• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

മിശിഹാ ഉയിർത്തില്ല; അർജന്‍റീനിയൻ ദുരന്തം


Updated: June 22, 2018, 2:03 AM IST
മിശിഹാ ഉയിർത്തില്ല; അർജന്‍റീനിയൻ ദുരന്തം

Updated: June 22, 2018, 2:03 AM IST
മോസ്ക്കോ: മെസി രക്ഷകനായില്ല. ക്രൊയേഷ്യയ്ക്കെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങി അർജന്‍റീന ലോകകപ്പിൽ ദുരന്തമുഖത്ത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യയോട് അർജന്‍റീന തരിപ്പണമായത്. റെബിച്ച്, ലുക്കാ മോഡ്രിച്ച്, റാക്കിട്ടിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകൾ നേടിയത്. ഗോൾരഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്നു ഗോളും പിറന്നത്.


അർജന്‍റീന മരണമുഖത്ത്

ഇതോടെ റഷ്യ ലോകകപ്പിൽ അർജന്‍റീന മരണമുഖത്ത് എത്തിയെന്ന് പറയാം. ഗ്രൂപ്പ് ഡിയിൽ രണ്ടു വിജയങ്ങൾ സ്വന്തമാക്കിയ ക്രൊയേഷ്യ ഒന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തു. ഐസ് ലൻഡ് ഇനിയുള്ള രണ്ടു മൽസരങ്ങളും തോൽക്കുകയും അർജന്‍റീന അടുത്ത മൽസരത്തിൽ നൈജീരിയയെ തോൽപ്പിക്കുകയും ചെയ്തെങ്കിൽ മാത്രമെ പ്രീ ക്വാർട്ടർ സാധ്യതയുള്ളു.

എല്ലാം സാംബോളിയുടെ പിഴവ്

ടീം ഘടന അഴിച്ചു പണിത് അർജന്‍റീനൻ പരിശീലകൻ സാംബോളി തോൽവി ഇരന്നു വാങ്ങുകയായിരുന്നുവെന്ന് പറയാം. പരിചയസമ്പന്നരായ ഡി മരിയയെയും ബിഗ്ലിയയെും റോജൊയെയും പുറത്തിരുത്താനുള്ള തീരുമാനം കനത്ത തിരിച്ചടിയായി മാറി. പരിചയസമ്പന്നരുടെ അഭാവം പ്രതിരോധത്തിലുണ്ടാക്കിയ പിഴ വലുതായിരുന്നു. മൂന്നു ഡിഫൻഡറുമാരുമായി കളിച്ച അർജന്‍റീനയ്ക്കെതിരെ ആദ്യ പകുതിയിൽ ക്രൊയേഷ്യ പലപ്പോഴും ഗോൾമുഖത്ത് എത്തിയിരുന്നു. നിർഭാഗ്യം കൊണ്ടു മാത്രമാണ് ഗോൾ നേടാനാകാതെ പോയത്. മൂന്നു മാറ്റങ്ങളാണ് അർജന്‍റീനയ്ക്കായി സാംബോളി വരുത്തിയത്. എയഞ്ചൽ ഡി മരിയ, മാർക്കസ് റോജോ, ബിഗ്ലിയ എന്നിവർക്ക് പകരം ഗബ്രിയേല്‍ മെര്‍ക്കാഡോ, എന്‍സോ പെരസ്, മാര്‍കോസ് അക്യൂന എന്നിവരെയാണ് സംബോളി അണിനിരത്തിയത്. ഇവരുടെ പരിചയക്കുറവ് കളിയിൽ ഉടനീളം ദൃശ്യമായിരുന്നു.

വഴിത്തിരിവ്തുടക്കം മുതൽ കൂടുതൽ മൈനസ് പാസുകൾ നൽകിയാണ് അർജന്‍റീന കളിച്ചത്. അത്തരമൊരു മൈനസ് പാസ് തന്നെയാണ് ഇന്ന് അർജന്‍റീനയുടെ കഥ കഴിച്ചതും. അനാവശ്യമായി പ്രതിരോധക്കാർ നൽകിയ മൈനസ് പാസ് അർജന്‍റീനൻ ഗോളി കാബല്ലെറോയുടെ ആനമണ്ടത്തരത്തിലൂടെ എത്തിയത് ആന്‍റെ റെബിച്ചിന്‍റെ കാലുകളിലാണ് എത്തിയത്. ഒരു നിമിഷം പോലും പാഴാക്കാതെ തകർപ്പനൊരു വോളിയിലൂടെ റെബിച്ച് ലക്ഷ്യം കണ്ടു. ഈ ഗോൾ വീണതോടെ അർജന്‍റീന തകർന്നടിഞ്ഞു. മറുവശത്ത് പുതിയ ഊർജം ലഭിച്ച ക്രൊയേഷ്യ ആഞ്ഞടിക്കുക കൂടി ചെയ്തതോടെ അർജന്‍റീന ഒന്നിനുപുറകെ ഒന്നായി ഗോളുകൾ വഴങ്ങി.

