ലോകകപ്പ് ഫുട്ബോളിൽ ഗ്രൂപ്പിലെ രണ്ടാംഘട്ട മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് കോസ്റ്റാറിക്ക. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ വിജയം. 81ാം മിനുട്ടിൽ ഫുള്ളറാണ് കോസ്റ്റാറിക്കയുടെ വിജയഗോൾ നേടിയത്. വിരസമായ ആദ്യപകുതിയിൽ ഇരു ടീമുകളും ഗോളടിച്ചിരുന്നില്ല. ആദ്യകളിയിൽ ജർമനിയെ തോൽപ്പിച്ച ജപ്പാന് ഇന്ന് ജയിച്ചിരുന്നെങ്കിൽ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കാമായിരുന്നു.
ആദ്യ മത്സരത്തിൽ സ്പെയിനിനോട് ഏറ്റ വമ്പൻ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കോസ്റ്ററിക്ക രണ്ടാം മത്സരത്തിന് ഇറങ്ങിയത്. ഇന്നത്തെ മത്സരം ടീമിന് നിർണായകവുമായിരുന്നു. എന്നാൽ ആദ്യ കളിയിൽ കരുത്തരായ ജർമനിയെ തോൽപ്പിച്ച് എത്തിയ ജപ്പാന് കാര്യങ്ങൾ കൂടുതൽ കടുപ്പമായി.
റഷ്യൻ ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തിയ ജപ്പാൻ ടീം ഏറെ പ്രതീക്ഷകളോടെയായിരുന്നു ഇന്ന് കളത്തിലിറങ്ങിയത്. തുടക്കം മുതൽ നിരവധി മുന്നേറ്റങ്ങൾ ജപ്പാൻ നടത്തിയെങ്കിലും കടുത്ത പ്രതിരോധമാണ് കോസ്റ്ററിക്ക നടത്തിയത്. ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ കൈലര്‍ നവാസും സംഘവും ജപ്പാന് മുന്നിൽ പ്രതിരോധത്തിന്റെ കോട്ട തീർത്തു. തൊടുത്ത ഒരേ ഒരു ഷോട്ട് ഗോളാക്കി മാറ്റാനും കോസ്റ്ററിക്കയ്ക്ക് കഴിഞ്ഞു.
അതേസമയം, ഗ്രൂപ്പ് ഇയിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടമാണ്. സ്പെയിൻ ഇന്ന് ജർമനിയെ നേരിടും. ജപ്പാനോട് ഏറ്റുവാങ്ങിയ നാണംകെട്ട തോൽവി മറക്കുന്ന പ്രകടനമായിരിക്കും ജർമനി നടത്തുക എന്ന പ്രതീക്ഷയിലാണ് ആരാധകർ. മറുവശത്ത് സ്പെയിൻ ആദ്യ വിജയത്തിലെ ആത്മവിശ്വാസത്തിലാണെങ്കിലും കളിക്കണക്കുകളിലെ ആധിപത്യം അതേപടി തുടരാൻ തന്നെയാകും ടീം ശ്രമികുക. സ്പാനിഷ് നിരയിലെ ആറു പേർ ഗോൾ നേടിയത്തിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്നു സ്പെയിൻ കുറിച്ചത്.
പരിചയസമ്പത്തും യുവകരുത്തും സമ്മേളിക്കുന്ന സ്പാനിഷ് സംഘം തീർത്തും അക്രമകാരികളാണ്. ഡാനി ഒൽമോയിയും മാർകോ അസൻസിയും ഫെറാൻ ടറ്റെസുമാണ് അക്രമത്തിനു ചുക്കാൻ പിടിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.