അപ്രതീക്ഷിത നീക്കത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ഒപ്പിട്ട മുൻ യുവന്റസ് താരമായ റൊണാൾഡോ പ്രീമിയർ ലീഗിലേക്കുള്ള രണ്ടാം വരവിലും തന്റെ പ്രതിഫലക്കൊയ്ത്ത് തുടരുന്നു. മികച്ച ട്രാൻസ്ഫറുകൾ കണ്ട ഈ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകം അടയ്ക്കാനൊരുങ്ങുമ്പോൾ, കൂടുവിട്ട് കൂടുമാറിയ സൂപ്പർ താരങ്ങൾ എല്ലാവരും തന്നെ മികച്ച നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇതിൽ ഏറ്റവും വലിയ ചർച്ചയാകുന്നത് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ട്രാൻസ്ഫറുകളാണ്. ബാഴ്‌സയിലെ നീണ്ട കരിയർ അവസാനിപ്പിച്ച് മെസ്സി പി എസ് ജിയിലേക്ക് ചേക്കേറിയെങ്കിൽ, 12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുപോക്കിനാണ് റൊണാൾഡോ ഒരുങ്ങുന്നത്.
അവസാന നിമിഷത്തിലെ ചർച്ചകളിലൂടെ റൊണാൾഡോയെ സ്വന്തമാക്കിയ യുണൈറ്റഡ്, അവരുടെ പ്രിയ താരത്തിന് മികച്ച പ്രതിഫലം തന്നെയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 36 വയസ്സുകാരനായ താരം യുണൈറ്റഡിലേക്ക് മാറിയതോടെ തനിക്ക് നേരത്തെ ലഭിച്ചിരുന്ന പ്രതിഫലം കുറച്ചിട്ടുണ്ടെങ്കിലും യുണൈറ്റഡിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും ഉയർന്ന തുകയാണ് താരത്തിന് ലഭിക്കുക.
നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതിവാരം 375,000 പൗണ്ട് (ഏകദേശം 3.79 കോടി രൂപ) പ്രതിഫലം വാങ്ങുന്ന സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയാണ് ഇക്കാര്യത്തിൽ മുന്നിൽ. യുണൈറ്റഡുമായി കരാർ ഒപ്പിടുന്നതോടെ ഡി ഗിയയെ റൊണാൾഡോ പിന്നിലേക്കും. 480, 000 പൗണ്ട് (ഏകദേശം 4.85 കോടി രൂപ) പ്രതിഫലമാകും യുണൈറ്റഡ് റൊണാൾഡോയ്ക്ക് നൽകുക എന്നാണ് റിപ്പോർട്ട്. യുണൈറ്റഡ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല എങ്കിലും ടീമിലെ ഉയർന്ന പ്രതിഫലം തന്നെയാകും റൊണാൾഡോയ്ക്ക് ലഭിക്കുക.
അതേസമയം, യുണൈറ്റഡിൽ കൂടുതൽ പ്രതിഫലം റൊണാൾഡോയ്ക്ക് ആണെങ്കിലും യൂറോപ്യൻ ക്ലബ് ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ റൊണാൾഡോ ആറാം സ്ഥാനത്താണ്. റൊണാൾഡോയുടെ സമകാലികനായ അർജന്റൈൻ താരം ലയണൽ മെസ്സിയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
അടുത്തിടെ ബാഴ്‌സലോണയിൽ നിന്നും ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ എത്തിയ മെസ്സിക്ക് ഫ്രഞ്ച് ക്ലബ്, പ്രതിവാരം 960,000 പൗണ്ടാണ് (ഏകദേശം 9.71 കോടി രൂപ) നൽകുന്നത്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് പിഎസ്ജിയിൽ മെസ്സിയുടെ സഹതാരമായ ബ്രസീലിയൻ താരം നെയ്മറാണ്. പ്രതിവാരം 606,000 പൗണ്ടാണ് (ഏകദേശം 6.13 കോടി രൂപ) ബ്രസീലിയൻ താരത്തിന് പിഎസ്ജിയിൽ ലഭിക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് താരമായ ലൂയിസ് സുവാരസ് (575,000 പൗണ്ട്), ബാഴ്‌സ താരം ആന്റോയിൻ ഗ്രീസ്മാൻ (575,000 പൗണ്ട്), റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോട്സ്പറിൽ വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന ഗാരെത് ബെയ്ൽ (500,000 പൗണ്ട്) എന്നിവരാണ് ക്ലബ് ഫുട്‍ബോളിൽ റൊണാള്ഡോയെക്കാളും പ്രതിഫലം വാങ്ങുന്നത്.
ലിസ്ബണിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയതിന് ശേഷമാകും റൊണാൾഡോ യൂണൈറ്റഡുമായി ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം ഓൾഡ് ട്രാഫോഡിലേക്ക് വരുന്ന റൊണാൾഡോയെ വരവേൽക്കാൻ യുണൈറ്റഡ് ഒരുങ്ങി നിൽക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.