ആരാധകർ കാത്തിരുന്ന സ്വപ്നസമാനമായ ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കോപ്പ അമേരിക്കയിൽ ആര് മുത്തമിടും? ബ്രസീലോ അതോ അർജന്റീനയോ? ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ പോലെ തന്നെ ഈ കേരളക്കരയിലെ കാൽപ്പന്ത് പ്രേമികളും ആവേശത്തിലാണ്, ഒപ്പം ഉദ്വേഗത്തോടെയാണ് അവർ ഫൈനലിനായി കാത്തിരിക്കുന്നത്. ലയണൽ മെസി എന്ന ലോകോത്തര താരം ഒരു കോപ്പ കിരീടം പോലുമില്ലാതെ ബൂട്ടഴിയ്ക്കേണ്ടിവരുമോ? മെസിയുടെ ആരാധകർ അത്രയൊന്നും ഇഷ്ടപ്പെടാത്ത കാര്യമാണിത്. അതുകൊണ്ടുതന്നെ എങ്ങനെയും കോപ്പ അമേരിക്ക ഫൈനൽ മെസിയും കൂട്ടരും ജയിക്കണമെന്നാണ് ആരാധകരുടെ പ്രാർഥന.
ഏതായാവും മത്സരം ജയിക്കാനായി ആരാധകർ മെസിയുടെ പേരിൽ ക്ഷേത്രത്തിൽ വഴിപാട് കഴിച്ചിരിക്കുകയാണ്. ആലപ്പുഴ ചേർത്തല തൈക്കാട്ടുശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിലാണ് മെസിയുടെ പേരിൽ വഴിപാട് നേർന്നിരിക്കുന്നത്. അർജന്റീന താരത്തിന്റെ പേരിൽ ഒരു പുഷ്പാഞ്ജലിയും ഒരു ഭാഗ്യസൂക്താർച്ചനയുമാണ് ആരാധകർ നേർന്നിരിക്കുന്നത്. ഈ വഴിപാടുകൾ നേർന്നതിന്റെ രസീതുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
അതിനിടെ വിഖ്യാതമായ മാറക്കാനയില്‍ അര്‍ജന്റീനയും, ബ്രസീലും തമ്മില്‍ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ സ്വപ്നഫൈനലില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 10 ശതമാനം ആള്‍ക്കാര്‍ക്ക് പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ സംഘാടകരായ കോണ്‍മെബോളിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചു കൊണ്ടാണ് 10 ശതമാനം കാണികള്‍ക്ക് ചരിത്ര മത്സരത്തിലേക്ക് പ്രാദേശിക സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്. എന്നാല്‍ ബ്രസീലില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ മത്സരം കാണാന്‍ അനുവാദമുണ്ടാകൂ. സ്റ്റേഡിയത്തില്‍ ആകെ ഉള്‍ക്കൊള്ളാവുന്നതിന്റെ 10 ശതമാനം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുകയെന്ന് റിയോ ഡി ജനൈറോ മേയറുടെ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് കിരീടപോരാട്ടം നടക്കുന്നത്.
ടിക്കറ്റ് സമ്പ്രദായത്തിന് പകരം ക്രെഡന്‍ഷ്യല്‍സ് രീതിയിലാകും കാണികള്‍ക്ക് പ്രവേശനം. ആകെ മൊത്തം 5500 ക്രെഡന്ഷ്യല്സാണ് ഫൈനല്‍ മത്സരത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. മേയറുടെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കും മുമ്പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന അര്‍ജന്റീന, ബ്രസീല്‍ ടീമുകള്‍ക്ക് 2200 ക്രെഡന്‍ഷ്യല്‍സ് വീതവും, ബാക്കിയുള്ള 1100 ക്രെഡന്‍ഷ്യല്‍സ് ഔദ്യോഗിക അതിഥികള്‍ക്ക് നല്‍കാനുമാണ് കോണ്‍മെബോള്‍ തീരുമാനിച്ചിരിക്കുന്നത്. മാറക്കാന സ്റ്റേഡിയത്തില്‍ 78000ത്തില്‍ അധികം പേര്‍ക്ക് മത്സരം കാണാനുള്ള സൗകര്യമുണ്ടെങ്കിലും സ്റ്റേഡിയത്തിലെ അംഗീകരിക്കപ്പെട്ട കപ്പാസിറ്റി 55000 മാത്രമാണ്. അതുകൊണ്ടാണ് കോപ്പ അമേരിക്ക ഫൈനല്‍ കാണാന്‍ 5500 പേര്‍ക്ക് മാത്രം അവസരം ലഭിക്കുന്നത്.
അതേസമയം ബ്രസീലില്‍ താമസമാക്കിയവര്‍ക്ക് മാത്രമേ ഫൈനല്‍ മത്സരത്തിന് പ്രവേശനമുണ്ടാകൂ എന്നത് അര്‍ജന്റീനയില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് വലിയ നിരാശയാണ് സമ്മാനിക്കുന്നത്. യൂറോ കപ്പിനിടയില്‍പ്പെട്ട് കോപ്പയുടെ ആവേശം ഒന്ന് മങ്ങിയെങ്കിലും ക്ലൈമാക്സില്‍ കോപ്പയുടെ ഉയിര്ത്തെഴുന്നനില്പിനാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ലോക ഫുട്ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് കോപ്പ വേദിയാകാന്‍ പോകുന്നത്.
ചിരവൈരികളായ അര്‍ജന്റീനയും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടും എന്നുറപ്പായതോടെയാണ് കോപ്പയില്‍ ആവേശം വീണ്ടും നിറഞ്ഞത്. ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരങ്ങള്‍ എല്ലാം തന്നെ അങ്ങേയറ്റം വീറും വാശിയും നിറഞ്ഞ മത്സരങ്ങള്‍ ആയിരുന്നു. ഒരു മേജര്‍ ടൂര്‍ണമെന്റില്‍ ബ്രസീല്‍ അര്‍ജന്റീന ഫൈനല്‍ പോരാട്ടത്തിനായി ആരാധകരും നാളേറെയായി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഒരു പതിറ്റാണ്ടിനിപ്പുറം അവരുടെ ആഗ്രഹം സാധ്യമാകാന്‍ പോകുകയാണ്. 2007ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനല്‍ പോരാട്ടത്തില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തുവിട്ട മത്സരത്തിന് ശേഷം ഇപ്പോഴാണ് മറ്റൊരു കലാശ പോരാട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. നോക്കൌട്ട് മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലും ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ടായിരുന്നു എങ്കിലും ഫൈനലില്‍ കണ്ടുമുട്ടാനുള്ള അവസരം ഒരുങ്ങിയത് ഇപ്പോഴാണ്. ഇരുവരും അവസാനം നേര്‍ക്കുനേര്‍ വന്ന മത്സരം 2019 കോപ്പ സെമി ഫൈനലായിരുന്നു. അന്ന് വിജയം കാനറികള്‍ക്കൊപ്പമായിരുന്നു.
നേര്‍ക്കുനേര്‍ വന്ന കോപ്പ ഫൈനലുകളിലെ കണക്കുകള്‍ അര്‍ജന്റീനക്കൊപ്പമാണ്. പത്ത് ഫൈനലുകളില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എട്ടിലും വിജയം അര്‍ജന്റീനക്കൊപ്പമായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷം നടന്ന രണ്ട് ഫൈനലുകളില്‍ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.