നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ; ഓൾഡ് ട്രാഫോഡിന്റെ പ്രിയ പുത്രൻ 12 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്നു

    ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ; ഓൾഡ് ട്രാഫോഡിന്റെ പ്രിയ പുത്രൻ 12 വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്നു

    തങ്ങളുടെ പ്രിയ താരത്തെ വീട്ടിലേക്ക് സ്വാഗതം എന്ന ട്വീറ്റോട് കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരവേറ്റത്

    • Share this:
      ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറിനെ ചൊല്ലി ഉയർന്ന അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം. ഇറ്റാലിയൻ ക്ലബായ യുവന്റസ് വിട്ട റൊണാൾഡോയെ അപ്രതീക്ഷിത നീക്കത്തിലൂടെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. അവസാന നിമിഷത്തിലെ ട്വിസ്റ്റിലൂടെ ഫുട്‍ബോളിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ റൊണാൾഡോയെ സ്വന്തമാക്കിയ യുണൈറ്റഡ് താരത്തിന് തന്റെ പഴയ തട്ടകത്തിലേക്ക് ഒരു തിരിച്ചുവരവ് കൂടിയാണ് ഒരുക്കിയത്.

      12 വര്‍ഷത്തിനുശേഷമാണ് റൊണാള്‍ഡോ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിലേക്ക് തിരിച്ചെത്തുന്നത്. തങ്ങളുടെ പ്രിയ താരത്തെ വീട്ടിലേക്ക് സ്വാഗതം എന്ന ട്വീറ്റോട് കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വരവേറ്റത്. 36കാരനായ റൊണാള്‍ഡോയുമായി കരാറിൽ എത്തി എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ഒന്നും യുണൈറ്റഡ് പുറത്തുവിട്ടിട്ടില്ല. അത്ഭുത ബാലനായി ഓൾഡ് ട്രാഫോഡിലേക്ക് ആദ്യമായി കാലെടുത്ത് വെച്ച താരം വീണ്ടും അതേ മൈതാനത്തേക്ക് എത്തുന്നത് ലോക ഫുട്‍ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണ്. റൊണാൾഡോയെ സ്വീകരിക്കാൻ ഓൾഡ് ട്രാഫോഡ് ഒരുങ്ങി നിൽക്കുകയാണ്.


      സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സലോണ വിട്ട് പി എസ് ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് റൊണാൾഡോയുടെ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവ്. ഏതായാലൂം ഈ സീസണിലെ ട്രാൻസ്ഫർ ജാലകം ആരാധകർക്ക് ഗംഭീര അനുഭവം തന്നെയാണ് നൽകിയിരിക്കുന്നത്.

      റൊണാൾഡോ യുവന്റസ് വിടുകയാണെന്ന് ഉറപ്പായത് മുതൽ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുന്നു എന്ന വാർത്തയാണ് പരന്നിരുന്നത്. റൊണാൾഡോയുടെ ഏജന്റ് യോർഗെ മെൻഡിസ് സിറ്റി അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ റൊണാൾഡോ ഫ്രീ ഏജന്റ് അല്ലാത്തതിനാൽ അത്രയും വലിയ തുക നൽകി താരത്തെ ടീമിലെടുക്കാൻ സിറ്റിക്ക് താത്പര്യമില്ലായിരുന്നു. ഇതേ തുടർന്ന് സിറ്റി അവരുടെ ശ്രമം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് നിമിഷങ്ങൾക്കുള്ളിലാണ് യുണൈറ്റഡ് താരത്തിന് വേണ്ടി വലയെറിഞ്ഞത്.

      പ്രീമിയർ ലീഗിൽ യുണൈറ്റഡിനായി 2003ൽ അരങ്ങേറുമ്പോൾ താരത്തിന് 18 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആറ് സീസണുകൾ യുണൈറ്റഡ് ജേഴ്‌സിയിൽ തന്നെ കളിച്ച താരം 292 മത്സരങ്ങളില്‍ നിന്നും 118 ഗോളുകള്‍ നേടി. ഇക്കാലയളവിൽ യുണൈറ്റഡിനൊപ്പം മൂന്നു പ്രിമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യൻസ് ലീഗ് കിരീടവും രണ്ട് ലീഗ് കപ്പുകളും ഒരു എഫ്എ കപ്പും താരം നേടിയിരുന്നു. സാർ അലക്സ് ഫെർഗൂസന്റെ പ്രിയ ശിഷ്യനായിരുന്നു റൊണാൾഡോ. അദ്ദേഹത്തിന്റെ കീഴിൽ യുണൈറ്റഡ് യൂറോപ്പ് വെട്ടിപിടിക്കുന്ന സമയത്ത് യുണൈറ്റഡിലെ സൂപ്പർ താരങ്ങളിൽ ഒരാളായി വളരുകയായിരുന്നു താരം. ഫെർഗൂസൻ പരിശീലകനായിരുന്ന സമയത്ത് ഫിഫ ക്ലബ് ലോകകപ്പും കമ്യൂണിറ്റി ഷീൽഡും റൊണാൾഡോ യുണൈറ്റഡിനൊപ്പം നേടിയിട്ടുണ്ട്. 2009ൽ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോയ താരം മൂന്ന് വർഷം മുൻപാണ് യുവന്റസിനൊപ്പം ചേർന്നത്.

      യുവന്റസിലെ തന്റെ സഹതാരങ്ങളോട് യാത്ര പറഞ്ഞതിന് ശേഷം ഇന്നലെ തന്നെ താരം ടൂറിനിൽ നിന്നും മടങ്ങിയിരുന്നു. യുണൈറ്റഡുമായി കരാർ ഒപ്പിടുന്നതിന് മുൻപ് താരത്തിന്റെ മെഡിക്കൽ പരിശോധന ലിസ്ബണിൽ നടത്തും. ഇതിന് ശേഷമായിരിക്കും ഔദ്യോഗികമായി കരാർ ഒപ്പിടുന്നത്.
      Published by:Naveen
      First published: