടിയെങ്കിലും അവർക്കാർക്കും പന്തിനെ എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല. ബ്രസീൽ ബോക്സിലേക്ക് വന്ന പന്ത് ലഭിച്ചത് ആരാലും മാർക് ചെയ്യപ്പെടാതെ നിന്ന ലൂയിസ് ഡയസിനായിരുന്നു. പന്ത് താഴ്ന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ തകർപ്പൻ ഒരു ആക്രോബാറ്റിക് കിക്കിലൂടെ താരം പന്തിനെ വലയിലേക്ക് അടിച്ച് കയറ്റി. തൊട്ടടുത്ത് നിന്നും വന്ന ശക്തിയേറിയ ഷോട്ട് തടുക്കാൻ ബ്രസീൽ ഗോളി വെവേർട്ടണ് കഴിഞ്ഞില്ല. ടൂർണമെൻ്റിൽ ബ്രസീൽ വഴങ്ങുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
ഗോൾ നേടിയതിന് ശേഷം പ്രതിരോധത്തിൽ ശ്രദ്ധിച്ച കൊളംബിയ ബ്രസീൽ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച് നിന്നതോടൊപ്പം അവസരങ്ങൾ ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങൾ നടത്തി ബ്രസീലിന് തലവേദന സൃഷ്ടിക്കുകയും ചെയ്തു. സൂപ്പർ താരം നെയ്മറിനെ കൃത്യമായി മാർക് ചെയ്യുന്നതിൽ കൊളംബിയൻ താരങ്ങൾ വിജയിച്ചതോടെ ബ്രസീൽ മുന്നേറ്റ നിരക്ക് വേണ്ട വിധത്തിൽ പന്ത് കിട്ടാതെയായി. ബ്രസീൽ ജയിച്ച ആദ്യ രണ്ട് മത്സരങ്ങളിലും ടീമിൻ്റെ മുന്നേറ്റങ്ങളുടെ ചുക്കാൻ പിടിച്ചത് നെയ്മർ ആയിരുന്നു. താരത്തിന് വ്യക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിയാഞ്ഞത് ബ്രസീലിനെ ബാധിച്ചു. മുന്നേറ്റ നിരയിൽ ഗബ്രിയേൽ ജിസ്യുസ്, റിച്ചാർലിസൺ, എന്നിവരെയും കൊളംബിയൻ താരങ്ങൾ പൂട്ടി.
രണ്ടാം പകുതിയിൽ ഒരു ഗോളിൻ്റെ കടവുമായി ഇറങ്ങിയ ബ്രസീൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. മുന്നേറ്റത്തിൽ നെയ്മറിന് കൂട്ടായി ഫിർമിനോയെ ബ്രസീൽ പരിശീലകനായ ടിറ്റെ കൊണ്ടുവന്നു. തുടർ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും അവർക്ക് ഗോൾ മാത്രം നേടാനായില്ല. ഇതിനിടയിൽ ഡാനിലോ ബോക്സിൽ വച്ചെടുത്ത ഒരു ഹാഫ് വോളി നേരിയ വ്യതാസത്തിലാണ് പുറത്തേക്ക് പോയത്.
കളിയിൽ ബ്രസീലിന് ഏറ്റവും വലിയ അവസരം ലഭിച്ചത് 66ാം മിനിറ്റിൽ ആയിരുന്നു. പെനൽറ്റി ബോക്സിൽ ഫിർമിനോയിൽ നിന്നും പന്ത് ലഭിച്ച നെയ്മർ കൊളംബിയൻ ഗോളിയായ ഒസ്പിനയെ കബളിപ്പിച്ച് മുന്നേറി നെയ്മർ എടുത്ത ഷോട്ട് പക്ഷേ പോസ്റ്റിൽ തട്ടി തിരിച്ചു വന്നു.
കളിയിൽ 77ാം മിനിറ്റിൽ ബ്രസീൽ കൊളംബിയയെ സമനിലയിൽ പിടിച്ചു. വിവാദത്തിൻ്റെ അകമ്പടിയോടെയാണ് ബ്രസീൽ ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് ലോദി നൽകിയ ക്രോസിലേക്ക് ഫിർമിനോ തല വച്ച് കൊടുത്തു. നിലത്ത് ഒന്ന് കുത്തിയ ശേഷം ഒസ്പിനയെ മറികടന്ന് പന്ത് വലയിലെത്തി. ഗോളിലേക്കുള്ള മുന്നേറ്റത്തിനിടയിൽ ആദ്യം നെയ്മർ പായിച്ച ഷോട്ട് റഫറിയുടെ ദേഹത്ത് കൊണ്ടിരുന്നു. ഇതിൽ നിന്നും ലഭിച്ച പന്തിലാണ് ബ്രസീൽ ഗോൾ നേടിയത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കൊളംബിയൻ താരങ്ങൾ തർക്കിച്ച് നിന്നെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി തൻ്റെ തീരുമാനം മാറ്റിയില്ല. എന്നിട്ടും കുറെ നേരം കൊളംബിയൻ താരങ്ങൾ റഫറിയോട് തർക്കിച്ച് നിന്നു.
ബ്രസീലിന് ഗോൾ അനുവദിച്ചതിൽ ഉണ്ടായ പ്രതിഷേധ പ്രകടനങ്ങൾ കാരണം സമയം ഒരുപാട് നഷ്ടമായതിനാൽ 10 മിനിറ്റ് അധികം കൂടി കളി നീണ്ടു. മുന്നേറ്റങ്ങൾ തുടർന്ന ബ്രസീൽ താരങ്ങൾ ഒടുവിൽ കളിയുടെ അവസാന നിമിഷത്തിൽ അവരുടെ വിജയ ഗോൾ നേടി. കോർണറിൽ നിന്ന് നെയ്മർ എടുത്ത കിക്കിൽ നിന്നും കാസിമീറോയാണ് ഗോൾ നേടിയത്. അവസാന മിനിറ്റിൽ ഗോൾ നേടിയതിൻ്റെ സകല ആവേശവും ബ്രസീൽ താരങ്ങളിൽ പ്രകടമായിരുന്നു. പിന്നിൽ നിന്നും തിരിച്ചുവന്ന് കളി ജയിച്ചതിൻ്റെ ആത്മവിശ്വാസമാണ് അവരുടെ ആഹ്ലാദത്തിലൂടെ പുറത്ത് വന്നത്.
ഇതോടെ ടൂർണമെൻ്റിൽ ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിൻ്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. കളിയിൽ തോറ്റെങ്കിലും പെറു ഇക്വഡോറുമായി സമനില വഴങ്ങിയതിനാൽ കൊളംബിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.
Summary
Brazil makes a comeback win over Colombia by scoring in the injury time of the match
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.