• HOME
 • »
 • NEWS
 • »
 • sports
 • »
 • CRICKET IS JUST CRAZY IN INDIA DALE STEYN RECALLS EXPERIENCE OF PLAYING CRICKET IN INDIA

ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റെന്നാല്‍ ഭ്രാന്താണ്; ഹോളിവുഡ്, ബോളിവുഡ് താരങ്ങളെപ്പോലെ ആരാധിക്കുന്നു: ഡെയ്ല്‍ സ്റ്റെയ്ന്‍

'പരിശീലനത്തിനായി പോകുമ്പോള്‍ അവിടേയും 10000 പേര്‍ കാണുന്നുണ്ടാവും. എന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം അവിടെയല്ലാതെ മറ്റൊരിടത്തും ഉണ്ടായിട്ടില്ല'- സ്റ്റെയ്ന്‍ പറഞ്ഞു.

News18

News18

 • Share this:
  ദക്ഷിണഫ്രിക്കന്‍ പേസ് ബൗളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്റെ വിരമിക്കല്‍ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശ സമ്മാനിക്കുന്ന ഒന്നായിരുന്നു. ഇന്ത്യയിലും വലിയ ആരാധക പിന്തുണയായിരുന്നു താരത്തിനുണ്ടായിരുന്നത്. മാരകമായ പേസില്‍ പന്തിനെ ഇഷ്ടാനുസരണം ഇരുവശത്തേക്കും ചലിപ്പിച്ച് ബാറ്റ്സ്മാന്റെ ക്ഷമയും സമചിത്തതയും ചങ്കുറപ്പും പരീക്ഷിക്കുന്ന ഡെലിവറികളുടെ ഉടമയായതു കൊണ്ട് തന്നെയാണ് സ്വന്തം നാട്ടുകാരായ അലന്‍ഡൊണാള്‍ഡും ഷോണ്‍ പൊള്ളോക്കും അടങ്ങുന്ന വന്‍നിരയെ മറികടന്ന് അവരെക്കാള്‍ മുകളില്‍ സ്റ്റെയ്ന്‍ പ്രതിഷ്ഠിക്കപ്പെടുന്നത്.

  ഇപ്പോഴിതാ 38ആം വയസ്സിലെ തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യയില്‍ കളിച്ച അനുഭവത്തെ കുറിച്ചും പറയുകയാണ് സ്റ്റെയ്ന്‍. 'ഇന്ത്യയിലായിരിക്കുമ്പോള്‍ റോക്ക് സ്റ്റാറിനെ പോലെയാണ് നമുക്ക് നമ്മളെ തോന്നുക. ഹോളിവുഡ്, ബോളിവുഡ് താരങ്ങളെ പോലെയാണ് അവിടെയുള്ളവര്‍ നോക്കി കാണുക. ക്രിക്കറ്റ് എന്നാല്‍ ഇന്ത്യയില്‍ ഭ്രാന്താണ്. വിമാനത്താവളത്തിലേക്ക് പോയാല്‍ ബോംബാക്രമണം പോലെയാണ്. പരിശീലനത്തിനായി പോകുമ്പോള്‍ അവിടേയും 10000 പേര്‍ കാണുന്നുണ്ടാവും. എന്റെ ജീവിതത്തില്‍ അങ്ങനെയൊരു അനുഭവം അവിടെയല്ലാതെ മറ്റൊരിടത്തും ഉണ്ടായിട്ടില്ല'- സ്റ്റെയ്ന്‍ പറഞ്ഞു.

  എല്ലാ ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും 5 വിക്കറ്റുകള്‍ കുറിച്ച് ഒരേയൊരു ബൗളര്‍ എന്ന അവിശ്വസനീയമായ നേട്ടം സ്റ്റെയ്ന്‍ ഉണ്ടാക്കിയ ഇംപാക്ടിന്റെ തെളിവാണ്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ രാജ്യാന്തര അരങ്ങേറ്റംകുറിച്ച സ്റ്റെയ്ന്‍ 17 വര്‍ഷം നീണ്ട കരിയറില്‍ 93 ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 47 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞു. ടെസ്റ്റില്‍ 439 വിക്കറ്റും ഏകദിനത്തില്‍ 196 വിക്കറ്റും ടി20യില്‍ 64 വിക്കറ്റും നേടിയിട്ടുണ്ട്. തുടര്‍ച്ചയായി പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്നാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2019ല്‍ സ്റ്റെയ്ന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 വിക്കറ്റ് തികച്ച റെക്കോര്‍ഡ് സ്റ്റെയിന്റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരവും സ്റ്റെയ്ന്‍ തന്നെയാണ്.

  പരിക്കുകള്‍ നിരന്തരം അലട്ടിയിരുന്നില്ലെങ്കില്‍ 100 ടെസ്റ്റുകളും 500 വിക്കറ്റുകളും എന്ന വമ്പന്‍ നേട്ടം അനായാസം കൈവരിക്കുമായിരുന്ന സ്റ്റെയ്ന് അവസാന കാലത്ത് ബൗളിങ്ങ് ആക്ഷന്‍ മാറ്റം വരുത്തേണ്ടി വന്നത് സ്പീഡിന്റെയും സ്വിങ്ങിന്റെയും താളം തെറ്റിച്ചു. മണിക്കൂറില്‍ 150 കിലോമീറ്ററിന്‍ മുകളില്‍ സ്ഥിരതയോടെ പന്തെറിയുന്ന താരമാണ് സ്റ്റെയ്ന്‍. 2008 മുതല്‍ 2014 വരെ തുടര്‍ച്ചയായി 263 ആഴ്ചകള്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സ്റ്റെയ്‌ന് കഴിഞ്ഞിട്ടുണ്ട്. ഇടതടവില്ലാതെ ഇത്രമാത്രം കൃത്യതയോടെ ഔട്ട് സ്വിങ്ങറും ഇന്‍സ്വിങ്ങറും റിവേഴ്സ് സ്വിങ്ങും അപാരമായ സീം പൊസിഷനും റിസ്റ്റും ഉപയോഗിച്ച് പന്തെറിയുന്ന സ്റ്റെയ്ന് വെറുതെയല്ല 400 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ വെറും 16334 പന്തുകള്‍ മാത്രം വേണ്ടി വന്നത്.

  അന്താരാഷ്ട്ര ക്രിക്കറ്റിന് പുറമേ ഇംഗ്ലണ്ട്, ഇന്ത്യ, ആസ്ട്രേലിയ, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ലീഗുകളിലും സ്റ്റെയ്ന്‍ മിന്നും താരമായിരുന്നു. ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ താരമായിരുന്ന സ്റ്റെയ്ന്‍ ഇക്കുറി ലീഗില്‍ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2021ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണ് അവസാനമായി കളിച്ച ടൂര്‍ണമെന്റ്.
  Published by:Sarath Mohanan
  First published:
  )}