HOME » NEWS » Sports » COPA AMERICA TOURNAMENT IN CRISIS AGAIN AFTER BRAZILIAN PLAYERS MAY NOT ATTEND NAV

കോപ്പ അമേരിക്ക ടൂർണമെൻ്റ് വീണ്ടും പ്രതിസന്ധിയിൽ; ബ്രസീലിയൻ താരങ്ങൾ പങ്കെടുത്തേക്കില്ല

കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റ് പിന്നീട് ബ്രസീലിൽ വെച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: June 5, 2021, 3:53 PM IST
കോപ്പ അമേരിക്ക ടൂർണമെൻ്റ് വീണ്ടും പ്രതിസന്ധിയിൽ; ബ്രസീലിയൻ താരങ്ങൾ പങ്കെടുത്തേക്കില്ല
Brazil
  • Share this:
കോവിഡ് വ്യാപനം പിടിതരാതെ നിൽക്കുന്ന സാഹചര്യത്തിൽ കോപ്പ അമേരിക്ക ടൂർണമെൻ്റിൽ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടുമായി ബ്രസീലിയൻ താരങ്ങൾ രംഗത്ത്. ടൂർണമെൻ്റ് സ്വന്തം രാജ്യത്തു വെച്ചു നടത്തുന്നതിന് ബ്രസീലിയൻ ടീമിലെ ഒരു സംഘം കളിക്കാർ എതിരാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാൽ ഒരു സംഘം കളിക്കാർ മാത്രമല്ല എന്നും മൊത്തം ടീമംഗങ്ങളും ഇതിനെതിരാണ് എന്നാണ് ബ്രസീലിയൻ ക്യാപ്റ്റനായ കാസിമീറോ നൽകുന്ന സൂചനകൾ. ഇന്ന് രാവിലെ ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്. താരങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കിയ കാസമീറോ, ബ്രസീൽ പരിശീലകൻ ടിറ്റെ ഉൾപ്പെടെ എല്ലാവർക്കും ഇക്കാര്യത്തിൽ ഒരേ തീരുമാനം ആണുള്ളളത് എന്നും പറഞ്ഞു.

ആറ് വർഷത്തിനിടെ നടക്കുന്ന നാലാമത്തെ കോപ്പ അമേരിക്ക ടൂർണമെൻ്റ് ആണിത്. ഇത്ര ചുരുങ്ങിയ ഇടവേളകളിൽ ടൂർണമെൻ്റ് നടത്തുന്നതിൽ അർത്ഥമില്ല എന്നതാണ് അവരുടെ വാദം. ഇക്കാര്യം അവർ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുൻപാകെ അവതരിപ്പിച്ചതായി ബ്രസീൽ പരിശീലകനായ ടിറ്റെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

"ബ്രസീലിൽ വെച്ചു കോപ്പ അമേരിക്ക നടത്തുന്നതിൽ ഞങ്ങളുടെ നിലപാട് എന്താണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ അത് വളരെ വ്യക്തവുമാണ്. പാരഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ഇക്കാര്യത്തിൽ ഞങ്ങളുടെ തീരുമാനം പരസ്യമായി പ്രഖ്യാപിക്കുന്നതാണ്, ഇതു എൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല, യൂറോപ്പിൽ കളിക്കുന്ന താരങ്ങൾ മാത്രവുമല്ല. ഇതിൽ ടീമിലെ എല്ലാവരുടേയും തീരുമാനം ഉണ്ട്, പരിശീലകനായ ടിറ്റെ ഉൾപ്പെടെ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്." കാസിമീറോ പറഞ്ഞു.

Also Read- മെസ്സി ബാഴ്സയിൽ തുടരാൻ ആഗ്രഹിക്കുന്നു; കരാർ ചർച്ചകൾ പുരോഗമിക്കുന്നു - ബാഴ്സ പ്രസിഡന്റ് ലാപോർട്ട

പാരഗ്വായ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം വെറും അഞ്ചു ദിവസം മാത്രമാണ് കോപ്പ അമേരിക്ക ആരംഭിക്കാൻ ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ ബ്രസീലിയൻ ടീമിൻ്റെ തീരുമാനം വ്യക്തമാക്കാൻ വൈകിയാൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷന് നടപടികൾ സ്വീകരിക്കാൻ വേണ്ടത്ര സമയം ലഭിക്കില്ലെന്നതു മുന്നിൽ കണ്ടുകൊണ്ടാവണം കസമീറോ നേരത്തെ തന്നെ താരങ്ങളുടെ അതൃപ്തി അറിയിച്ചത് എന്ന് കരുതാം.

കൊളംബിയയും അർജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂർണമെൻ്റ് പിന്നീട് ബ്രസീലിൽ വെച്ചു നടത്താൻ തീരുമാനിക്കുകയായിരുന്നു. അർജന്റീനയിൽ കോവിഡ് വ്യാപനവും കൊളംബിയയിൽ രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് ടൂർണമെന്റ് ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. ജൂൺ 13 മുതൽ ജൂലൈ 10 വരെയാണ് ബ്രസീലിൽ നടത്താൻ തീരുമാനമായത്. പക്ഷേ കോവിഡ് വ്യാപനം മൂലം മരണം സംഭവിച്ച ആൾക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിലേക്ക് ടൂർണമെൻ്റ് മറ്റിവച്ചതിൽ തുടക്കം മുതൽ എതിർസ്വരങ്ങൾ ഉണ്ടായിരുന്നു. അതേസമയം ടൂർണമെൻ്റ് ഇനി മാറ്റിവെക്കാൻ ആവില്ല എന്ന നിലപാടിലാണ് സംഘാടകർ. ടൂർണമെൻ്റ് മാറ്റിവക്കാനുള്ള തീരുമാനം സംഘാടകരിൽ നിന്നും ഉയർന്നു വരാത്തതിനാൽ ബ്രസീലിയൻ താരങ്ങൾ പിന്മാറുന്നു എന്ന് തരത്തിലുള്ള റിപ്പോർട്ടുകൾ ടൂർണമെൻ്റ് നടത്തിപ്പ് പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

Summary- Brasilian players to withdraw from Copa America tournament- report
Published by: Anuraj GR
First published: June 5, 2021, 3:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories