• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്രൊയേഷ്യയ്ക്ക് വെറുംകളിയല്ല;ഗ്രൗണ്ടിലിറങ്ങുന്നത് രാജ്യത്തിന്റെ ഭാരവും പേറി


Updated: July 12, 2018, 4:42 PM IST
ക്രൊയേഷ്യയ്ക്ക് വെറുംകളിയല്ല;ഗ്രൗണ്ടിലിറങ്ങുന്നത് രാജ്യത്തിന്റെ ഭാരവും പേറി

Updated: July 12, 2018, 4:42 PM IST
ഫൈനലില്‍ ഫ്രാന്‍സിനെ നേരിടാനിരിക്കുന്ന ക്രൊയേഷ്യക്ക് ഈ മത്സരം വെറും ഒരു ലോകകപ്പ് ഫൈനല്‍ പോരാട്ടം മാത്രമല്ല. 1991നു ശേഷം രാജ്യം നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള മറുപടി കൂടിയാണ്. ഒരു കാലത്ത് യുറോപ്പിലെ മികച്ച കായിക രാജ്യമായിരുന്ന ക്രൊയേഷ്യ വലിയ ഒരു ഇടവേളക്ക് ശേഷം ഈ ലോകകപ്പിലാണ് ശ്രദ്ധ നേടുന്നത്.

അഴിമതിയില്‍ തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തിന് ആ ദുഷ്പേരില്‍ നിന്ന് കരകയറ്റാനുള്ള പിടിവള്ളികൂടിയാണ് ലോകകപ്പ് വിജയം. ഇരുപത് വര്‍ഷം മുന്‍പ് യൂഗോസ്ളോവിയയില്‍ നിന്ന് വേര്‍പെട്ട ക്രൊയോഷ്യക്ക് അഭിമാനിക്കാന്‍ ഇന്ന് ഫുട്ബോള്‍ മാത്രമാണുള്ളത്.

സാമ്പത്തിക രംഗം അടിമുടി തളര്‍ന്ന ക്രൊയേഷ്യയില്‍ നിന്ന് നിരവധിപേരാണ് യൂറോപ്പിലെ മറ്റ് സമ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പിടിയിലായപ്പോഴെല്ലാം ക്രൊയേഷ്യക്ക് ആശ്വാസമായത് ഫുട്ബോള്‍ മാത്രമായിരുന്നു. 98ലെ ലോകകപ്പിലെ മൂന്നാം സ്ഥാനത്തെ കിരീടനേട്ടം പോലെ കൊണ്ടാടിയതും ഡെവന്‍ സുക്കറും വോനിമിര്‍ ബോബനും ഹീറോകളായതും അങ്ങനെയാണ്.

പിന്നീട് സാമ്പത്തിക രാഷ്ട്രീയ രംഗങ്ങള്‍ പോലെ ഫുട്ബോളും പിന്നിലായി 2010ല്‍ ലോകകപ്പ് യോഗ്യത പോലും നേടിയില്ല. 2014-ല്‍ ഒന്നാം റൗണ്ട് മറികടക്കാന്‍ പോലും ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല. രാജ്യത്തെ നാണക്കേടിലാക്കിയ അഴിമതി പിന്നീട് ഫുട്ബോളിലേക്കും പടര്‍ന്നു. അത് ക്രൊയേഷ്യന്‍ ജനതയ്ക്ക് രാഷ്ട്രീയമായും സാമൂഹികമായും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്.

അഴിമതിക്കേസില്‍പ്പെട്ട ക്രൊയേഷ്യന്‍ ഫുട്ബോള്‍ വൈസ് പ്രസിഡന്റ് ഡ്രാവ്കോ മാമിച്ച് ഇപ്പോഴും ജയിലിലാണ്. കോടികളുടെ വെട്ടിപ്പിന്റെ പേരില്‍ ഇതേ കേസില്‍ കള്ള സാക്ഷി പറഞ്ഞതിന് ലോകകപ്പ് ടീം അംഗങ്ങളായ ലൂക്കാ മോഡ്രിച്ചും ദേയാന്‍ ലൊവ്റാനും വിചാരണ നേരിടുകയാണ്. കള്ളസാക്ഷി പറഞ്ഞത് കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ ലോകകപ്പിന് ശേഷം മോഡ്രിച്ചും പോകുന്നത് ജയിയിലേക്കാകും.

ഫുട്ബോളും ടൂറിസവും തിരിച്ചെത്തിയാല്‍ മാത്രമേ ഇനി ക്രൊയേഷ്യക്ക് രക്ഷയുള്ളു. ഇങ്ങനെ രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ ഭാരം പേറി റഷ്യയിലെത്തിയ ക്രൊയേഷ്യയുടെ ജീവനും ഭാവിയും ഇപ്പോള്‍ ലോകകപ്പിലാണ്.

 
First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