• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടറിൽ

News18 Malayalam
Updated: July 2, 2018, 2:43 AM IST
ഷൂട്ടൗട്ടിൽ ഡെൻമാർക്കിനെ മറികടന്ന് ക്രൊയേഷ്യ ക്വാർട്ടറിൽ
News18 Malayalam
Updated: July 2, 2018, 2:43 AM IST
നിഷ്നി: ആദ്യ മൂന്നു മിനിട്ടിൽ രണ്ടു ഗോളുകൾ പിറന്ന മൽസരത്തിൽ വിധിയെഴുതാൻ ഷൂട്ടൗട്ട് വേണ്ടിവന്നു. ഗോൾകീപ്പർമാരുടെ ഇഞ്ചോടിഞ്ചുള്ള പോരാട്ടം കണ്ട ലോകകപ്പിലെ നാലാം പ്രീ ക്വാർട്ടറിൽ ഡെൻമാർക്കിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് തോൽപ്പിച്ച് ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മൽസരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ക്വാർട്ടറിൽ ആതിഥേയരായ റഷ്യയാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

ഗോൾകീപ്പർമാർ ഏറ്റുമുട്ടിയ ഷൂട്ടൗട്ട്...

പത്തിൽ അഞ്ച് കിക്കുകളും ഗോളിമാർ തടഞ്ഞതാണ് ഷൂട്ടൗട്ടിനെ ആവേശകരമാക്കിയത്. ഡെൻമാർക്കിന്‍റെ ആദ്യ കിക്കെടുത്ത എറിക്സണിന്‍റെ ഷോട്ടും ക്രൊയേഷ്യയുടെ ആദ്യ കിക്കെടുത്ത ബാദേലിന്‍റെ ഷോട്ടും ഗോൾകീപ്പർമാർ രക്ഷപെടുത്തിയതോടെ സ്റ്റേഡിയം നിശബ്ദമായി. കീറിന്‍റെ കിക്ക് ലക്ഷ്യത്തിലെത്തിയതോടെ ഡെൻമാർക്ക് മുന്നിലെത്തി(1-0). ക്രമാരിച്ചിന്‍റെ ഷോട്ടും വലയിലെത്തിയതോടെ ക്രൊയേഷ്യ ഒപ്പമെത്തി(1-1)

ഡെഹ്ലിയും മോഡ്രിച്ചും ലക്ഷ്യം കണ്ടതോടെ ഷൂട്ടൗട്ട് ആവേശകരമായി(2-2). ഡെൻമാർക്കിന്‍റെയും ക്രൊയേഷ്യയുടെയും നാലാം കിക്കുകൾ ഗോളി തടഞ്ഞു. ഷോണിനും പിവാറിച്ചിനുമാണ് ഗോളിമാർ വിലങ്ങുതടിയായത്. അഞ്ചാം കിക്കെടുത്ത യോഗേർസണ് ലക്ഷ്യം തെറ്റിയതോടെ ഡെൻമാർക്ക് തോൽവിയെ മുഖാമുഖം കണ്ടു. നിർണായകമായ അഞ്ചാം കിക്കെടുത്ത ബാഴ്സലോണ സൂപ്പർതാരം ഇവാൻ റാക്കിട്ടിച്ച് പന്ത് വലയിലെത്തിച്ചതോടെ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലേക്ക് കുതിച്ചു.

പരസ്പരം ഞെട്ടിച്ച തുടക്കം

ഏറ്റവും മനോഹരമായ തുടക്കം കിട്ടിയ മൽസരത്തിൽ ഡെൻമാർക്കിനും ക്രൊയേഷ്യയ്ക്കും പക്ഷേ വീണ്ടുമൊന്ന് വലചലിപ്പിക്കാൻ ഷൂട്ടൌട്ട് വേണ്ടിവന്നു. കളിയുടെ ആദ്യ മിനിട്ടിൽ യോഗർസനിലൂടെ ഡെൻമാർക്ക് ക്രൊയേഷ്യയെ ഞെട്ടിച്ചു. എന്നാൽ അവരുടെ ആരവങ്ങൾക്ക് വെറും മൂന്നു മിനിട്ടിന്‍റെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. മാൻസൂക്കിച്ചിന്‍റെ തകർപ്പൻ ഷോട്ടിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി(1-1-). ആദ്യ പകുതിയിൽ രണ്ട് സുവർണാവസരങ്ങൾ ഇരു ടീമുകളും പാഴാക്കി. മൂർച്ചയില്ലാത്ത ആക്രമണങ്ങൾ രണ്ടാം പകുതിയെ വിരസമാക്കി. ചില അവസരങ്ങൾ ഇരു ടീമിനും ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. മൽസരം അധികസമയത്തേക്ക് കടന്നു.

നിശ്ചിത സമയത്തിന്‍റെ ആവർത്തനം പോലെ അധികസമയത്തിന്‍റെ ആദ്യപകുതി കടന്നുപോയി. എന്നാൽ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ക്രൊയേഷ്യൻ ക്യാപ്റ്റൻ ലുക്ക മോഡ്രിച്ച് പരാജയപ്പെടുത്തിയത് ആരാധകരെ ഞെട്ടിച്ചു. മോഡ്രിച്ചിന്‍റെ ഷോട്ട് ഡെൻമാർക്ക് ഗോൾകീപ്പർ കെസ്പർ മിഷേൽ തടുക്കുകയായിരുന്നു. ആന്‍റെ റെബിച്ചിനെ ബോക്സിനുള്ളിൽ യോഗേർസൺ ഫൌൾ ചെയ്തതിനാണ് പെനാൽറ്റി വിധിച്ചത്. സമനില കൈവിടാതെ അധികസമയം പൂർത്തിയായതോടെ കൂടുതൽ നെഞ്ചിടിപ്പോടെ ഇരു ടീമുകളും ഷൂട്ടൗലേക്ക് പോയത്. എന്നാൽ ഗോൾകീപ്പർമാരുടെ വീര്യം കണ്ട പോരാട്ടത്തിൽ ഷൂട്ടൗട്ട് 3-2ന് സ്വന്തമാക്കി ക്രൊയേഷ്യ ലോകകപ്പിൽ അവസാന എട്ടിലൊരു ടീമായി.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...