നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • അമ്പയറോട് കയര്‍ത്ത് സ്റ്റമ്പ് പിഴുതെറിഞ്ഞ സംഭവം; മാപ്പ് പറഞ്ഞിട്ടും ഷക്കീബിനെതിരെ വിമര്‍ശനം ശക്തം

    അമ്പയറോട് കയര്‍ത്ത് സ്റ്റമ്പ് പിഴുതെറിഞ്ഞ സംഭവം; മാപ്പ് പറഞ്ഞിട്ടും ഷക്കീബിനെതിരെ വിമര്‍ശനം ശക്തം

    നേരത്തെ വാതുവെയ്പ്പുകാര്‍ സമീപിച്ച വാര്‍ത്ത ഐ സി സിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ഷക്കീബിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് കഴിഞ്ഞ് അടുത്തിടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

    • Share this:
      ബംഗ്ലാദേശിലെ പ്രാദേശിക ടി20 ടൂര്‍ണമെന്റായ ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസ്സന്‍ അമ്പയറോട് കയര്‍ത്ത് സ്റ്റമ്പ് പിഴുതെറിഞ്ഞ സംഭവം വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ധാക്ക ട്വന്റി 20 ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ രണ്ടു തവണയാണ് ഷക്കീബിന്റെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായത്.

      ആദ്യം ബാറ്റ് ചെയ്ത ഷക്കീബ് അല്‍ ഹസ്സന്റെ മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബ്ബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുത്തിരുന്നു. അബഹാനി ലിമിറ്റഡിന്റെ മറുപടി ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെയാണ് ആദ്യ സംഭവം നടന്നത്. ദേശീയ ടീം താരം മുഷ്ഫിഖുര്‍ റഹീമിനെതിരെ ബോള്‍ ചെയ്ത ശേഷം എല്‍ ബി ഡബ്ല്യുവിനായി ഷക്കീബ് അപ്പീല്‍ ചെയ്തിട്ടും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. നിയന്ത്രണം വിട്ട ഷക്കീബ് വിക്കറ്റില്‍ ചവിട്ടിയാണ് ദേഷ്യം പ്രകടിപ്പിച്ചത്. കൂടാതെ അംപയറുമായി തര്‍ക്കിക്കുകയും ചെയ്തു, പിന്നാലെ മഴയെ തുടര്‍ന്ന് കളി നിര്‍ത്തിവെക്കുന്നെന്ന് അമ്പയര്‍ അറിയിച്ചതോടെ ഓടിയെത്തിയ ഷക്കീബ് വിക്കറ്റ് വലിച്ചൂരി നിലത്ത് അടിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുടെയും വീഡിയോ വളരെപെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

      മത്സരം പുനരാരംഭിച്ചപ്പോള്‍ ലൂയിസ് നിയമപ്രകാരം അബഹാനി ലിമിറ്റഡിന് ഒമ്പത് ഓവറില്‍ 76 റണ്‍സായി വിജയലക്ഷ്യം പുനര്‍നിശ്ചയിക്കപ്പെട്ടു. പക്ഷേ അവര്‍ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അങ്ങനെ ഷക്കീബിന്റെ ടീം 31 റണ്‍സിന് മത്സരം ജയിക്കുകയും ചെയ്തു. മത്സരശേഷം താരം ഫെയ്‌സ്ബുക്കിലൂടെ മാപ്പ് ചോദിച്ചിരുന്നു. മത്സരത്തിനിടെ നിയന്ത്രണം വിട്ടതിനും മത്സരം തടസപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നെന്നും ഒരു സീനിയര്‍ താരത്തില്‍ നിന്നുണ്ടാവേണ്ട പെരുമാറ്റമല്ല ഇതെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഷക്കീബ് കുറിച്ചിട്ടു. നേരത്തെ വാതുവെയ്പ്പുകാര്‍ സമീപിച്ച വാര്‍ത്ത ഐ സി സിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് ഷക്കീബിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് കഴിഞ്ഞ് അടുത്തിടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.

      മാപ്പ് പറഞ്ഞെങ്കിലും താരത്തിനെതിരെ വിമര്‍ശനം ശക്തമാണ്. ഓസ്ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശിന്റെ യുവതാരങ്ങള്‍ ഷക്കീബിന്റെ ഇത്തരം പ്രവൃത്തികള്‍ പിന്തുടരരുതെന്ന് സ്തലേക്കര്‍ പറഞ്ഞു. 'ആദ്യം ക്രിക്കറ്റില്‍ നിന്ന് വിലക്ക് ലഭിച്ചു. ഇപ്പോള്‍ മോശം പെരുമാറ്റവും. ഇത്തരത്തിലുള്ള താരങ്ങളെ ക്രിക്കറ്റിന് ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ട്' എന്നായിരുന്നു ലിസ സ്തലേക്കര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
      Published by:Sarath Mohanan
      First published:
      )}