എവര്‍ട്ടണിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ശേഷം മടങ്ങവെ ആരാധകന്റെ ഫോണ്‍ തട്ടി താഴെയിട്ട സംഭവത്തില്‍ ക്ഷമാപണം നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സംഭവത്തിനുപിന്നാലെ റൊണാള്‍ഡോയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.
എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരെ എവര്ട്ടന് ജയം പിടിച്ചത്. തോറ്റതിന് പിന്നാലെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ റൊണാള്‍ഡോ തട്ടി താഴെയിട്ടത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഇതോടെയാണ് റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാമിലൂടെ ഖേദം പ്രകടിപ്പിച്ചത്. തോല്‍വിയുടെ നിരാശയില്‍ ആ സമയത്ത് ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എങ്കിലും എല്ലാവര്ക്കും മാതൃകയാവേണ്ട താന്‍ ഇത്തരത്തില്‍ പൊരുമാറരുതായിരുന്നുവെന്നും റൊണാള്‍ഡോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. പൊട്ടിത്തെറിക്കേണ്ടി വന്നതില്‍ ആരാധകനോട് മാപ്പു പറയുന്നുവെന്നും സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെയും മാന്യമായ കളിയുടെയും പ്രതീകമായി ആ ആരാധകനെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം കാണാന്‍ ക്ഷണിക്കുന്നുവെന്നും റൊണാള്‍ഡോ വ്യക്തമാക്കി.
എന്നാലും സംഭവം അന്വേഷിക്കാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. 'ഉച്ചയ്ക്ക് 2:30 ന് കളിക്കാര്‍ പിച്ച് വിടുമ്പോള്‍ ഒരു ആണ്‍കുട്ടിയെ എവേ ടീമിലൊരാള്‍ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്. അന്വേഷണങ്ങള്‍ നടക്കുകയാണ്. എവര്ട്ടണ് ഫുട്ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ വിപുലമായ സാക്ഷി വിസ്താരങ്ങള്‍ നടത്തുകയും ചെയ്യുന്നു'- മേഴ്സിസൈഡ് പോലീസ് പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.