Euro cup | യൂറോയില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ലോക ചാമ്പ്യന്മാര് ഇന്നിറങ്ങുന്നു, ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ സ്പെയ്നിനെയും നേരിടും
Euro cup | യൂറോയില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ലോക ചാമ്പ്യന്മാര് ഇന്നിറങ്ങുന്നു, ആദ്യ മത്സരത്തില്‍ ക്രൊയേഷ്യ സ്പെയ്നിനെയും നേരിടും
രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്പെയ്ന്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും.
യൂറോ കപ്പില്‍ ഇന്ന് രണ്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളാണ് നടക്കുന്നത്. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സ്പെയ്ന്‍ ക്രൊയേഷ്യയെ നേരിടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. മത്സരങ്ങള്‍ തത്സമയം സോണി ചാനലുകളില്‍ കാണാന്‍ കഴിയും. ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാര്‍ ആയ ക്രൊയേഷ്യയും ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാര്‍ ആയ സ്പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം തീ പാറുമെന്ന് നിസംശയം പറയാം.
പോരാട്ടവീര്യം കൈമുതലാക്കിയ ക്രൊയേഷ്യന്‍ നിരയും പന്ത് കൈവശം വച്ച് കളി സ്വന്തമാക്കുന്ന സ്പെയിനും മത്സരിക്കുമ്പോള്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് അതൊരു വിരുന്നാകും. പന്ത് കൈവശം വച്ച് ഗോളടിക്കാന്‍ മറക്കുന്ന പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാല്‍ സ്പെയിന് ക്രൊയേഷ്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. ഗ്രൂപ്പ് എഫ് ജേതാക്കളായ ഫ്രാന്‍സിന് ഗ്രൂപ്പ് എയിലെ മൂന്നാം സ്ഥാനക്കാരായ സ്വിറ്റ്സര്‍ലന്‍ഡ് ആണ് എതിരാളികള്‍. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനാണ് എല്ലാവരും ഈ ടൂര്‍ണമെന്റിലെ കിരീടം നേടാന്‍ കൂടുതല്‍ സാധ്യത കല്പിക്കപെടുന്നത്. പക്ഷെ ഫ്രഞ്ച് ടീം ഇതുവരെയും അവരുടെ യഥാര്‍ത്ഥ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ആ മികവ് പുറത്തെടുക്കാനായാല്‍ സ്വിസ് ടീമിനെ മറികടക്കുക അവര്‍ക്ക് പ്രയാസമുള്ള കാര്യമാവില്ല.
കോപന്‍ഹേഗനിലെ പാര്‍ക്കന്‍ സ്റ്റേഡിയത്തില്‍ ആണ് സ്പെയ്ന്‍ ക്രൊയേഷ്യ മത്സരം നടക്കുന്നത്. ടൂര്‍ണമെന്റ് അത്ര നല്ല രീതിയില്‍ തുടങ്ങാന്‍ കഴിയാതിരുന്ന രണ്ടു ടീമുകളാണ് സ്പെയിനും ക്രൊയേഷ്യയും. എന്നാല്‍ അവസാന മത്സരത്തില്‍ രണ്ടു ടീമുകളും അവരുടെ ഫോം കണ്ടെത്തുകയായിരുന്നു. സ്കോട്ലന്ഡിനെ അവസാന മത്സരത്തില്‍ തോല്‍പ്പിച്ചാണ് ഡാലിച്ചിന്റെ ടീം പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ക്യാപ്റ്റന്‍ മോഡ്രിച്ചിന്റെ പ്രകടനമാണ് സ്കോട്ലന്ഡിനെതിരെ ക്രൊയേഷ്യക്ക് കരുത്തതായത്. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ അവരുടെ സീനിയര്‍ താരം ഇവാന് പെരിസിച്ച് ഇന്ന് സ്പെയ്നിനെതിരെ കളിക്കാനുണ്ടാകില്ല. ഈ മത്സരത്തില്‍ വിജയിക്കാനായാലും ക്രൊയേഷ്യയുടെ ഇനിയുള്ള മത്സരങ്ങളിലൊന്നും താരത്തിനു കളിക്കാന്‍ സാധിച്ചേക്കില്ല. അതേസമയം ഗോളടിക്കുന്നില്ലെന്ന പരാതി പരിഹരിച്ചുകൊണ്ട് അവസാന മത്സരത്തില്‍ സ്ലോവാക്യയെ ഗോളില്‍ മുക്കി കൊണ്ടാണ് സ്പെയ്ന്‍ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പെയ്ന്റെ വിജയം.
ഇന്ന് റൊമാനിയയില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫില്‍ നിന്ന് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് ഘട്ടം കടന്ന ഫ്രാന്‍സിനെ മറികടക്കുക സ്വിറ്റ്സര്‍ലന്‍ഡിന് അത്ര എളുപ്പമാകില്ല. ജര്‍മനിയെ തോല്പിച്ചു കൊണ്ട് ടൂര്‍ണമെന്റ് ആരംഭിച്ച ഫ്രാന്‍സിന് അതിനു ശേഷം ആ മികവ് പുലര്ത്തതാനായില്ല. ബെന്‍സീമ ഗോള്‍ കണ്ടെത്താന്‍ തുടങ്ങിയത് ഫ്രാന്‍സിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ താരങ്ങളുടെ പരിക്കും ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. അവസാന മത്സരത്തില്‍ തുര്‍ക്കിയെ തോല്പിച്ചത് സ്വിറ്റ്സര്‍ലന്‍ഡിന്റെയും ആത്മാവിശ്വസം വര്‍ധിപ്പിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.