യൂറോ കപ്പില്‍ സ്പെയ്നിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് തൊട്ട് മുന്‍പ് ക്രൊയേഷ്യക്ക് വന്‍ തിരിച്ചടി. സ്റ്റാര്‍ വിങ്ങര്‍ ഇവാന് പെരിസിച്ചിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ തിങ്കളാഴ്ച്ച നടക്കുന്ന സ്പെയ്നിനെതിരായ മത്സരത്തില്‍ താരത്തിന് കളിക്കാന്‍ കഴിഞ്ഞേക്കില്ല. മറ്റു താരങ്ങള്‍ക്കും കോച്ചിങ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ക്രൊയേഷ്യന്‍ ടീം നല്കുന്ന വിവരം. ടീമില്‍ തിരിച്ചെത്താന്‍ പെരിസിച്ച് പത്ത് ദിവസത്തെ ഐസൊലേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഡെന്മാര്ക്കിന്റെ തലസ്ഥാനമായ കോപ്പന് ഹേഗനിലാണ് ക്രൊയേഷ്യ-സ്പെയിന് പോരാട്ടം നടക്കുന്നത്. താരത്തിന് കോവിഡ് സ്ഥിരീകരിച്ച വിവരം പത്രക്കുറിപ്പിലൂടെയാണ് ക്രൊയേഷ്യന്‍ ടീം അറിയിച്ചത്. 'പെരിസിച്ചിനെ മെഡിക്കല്‍ ടീം ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യമായ വിവരം അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. പെരിസിച്ച് പത്തുദിവസം സ്വയം ഐസൊലേഷനില്‍ കഴിയും. ക്രൊയേഷ്യയുടെ ഇനിയുള്ള മത്സരങ്ങളില്‍ പെരിസിച്ച് പങ്കെടുക്കില്ല. മറ്റുള്ള താരങ്ങളെല്ലാം കോവിഡ് നെഗറ്റീവ് ആണ്'- ക്രൊയേഷ്യന്‍ ടീം വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് പെരിസിച്ചിന്റെ അഭാവം വന്‍ തിരിച്ചടിയാകുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. വര്‍ഷങ്ങളായി ക്രൊയേഷന്‍ ടീമിലെ നിര്‍ണായ സാന്നിധ്യമാണ് ഇവാന് പെരിസിച്ച്. ക്രൊയേഷ്യന്‍ കുപ്പായത്തില്‍ 104 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 30 ഗോളുകളാണ് നേടിയിരിക്കുന്നത്. ഇത്തവണത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തില്‍ ക്രൊയേഷ്യക്ക് സമനില സമ്മാനിച്ചത് പെരിസിച്ചിന്റെ ഗോളായിരുന്നു. സ്കോട്ട്ലന്‍ഡിനെ 3-1ന് പരാജയപ്പെടുത്തിയപ്പോള്‍ ക്രൊയേഷ്യയുടെ താരമായതും പെരിസിച്ച് തന്നെയായിരുന്നു. പെരിസിച്ച് ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.
നിര്‍ണായക മത്സരത്തില്‍ ക്യാപ്റ്റന്‍ മോഡ്രിച്ചിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ചിറകിലേറിയാണ് ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. സ്കോട്ലന്ഡിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ജയം സ്വന്തമാക്കിയത്. കളിയില്‍ ഒരു തകര്‍പ്പന്‍ ഗോള്‍ നേടുകയും കൂടാതെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മോഡ്രിച്ച് തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. ഗ്രൂപ്പില്‍ കേവലം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും നില്‍ക്കെ ജയം ഇരു ടീമുകള്‍ക്കും അനിവാര്യമായിരുന്നു. വിജയിക്കുന്ന ടീമിന് പ്രീക്വാര്‍ട്ടര്‍ ഉറപ്പായിരുന്നു എന്നതിനാല്‍ മത്സരം തീര്‍ത്തും ആവേശകരമായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ പകുതിയില്‍ 17ആം മിനിറ്റില്‍ നിക്കോള വ്ലാസിച്ച് നേടിയ ഗോളില്‍ ക്രൊയേഷ്യയാണ് ലീഡ് എടുത്തത്. കളിയിലേക്ക് തിരികെ വരാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച സ്കോട്ലന്ഡ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി സമനില പിടിച്ചു. രണ്ടാം പകുതി 1-1 എന്ന സ്കോറിന് തുടങ്ങിയ രണ്ടു ടീമുകളും വിജയത്തിനായി പൊരുതി. എന്നാല്‍ 62ആം മിനിറ്റിലെ മോഡ്രിച്ചിന്റെ തകര്‍പ്പന്‍ ഷോട്ടിലൂടെ ക്രൊയേഷ്യ രണ്ടാം ഗോള്‍ നേടി. 77ആം മിനിറ്റില്‍ ലഭിച്ച ഒരു കോര്‍ണറില്‍ നിന്ന് പെരിസിച്ചാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോള്‍ നേടിയത്. മോഡ്രിച്ച് എടുത്ത കോര്‍ണറില്‍ നിന്നുമാണ് പെരിസിച്ച് തന്റെ ടീമിന്റെ മൂന്നാം ഗോള്‍ നേടിയത്. വിജയത്തോടെ മൂന്ന് പോയിന്റ് നേടിയ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ഡിയില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.