HOME » NEWS » Sports » COPA AMERICA EMILIANO MARTINEZ AS IRON FORTRESS OF ARGENTINA

Copa America | ഉരുക്കുകോട്ടയായി എമിലിയാനോ മാർട്ടിനെസ്; അർജന്‍റീനയുടെ വിജയശിൽപിയെക്കുറിച്ച് അറിയാം

11 വർഷം മുമ്പ് അർജന്‍റീന ടീമിൽ ഇടംനേടിയിട്ടും കളിക്കാൻ അവസരം ലഭിച്ചത് ഈ വർഷം. ഇത്രയും കാലം അർജന്‍റീന മാറ്റിനിർത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ അവരുടെ ഹീറോ ആയത് എങ്ങനെ?

News18 Malayalam | news18-malayalam
Updated: July 11, 2021, 8:22 AM IST
Copa America | ഉരുക്കുകോട്ടയായി എമിലിയാനോ മാർട്ടിനെസ്; അർജന്‍റീനയുടെ വിജയശിൽപിയെക്കുറിച്ച് അറിയാം
Emiliano-Martinez
  • Share this:
ആവേശകരമായ കോപ്പ അമേരിക്ക ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ചിര വൈരികളായ ബ്രസീലിനെ തകർത്ത് അർജന്‍റീന കിരീടം ചൂടി. കരിയറിൽ ഒരു രാജ്യാന്തര കിരീടവുമില്ലാതെ മടങ്ങുന്ന ദുർഗതിക്ക് അന്ത്യം കുറിക്കാനായത് ലയണൽ മെസിക്ക് ആശ്വാസകരമായി. എന്നാൽ ഈ കോപ്പ അമേരിക്ക കിരീടധാരണത്തിന് അർജന്‍റീന നന്ദി പറയേണ്ടത് അവരുടെ ഗോളി എമിലിയാനോ മാർട്ടിനസിനോടാണ്. കൊളംബിയയ്ക്കെതിരായ സെമിഫൈനലിൽ ഷൂട്ടൌട്ടിൽ അർജന്‍റീനയെ കാത്ത എമിലിയാനോയുടെ കരങ്ങൾ ഫൈനലിൽ ബ്രസീലിനെയും ഒറ്റയ്ക്കു തടുത്തുനിർത്തി. ബ്രസീലിയൻ താരങ്ങളുടെ എണ്ണം പറഞ്ഞ വെടിയുണ്ടകണക്കെയുള്ള ഷോട്ടുകൾ എമിലിയാനോ തട്ടിയകറ്റിയത് മത്സരത്തിൽ ഏറെ നിർണായകമായി.

സെമിഫൈനൽ പെനാൽറ്റി ഷൂട്ടൌട്ടിൽ ഇടത്തേക്കു ചാടിയുള്ള എമിലിയാനോയുടെ തകർപ്പൻ മൂന്നു സേവുകളാണ് അർജന്‍റീനയെ ഫൈനലിലെത്തിച്ചത്. കലാശപ്പോരാട്ടത്തിൽ ബ്രസീലിന്‍റെ റിച്ചാർഡ് നിക്സൺ പായിച്ച ബുള്ളറ്റ് ഷോട്ട് എമിലിയാനോ തട്ടിയകറ്റിയത് ബ്രസീലിയൻ ആരാധകരെ ശരിക്കും സ്തംബ്ധരാക്കിക്കളഞ്ഞു. 54-ാം മിനിട്ടിലായിരുന്നു എമിലിയാനോയുടെ ഈ അത്ഭുത സേവിങ്. കൂടാതെ മത്സരം അവസാനിക്കാൻ മൂന്ന് മിനിട്ട് ബാക്കിനിൽക്കുമ്പോഴും എമിലിയാനോയുടെ അത്ഭുത കരങ്ങൾ ബ്രസീലിന് മുന്നിൽ വിലങ്ങുതടിയായി. ബ്രസീലിയൻ താരം ഗബ്രിയേൽ ബാർബോസയുടെ തകർപ്പനൊരു വോളി അത്ഭുതകരമായി എമിലിയാനോ മാർട്ടിനസ് തട്ടികയറ്റി. ഗോളെന്നുറച്ച ഷോട്ടായിരുന്നു ഇത്. ഈ രണ്ടു രക്ഷപെടുത്തലുകളാണ് ഇന്നത്തെ മത്സരത്തിൽ നിർണായകമായതെന്ന് പറയാം.

