• HOME
  • »
  • NEWS
  • »
  • sports
  • »
  • റൊണാൾഡോ പി എസ് ജിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ എത്തിയത് അതിലും മികച്ച താരമായ മെസ്സി - ഡി മരിയ

റൊണാൾഡോ പി എസ് ജിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിച്ചു, എന്നാൽ എത്തിയത് അതിലും മികച്ച താരമായ മെസ്സി - ഡി മരിയ

പി എസ് ജിയുമായി രണ്ട് വർഷത്തെ കരാറിലാണ് മെസ്സി ഒപ്പ് വെച്ചിരിക്കുന്നത്. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും പി എസ് ജിയിൽ മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.

Credits: Twitter| Paris Saint-Germain

Credits: Twitter| Paris Saint-Germain

  • Share this:
    സമ്മർ ട്രാൻസ്‌ഫർ വിപണിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പിഎസ്‌ജിയിലേക്ക് ചേക്കേറാനുണ്ടായിരുന്ന സാധ്യതകളെപ്പറ്റിയും നിലവിൽ ഇറ്റാലിയൻ ലീഗിൽ യുവന്റസിന് വേണ്ടി കളിക്കുന്ന താരം അടുത്ത സീസണിൽ ഫ്രീ ട്രാൻസ്‌ഫറിൽ ഫ്രാൻസിൽ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി പി എസ് ജിയുടെ അർജന്റീന താരമായ എയ്ഞ്ചൽ ഡി മരിയ. പിഎസ്‌ജിയിലേക്ക് ചേക്കേറാൻ റൊണാൾഡോ തീർച്ചയായും ആഗ്രഹിച്ചിട്ടുണ്ടാകുമെന്നും എന്നാൽ താരത്തിന് പകരം എത്തിയത് അതിലും മികച്ച താരമായ മെസ്സിയാണ് പി എസ് ജിക്കൊപ്പം ചേർന്നത് എന്നാണ് ഡി മരിയ അഭിപ്രായപ്പെട്ടത്.

    "പിഎസ്‌ജിയിൽ എത്താൻ കഴിയാത്തതിൽ റൊണാൾഡോയ്ക്ക് വളരെയധികം നിരാശയുണ്ടാകാം. കാരണം പിഎസ്‌ജി താരബാഹുല്യം കൊണ്ട് മാത്രം മികച്ചു നിൽക്കുന്ന ടീം എന്നതിലുപരി ഇവിടെ കളിക്കുന്ന എല്ലാ താരങ്ങളും ലോകത്തിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഉള്ളവരാണ്. ഇത്തരത്തിൽ താരങ്ങളുടെ സംഗമം ക്ലബുകളിൽ എല്ലായ്പ്പോഴും സംഭവിക്കുന്ന കാര്യമല്ല. മികച്ച താരങ്ങൾക്ക് അവരുടെ ഒപ്പം കളിക്കാൻ മികച്ച കളിക്കാർ ഉണ്ടായിരിക്കണം എന്ന താത്പര്യം എപ്പോഴും ഉണ്ടാകും. റൊണാൾഡോ ഇവിടേക്ക് വരുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ പി എസ് ജി ടീമിലേക്കെത്തിച്ചത് മെസ്സിയെയാണ്. ഭാഗ്യവശാൽ റൊണാൾഡോയെക്കാൾ മികച്ച താരമാണ് മെസ്സി." അർജന്റീന മാധ്യമമായ ടൈക് സ്പോർട്സിനോട് ഡി മരിയ പറഞ്ഞു.

    "എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സിക്കൊപ്പം കളിക്കുകയെന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അർജന്റീന ടീമിൽ മെസ്സിയോടൊപ്പം കളിച്ചു ശീലമുണ്ട് എന്നതിന് പുറമെ കളത്തിന് അകത്തും പുറത്തും ഞങ്ങൾ തമ്മിൽ വലിയ ബന്ധമാണുള്ളത്. അതിനാൽ തന്നെ പരസ്പരം എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിയാറുണ്ട്. ഈ പരസ്പരധാരണ ഇവിടെയും തുടരാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ." - ഡി മരിയ കൂട്ടിച്ചേർത്തു.

    അതേസമയം മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്വേറോയുടെ കാര്യത്തിൽ ഡി മരിയ സഹതാപം പ്രകടിപ്പിച്ചു. "അഗ്യൂറോ കടുത്ത പ്രയാസത്തിലാകും, ഫുട്‍ബോൾ എന്നാൽ ഇങ്ങനെയാണ് നമുക്കതിൽ ഒന്നും ചെയ്യാൻ കഴിയില്ല. അഗ്വേറോയ്ക്ക് സംഭവിച്ചത് തികച്ചും നിർഭാഗ്യകരം എന്ന് മാത്രമേ പറയാൻ കഴിയുള്ളൂ. മെസ്സി ക്ലബ് വിട്ടതിനു പുറമെ പരുക്ക് പറ്റി ആഴ്ചകളോളം കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്നത് അതിനേക്കാൾ ദുഖകരമാണ്," ഡി മരിയ പറഞ്ഞു.

    ബാഴ്‌സ വിട്ട് പിഎസ്‌ജിയിൽ എത്തിയ മെസ്സി ഇവിടെ സന്തോഷവാനായി തുടരുമെന്ന അഭിപ്രായവും ഡി മരിയ പ്രകടിപ്പിച്ചു. താരത്തെ കാണുന്നതിനു വേണ്ടി മാത്രം എല്ലാ സമയത്തും നിരവധി ആരാധകർ ഉണ്ടാകുമെന്നു പറഞ്ഞ ഡി മരിയ, താൻ ഒപ്പം കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും മികച്ചത് മെസ്സിയാണെന്നും വ്യക്തമാക്കി.

    നേരത്തെ ബാഴ്‌സയുമായി വാക്കാൽ കരാറിൽ എത്തിയിരുന്ന മെസ്സിക്ക് ലാലിഗയുടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളെ തുടർന്ന് ബാഴ്‌സയുമായി ഔദ്യോഗികമായി കരാറിലെത്താൻ കഴിയാതെ വന്നതോടെയാണ് ഫ്രഞ്ച് ക്ലബായ പി എസ് ജി താരത്തെ സ്വന്തമാക്കിയത്. പി എസ് ജിയുമായി രണ്ട് വർഷത്തെ കരാറിലാണ് മെസ്സി ഒപ്പ് വെച്ചിരിക്കുന്നത്. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും പി എസ് ജിയിൽ മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്. പി എസ് ജിയിൽ മെസ്സി 30ാ൦ നമ്പർ ജേഴ്‌സി ധരിച്ചാകും കളിക്കുക.
    Published by:Naveen
    First published: