News18 MalayalamNews18 Malayalam
|
news18-malayalam
Updated: April 7, 2021, 11:32 PM IST
coutinho
പരുക്കേറ്റ ബാഴ്സിലോണ മിഡ്ഫീല്‍ഡര്‍ ഫിലിപെ കുടീഞ്ഞോ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനായി. ബ്രസീല്‍ ദേശീയ ടീമിന്റെ പ്രധാന ഡോക്ടറായ റോഡ്രിഗോ ലാസ്മറിന്റെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ഇതോടെ താരത്തിന് ഈ വര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകും. ഡിസംബര്‍ 29ന് ഐബറിനെതിരായ ലാലിഗ മത്സരത്തിനിടെയാണ് കുടീഞ്ഞോയുടെ ഇടത് കാല്‍മുട്ടിന് പരുക്കേറ്റത്. അതിനു പിന്നാലെ ജനുവരി ആദ്യം താരത്തെ വീണ്ടും ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. അതേ കാല്‍മുട്ടില്‍ തിങ്കളാഴ്ച ശസ്ത്രക്രിയ വേണ്ടിവന്നതോടെ കുടീഞ്ഞോയ്ക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ കുറച്ചധികം നാള് കാത്തിരിക്കേണ്ടി വരും.
ലാലിഗയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി നഷ്ട്ടമാകുന്നതിനൊപ്പം കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ കൂടി കുടീഞ്ഞോയ്ക്ക് നഷ്ടമാകുമെന്ന് ഡോ. റോഡ്രിഗോ ലാസ്മര്‍ വ്യക്തമാക്കി. കൊളംബിയയിലും അര്‍ജന്റീനയിലുമായി ജൂണ്‍ 13 മുതല്‍ ജൂലൈ 10 വരെയാണ് കോപ്പ അമേരിക്ക നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍ഷിപ്പ് കൊവിഡ് 19 മഹാമാരി മൂലം ഈ വര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. കൂടീഞ്ഞോ അംഗമായ ബ്രസീലാണ് നിലവിലെ ചാമ്പ്യന്മാര്. കാനറികള്‍ 2019ല്‍ കപ്പുയര്‍ത്തുമ്പോള്‍ എല്ലാ മത്സരത്തിലും കുടീഞ്ഞോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നു. ബ്രസീലിന്റെ പ്രമുഖ കളിക്കാരില്‍ ഒരാളാണ് അദ്ദേഹം. കളി മേനയുന്നതിനൊപ്പം നിര്‍ണായക പാസുകള്‍ നല്‍കാനും അത്യാവശ്യ ഘട്ടങ്ങളില്‍ ഗോളുകള്‍ നേടാനും താരത്തിന് പ്രത്യേക കഴിവുണ്ട്. പ്രത്യേകിച്ചും കളിയില്‍ പെനല്‍റ്റി ബോക്സിനു വെളിയില്‍ നിന്ന് ഗോളുകള്‍ നേടുവാന്‍ താരത്തിന് നല്ല മിടുക്കാണ്.
ബാഴ്സിലോണയില്‍ വന്നതിന് ശേഷം താരം ഇടക്ക് നിറം മങ്ങിയെങ്കിലും, കഴിഞ്ഞ സീസണില്‍ ബയേണില്‍ ഒരു വര്‍ഷം വായ്പാ കളിച്ച താരം ഉഗ്രന്‍ ഫോമിലായിരുന്നു. ജര്‍മന്‍ ക്ലബ്ബിന്റെ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിലും താരം പങ്ക് വഹിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ സീസണില്‍ ബയേണ്‍ ബാഴ്സയെ തകര്‍ത്തെറിഞ്ഞ മത്സരത്തില്‍ കൂടീഞ്ഞോയും ഗോള്‍ നേടിയിരുന്നു. വായ്പാ കരാര്‍ അവസാനിച്ച ശേഷം ഈ സീസണില്‍ ബാഴ്സയില്‍ തിരിച്ചെത്തിയ കുടീഞ്ഞോ തന്റെ പഴയ ഫോമില്‍ തന്നെ ആയിരുന്നു. മടങ്ങിവരവിലെ 14 മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടി നില്‍ക്കുമ്പോഴാണ് വില്ലനായി പരുക്ക് എത്തിയത്.
ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയോടു തോറ്റു പുറത്തായ ബാഴ്സക്ക് സ്പാനിഷ് ലീഗ് കിരീടം നേടുക എന്നത് അഭിമാന പ്രശ്നമാണ്. ലാലിഗയില്‍ കിരീടത്തിനു വേണ്ടി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ലീഗില്‍ ബാക്കിയുള്ള ഒമ്പത് മത്സരങ്ങള്‍ ടീമിന് നിര്‍ണായകമാണ്. ഇതില്‍ രണ്ടു മത്സരം മൂന്നാം സ്ഥാനത്തുള്ള റയലുമായിട്ടുള്ള എല്‍ ക്ലാസിക്കോയും മറ്റൊന്ന് നിലവിലെ ഒന്നാം സ്ഥാനക്കാരായ അത്ലറ്റികോ മാഡ്രിഡുമായാണ്. ഈ രണ്ട് മത്സരങ്ങളും ജയിച്ചാല്‍ കിരീടം ബാഴ്സക്ക് തന്നെയാവും എന്ന് ഉറപ്പിക്കാം. നിലവില്‍ അത്ലറ്റികോയ്ക്ക് പിന്നില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്സ. അത്ലറ്റികോയ്ക്ക് 66 പോയിന്റും ബാഴ്സക്ക് 65 പോയിന്റുമാണുള്ളത്. 23 ഗോളുകളുമായി ലയണല്‍ മെസിയാണ് ലീഗിലെ ടോപ് സ്കോറര്‍. ലൂയിസ് സുവാരസ് (19 ഗോളുകള്‍) ആണ് രണ്ടാം സ്ഥാനത്ത്.
Published by:
Jayesh Krishnan
First published:
April 7, 2021, 11:32 PM IST