കിക്കോഫ് മുതൽ ആവേശവും പരുക്കൻ കളിയും

കിക്കോഫ് മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്തത് മൽസരത്തെ ആവേശകരമാക്കി. പരുക്കൻ അടവുകൾ പ്രയോഗച്ചതോടെ റഫറിക്ക് പലതവണ മുന്നറിയിപ്പ് നൽകേണ്ടിവന്നു. ചില നല്ല അവസരങ്ങൾ അർജന്‍റീനയ്ക്കും ക്രൊയേഷ്യയ്ക്കും ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. അർജന്‍റീന പ്രതിരോധത്തിൽ ഒരാളെ ഒഴിവാക്കിയത് പലപ്പോഴും ക്രൊയേഷ്യൻ താരങ്ങൾ മുതലെടുത്തു.

ലക്ഷ്യബോധമില്ലാതെ അർജന്‍റീന; ഒത്തൊരുമയോടെ മോഡ്രിച്ചും സംഘവും

ക്രൊയേഷ്യൻ സൂപ്പർ താരങ്ങളായ ലുക്ക മോഡ്രിച്ചും മാൻസൂക്കിച്ചും റാക്ടിച്ചും ഒത്തിണക്കത്തോടെ കളിച്ചപ്പോൾ മറുവശത്ത് ആക്രമണത്തിന് ചുക്കാൻ പിടിച്ച മെസിയും അഗ്യൂറോയും മെസയും തമ്മിൽ പരസ്പരധാരണയില്ലാതിരുന്നത് അർജന്‍റീനയ്ക്ക് തിരിച്ചടിയായി. കൃത്യമായ പാസുകളിലൂടെ മോഡ്രിച്ചും മാൻസൂക്കിചും റാക്കിടിച്ചും ഇടയ്ക്കിടെ അർജന്‍റീനയെ വിറപ്പിച്ചു. ഇവർക്ക് മുന്നിൽ അർജന്‍റീന ചിന്നഭിന്നമായി. എന്നാൽ ലഭിച്ച അവസരങ്ങൾ പരസ്പര ധാരണയില്ലായ്മ മൂലം മെസിക്കും കൂട്ടർക്കും മുതലെടുക്കാനായില്ല. രണ്ടാം പകുതിയിൽ ഭാവിതാരം ഡിബാലയെ ഇറക്കിനോക്കിയെങ്കിലും രക്ഷയില്ലായിരുന്നു.

മോഡ്രിച്ചിന്‍റെയും റാക്കിടിച്ചിന്‍റെയും തകർപ്പൻ ഗോളുകൾറെബിച്ചിന്‍റെ ഗോളിൽ ആടിയുലഞ്ഞ അർജന്‍റീനയ്ക്ക് മേൽ ഇടിത്തീ പോലെയാണ് മോഡ്രിച്ചിന്‍റെ ഗോൾ വന്നത്. 80-ാം മിനിട്ടിൽ തകർപ്പനൊരു ലോങ് റേഞ്ചറിലൂടെയാണ് ക്രൊയേഷ്യൻ നായകനും റയൽ മാഡ്രിഡ് താരവുമായ മോഡ്രിച്ച് ലക്ഷ്യം കണ്ടത്. വെടിയുണ്ട കണക്കെയുള്ള ഷോട്ടിന് മുന്നിൽ അർജന്‍റീനൻ ഗോളി വെറും കാഴ്ചക്കാരനായിരുന്നു. എന്നാൽ കളി അതുകൊണ്ടും അവസാനിച്ചില്ല. ഇഞ്ചുറി ടൈമിലെ ഒന്നാന്തരം ഗോളിലൂടെ ബാഴ്സയിൽ മെസിയുടെ കൂട്ടുകാരനായ ഇവാൻ റാക്കിടിച്ച് അർജന്‍റീനയുടെ മേൽ അവസാന ആണിയുമടിച്ചു.

മൽസരത്തിലെ സുപ്രധാന നിമിഷങ്ങൾ
4' ക്രൊയേഷ്യയ്ക്ക് സുവർണാവസരം. പക്ഷേ പെരിസിച്ചിന്‍റെ ഷോട്ട് അർജന്‍റീനൻ ഗോളി കാബെല്ലറോ തട്ടിയകറ്റി

33' അർജന്‍റീന ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം മുതലാക്കാൻ മാൻസുക്കിച്ചിന് സാധിച്ചില്ല. ഹെഡർ ലക്ഷ്യം പിഴച്ച് പുറത്തേക്ക്

39' സാൽവിയോയെ വീഴ്ത്തിയതിന് ക്രൊയേഷൻ താരം ആന്‍റെ റെബിച്ചിന് മഞ്ഞ കാർഡ്

53' ആന്‍റെ റെബിച്ചിലൂടെ ക്രൊയേഷ്യയ്ക്ക് ആദ്യ ലീഡ്

58' മാൻസൂക്കിച്ചിന് മഞ്ഞ കാർഡ്

67' സിമെ വ്രാസാലികോയ്ക്ക് മഞ്ഞ കാർഡ്

80' ലുക്കാ മോഡ്രിച്ചിന്‍റെ ഗോൾ, ക്രൊയേഷ്യ 2-0ന് മുന്നിൽ

85' നിക്കോളസ് ഓട്ടമെൻഡിക്ക് മഞ്ഞ കാർഡ്

87' മാർക്കോസ് അക്യൂനയ്ക്ക് മഞ്ഞ കാർഡ്

90+1' ഇവാൻ റാക്കിടിച്ചിലൂടെ ക്രൊയേഷ്യ പട്ടിക തികച്ചു(3-0)

90+3' മാഴ്സെലോ ബ്രൊസോവിച്ചിന് മഞ്ഞ കാർഡ്
First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