• HOME
  • »
  • NEWS
  • »
  • sports
  • »
  • റൊണാൾഡോ യുവന്റസിൽ തന്നെ തുടരും, ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല - മാസിമിലിയാനോ അലെഗ്രി

റൊണാൾഡോ യുവന്റസിൽ തന്നെ തുടരും, ക്ലബ് വിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല - മാസിമിലിയാനോ അലെഗ്രി

താൻ യുവന്റസ് വിടുകയാണെന്ന വാർത്ത റൊണാൾഡോ തന്നെ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അലെഗ്രിയുടെയും സ്ഥിരീകരണം വന്നത്.

  • Share this:
    ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച്‌ യുവന്റസിന്റെ പരിശീലകനായ മാസിമിലിയാനോ അലെഗ്രി. റൊണാള്‍ഡോ ക്ലബ് വിടുമെന്ന തരത്തിലുള്ള വാർത്തകൾ താൻ ഇടയ്ക്കിടെ കേൾക്കാറുണ്ടെന്നും എന്നാൽ അതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും അതൊന്നും ശെരിയല്ലെന്നും അലെഗ്രി വ്യക്തമാക്കി.

    റൊണാൾഡോ യുവന്റസ് വിട്ട് തന്റെ പഴയ തട്ടകമായ റയൽ മാഡ്രിഡിലേക്ക് പോകുന്നു എന്ന തരത്തിൽ ഉയർന്ന വാർത്തകൾക്ക് മറുപടിയായാണ് അലെഗ്രി തന്റെ ടീമിലെ സൂപ്പർ താരം എവിടെയും പോകുന്നില്ല എന്ന് വ്യക്തമാക്കിയത്. റൊണാള്‍ഡോ ഈ സീസണില്‍ യുവന്റസില്‍ തന്നെ തുടരും എന്ന് പറഞ്ഞ അലെഗ്രി, ക്ലബ് വിട്ടുപോവണമെന്ന കാര്യം ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നും അലെഗ്രി പറഞ്ഞു.

    സീരി എയിലെ പുതിയ സീസണിലെ ആദ്യ മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് അലെഗ്രിയും സംഘവും. പുതിയ സീസണിലെ ആദ്യ മത്സത്തിന് ഇറങ്ങുന്നതിന് മുൻപ് റൊണാൾഡോയുടെ ഫോമും താരത്തിന്റെ ഒരുക്കങ്ങളെയും കുറിച്ചും അലെഗ്രി വ്യക്തമാക്കി."നാളത്തെ മത്സരത്തിനായി ഒരുങ്ങുകയാണ് താരം, വളരെ മികച്ച രീതിയിൽ തന്നെ പരിശീലനം നടത്തുന്നുണ്ട്. എല്ലാ പരിശീലന സെഷനുകളിലും താരം ടീമിനൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ താരം ടീം വിടാൻ ഉദ്ദേശിക്കുന്നില്ല എന്നത് ഇതിൽ നിന്നും വ്യക്തമാണ്." - അലെഗ്രി പറഞ്ഞു.

    കഴിഞ്ഞ സീസണിൽ 29 ഗോളുകളോടെ ലീഗിലെ ടോപ് സ്‌കോറർ പട്ടം സ്വന്തമാക്കിയ റൊണാൾഡോ പുതിയ സീസണ് മുന്നോടിയായുള്ള യുവന്റസിന്റെ അവസാന സന്നാഹ മത്സരത്തിൽ കളിച്ചിരുന്നില്ല. ഇതേ തുടർന്നാണ് താരം ക്ലബ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോവുകയാണെന്ന വാർത്തകൾക്ക് ശക്തി പ്രാപിച്ചത്. ഇതേ തുടർന്ന് ഈ വാർത്തകൾ എല്ലാം തന്നെ നിഷേധിച്ച് റൊണാൾഡോ തന്നെ രംഗത്ത് എത്തിയതിന് പിന്നാലെയാണ് 36-കാരനായ അലെഗ്രിയും റൊണാൾഡോ ക്ലബ് വിടില്ല എന്നുള്ള വാർത്ത സ്ഥിരീകരിക്കുന്നത്.

    താൻ ക്ലബ് വിടുന്നു എന്ന തരത്തിൽ ഉയർന്ന വാർത്തകൾക്കെതിരെ ഗൗരവത്തോടെയാണ് താരം പ്രതികരിച്ചത്. യുവന്റസ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോകുന്നു എന്ന വാർത്ത നിഷേധിച്ചുകൊണ്ട് റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രതികരണമറിയിച്ചത്. റയലിൽ തന്റെ കഥ എഴുതിക്കഴിഞ്ഞെന്നും ഇനി ഒരു മടക്കം ഉണ്ടാവില്ലെന്നും പറഞ്ഞ താരം, ഇത്തരം വാർത്തകൾ പുറത്തുവിടുന്നവർ സത്യാവസ്ഥ എന്താണ് എന്നത് പോലും അന്വേഷിക്കാൻ മെനക്കെടുന്നില്ല എന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

    2018ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറിയ താരം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സീരി എ ലീഗ് കിരീടങ്ങളും ഒരു ഇറ്റാലിയൻ കപ്പും നേടിയെങ്കിലും യുവന്റസ് ഏറെക്കാലമായി കൊതിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് അവർക്ക് ഇതുവരെ നേടിക്കൊടുക്കാൻ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടില്ല.

    കഴിഞ്ഞ സീസണിൽ പിർലോയുടെ കീഴിൽ അണിനിരന്ന യുവന്റസിന് അവർ ഒമ്പത് വർഷമായി തുടരെ നേടിക്കൊണ്ടിരുന്ന ലീഗ് കിരീടം ഇന്റർ മിലാന് മുന്നിൽ അടിയറവ് വെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനത്തിൽ ഒതുങ്ങിയ യുവന്റസ് നാലാം സ്ഥാനക്കാരായാണ് സീസൺ അവസാനിപ്പിച്ചത്.i
    Published by:Naveen
    First published: