പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) ഉടമസ്ഥതയിലുള്ള ആഡംബര കാർ റോഡപകടത്തിൽ തകർന്നു. ഏകദേശം 16 കോടി രൂപ വിലമതിക്കുന്ന ബുഗാട്ടി വെയ്റോൺ (Bugatti Veyron) എന്ന സ്പോർട്സ് കാറാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച സ്പെയിനിലെ (Spain) മയോർക്കയിൽ (Majorca) വെച്ചായിരുന്നു അപകടം.
അപകടം നടക്കുന്ന സമയത്ത് റൊണാൾഡോ കാറിലുണ്ടായിരുന്നില്ല. താരത്തിന്റെ അംഗരക്ഷകരിൽ ഒരാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമിതവേഗത്തിലെത്തിയ കാർ വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം വിട്ടതാണെന്നാണ് സൂചന. നിയന്ത്രണം വിട്ട കാർ സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും പറ്റിയില്ലെങ്കിലും മതിലിലേക്ക് ഇടിച്ചുകയറിയ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അപകടത്തിൽ പെട്ട കാർ അംഗരക്ഷകൻ താരത്തിന്റെ മറ്റ് ജീവനക്കാരെ അപകടത്തിന്റെ കാര്യങ്ങൾ നോക്കാൻ ഏൽപ്പിച്ച് തന്റെ യാത്ര തുടർന്നതായി ദി മിറർ റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് റൊണാൾഡോ ആയിരുന്നില്ല കാർ ഓടിച്ചിരുന്നതെന്ന് സ്പാനിഷ് പൊലീസ് സ്ഥിരീകരിച്ചു.
'കാർ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൂടാതെ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.' - അപകടത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു.
'അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ആരാണെന്നുള്ളത് പൊലീസിന്റെ രേഖകളിൽ ഉണ്ടെന്നും ഇനി വിഷയത്തിൽ കൂടുതൽ എന്തെങ്കിലും അന്വേഷണം ഉണ്ടെങ്കിൽ അത് കോടതിക്കും മറ്റ് ഓഫീസർമാർക്കും പരിശോധിക്കാ൦.' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, റൊണാൾഡോ തന്റെ പങ്കാളി ജോർജിന റോഡ്രിഗസിനോടും അഞ്ച് മക്കൾക്കുമൊപ്പം മയോർക്കയിലെ ഒരു ആഡംബര വില്ലയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സ്പെയിനിൽ എത്തിയ താരം പോർച്ചുഗലിൽ നിന്നും കാർ മയോർക്കയിലേക്ക് എത്തിച്ചതായിരുന്നു. അപകടത്തിൽ പെട്ട ബുഗാട്ടി വെയ്റോണിനൊപ്പം മെഴ്സിഡീസ് ബെൻസ് ജി-ക്ലാസ് കൂടി താരം അയച്ചിരുന്നു.
റൊണാൾഡോയുടെ പ്രശസ്തമായ ആഡംബര കാർ ശേഖരത്തിൽ പെട്ടവയാണ് ഈ കാറുകൾ. ഇവയോടൊപ്പം ലംബോർഗിനി അവന്ത്ഡോർ, ബുഗാട്ടി സെന്റോഡീസി, റോൾസ് റോയ്സ് കള്ളിനൻ എന്നിവയും താരത്തിന്റെ പക്കലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.