2011 മുതൽ അർജന്‍റീന ദേശീയ ടീമിൽ അംഗമാണെങ്കിലും പത്തു വർഷത്തിനു ശേഷമാണ് എമിലിയാനോ മാർട്ടിനെസിന് അരങ്ങേറ്റ മത്സരം കളിക്കാനായത്. ഇത്തവണ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലും ചിലിയ്ക്കെതിരായ ലോകകപ്പ് ടീമിലും എമിലിയാനോ ഇടംനേടിയെങ്കിലും കളിക്കാൻ അവസരം ലഭിക്കുമെന്ന് ഒരു ഉറപ്പുമില്ലായിരുന്നു. ചിലിയ്ക്കെതിരെ അർതുറോ വിദാലിന്‍റെ തകർപ്പൻ പെനാൽറ്റി സേവ് ചെയ്തതോടെയാണ് എമിലിയാനോ മാർട്ടിനെസ് എന്ന ഇരുപത്തിയെട്ടുകാരൻ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൻവില്ലയ്ക്കുവേണ്ടിയാണ് എമിലിയാനോ മാർട്ടിനസ് ക്ലബ് ഫുട്ബോൾ കളിക്കുന്നത്. ഇംഗ്ലീഷ് ഫുട്ബോൾ ലീഗിലെ മുൻനിരക്കാരായ ആഴ്സണലിനുവേണ്ടി 11 വർഷത്തോളം വലകാത്ത താരമാണ് എമിലിയാനോ മാർട്ടിനസ്.

Also Read- Copa America | സ്വപ്ന ഫൈനലില്‍ ബ്രസീലിനെ തകര്‍ത്ത് അര്‍ജന്റീന, വിജയം ഏകപക്ഷീയമായ ഒരു ഗോളിന്

1992 സെപ്റ്റംബറിൽ അർജന്‍റീനയിലെ മാർ ഡെൽ പ്ലാറ്റയിലായിരുന്നു എമിലിയാനോ മാർട്ടിനസിന്‍റെ ജനനം. ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്ന മാർട്ടിനെസ്, ഏതൊരു അർജന്‍റീനിയൻ ബാല്യത്തെയും പോലെ പന്തുകളിക്കാരനാകാൻ ആഗ്രഹിച്ചു. 2008ൽ ഇൻഡിപെൻഡെന്‍റയിൽ ചേർന്നുകൊണ്ടാണ് അദ്ദേഹം കളി ആരംഭിച്ചത്. മികച്ച ഗോൾകീപ്പർ എന്ന് പേരെടുത്ത എമിലിയാനോയെ തേടി അധികം വൈകാതെ യൂറോപ്പിൽനിന്ന് വിളിയെത്തി. 2012ൽ അദ്ദേഹം ആഴ്സണലിൽ ചേർന്നു. നീണ്ട 11 വർഷത്തോളം അവിടെ തുടർന്നെങ്കിലും പകരക്കാരന്‍റെ റോളായിരുന്നു.

ദേശീയ ടീമിലും അതുതന്നെയായിരുന്നു എമിലിയാനോയുടെ അവസ്ഥ. 2011 ജൂണിൽ നൈജീരിയയെ നേരിടാൻ ഓസ്കാർ ഉസ്തായ്ക്ക് പകരക്കാരനായി മാർട്ടിനെസിനെ അർജന്റീന ദേശീയ ടീമിലേക്ക് വിളിപ്പിച്ചു. എന്നാൽ ടീമിൽ രണ്ടാം ഗോളി മാത്രമായിരുന്നു അദ്ദേഹം. 2019 ഒക്ടോബർ 9, 13 തീയതികളിൽ ജർമ്മനിക്കും ഇക്വഡോറിനുമെതിരെ നടന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കും ടീമിൽ ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം പ്ലേയിങ് ഇലവനിൽ ഇല്ലായിരുന്നു. അങ്ങനെ അർജന്‍റീനൻ ടീമിൽ പകരക്കാരനായി നിലനിന്ന എമിലിയാനോയ്ക്ക് അവസരം ലഭിച്ചത് പത്തു വർഷത്തിനുശേഷം. എന്നാൽ ചിലിയ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ, അദ്ദേഹം അർജന്‍റീനൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു. മത്സരം സമനിലയിൽ ആയെങ്കിലും വിദാലിന്‍റെ പെനാൽറ്റി തടഞ്ഞത് എമിലിയാനോയെ ഹീറോയാക്കി.

1993 ൽ കോപ അമേരിക്ക വിജയിച്ചതിനുശേഷം ഒരു രാജ്യാന്തര ചാംപ്യൻഷിപ്പ് ജയിക്കാനായില്ല എന്ന പോരായ്മ അർജന്‍റീന നികത്തിയതിന് നന്ദി പറയേണ്ടത് എമിലിയാനോ മാർട്ടിനസിനോടാണ്. ഇത്തവണ കോപ്പ അമേരിക്കയിൽ ഉടനീളം മിന്നുന്ന പ്രകടനമാണ് എമിലിയാനോ മാർട്ടിനെസ് പുറത്തെടുത്തത്.
Published by: Anuraj GR
First published: July 11, 2021, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories