HOME » NEWS » Sports » CURRAN S 95 GOES IN VAIN AS INDIA BEAT ENGLAND BY 7 RUNS TO WIN SERIES 2 1 AA INT

Ind vs Eng Odi | സാം കറന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി

ടെസ്റ്റ് ടി20 പരമ്പരകള്‍ക്ക് പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത്.

News18 Malayalam | news18-malayalam
Updated: March 29, 2021, 6:22 AM IST
Ind vs Eng Odi | സാം കറന്റെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഇംഗ്ലണ്ടിനെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി
News18
  • Share this:
പൂനെ: മൂന്നാം ഏകദിനത്തില്‍ ആവേശം നിറഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ.ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 322 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിക്കാനുള്ള സാം കറന്റെ ശ്രമം പാഴായി. 83 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്‍ ആണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയത്. സാം കറന്റെ പ്രകടനം ഇന്ത്യക്ക് ചെറിയ വെല്ലുവിളിയോന്നുമല്ല ഉയര്‍ത്തിയത്. അവസാന ഓവറുകള്‍ ഇന്ത്യയെ സാം സമ്മര്‍ദത്തിലാക്കിയിരുന്നു.

ഈ വിജയത്തോടെ 2-1 ഇന്ത്യ പരമ്പര സ്വന്തമാക്കി. ടെസ്റ്റ് ടി20 പരമ്പരകള്‍ക്ക് പിന്നാലെയാണ് ഏകദിനത്തിലും ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നത്. സ്പിന്നര്‍മാരില്ലാതെയാണ് ഇന്ത്യ മൂന്നാം ഏകദിനത്തിന് ഇറങ്ങിയതെന്നും ഏറെ ശ്രദ്ധേയമായ ഒന്നാണ്. മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിന്റെ അടുത്ത് വരെ എത്തിച്ച സാം കറന്‍ ആണ് മാന്‍ ഫ് ദി മാച്ച്.

അവസാന ഓവര്‍ എറിഞ്ഞ ടി നടരാജന്‍ ആണ് ഇന്ത്യക്ക് ഏഴു റണ്‍സ് വിജയം നേടികൊടുത്തത്. 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 28 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. ഭൂവനേശ്വര്‍ കുമറായിരുന്നു ഓപ്പണര്‍മാരായ ജേസന്‍ റോയിയുടെയും ജോണി ബ്രയിസ്റ്റോയുടെയും വിക്കറ്റുകളെടുത്തത്. പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്‌സിനെ നടരാജന്‍ പുറത്താക്കി. 35 റണ്‍സായിരുന്നു സ്റ്റോക്‌സ് നേടിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍(15) ക്രീസില്‍ നിലയുറപ്പിക്കുന്നതിനു മുന്‍പ് തന്നെ ശാര്‍ദൂല്‍ പുറത്താക്കി.

അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മലാനും ലിയാം ലിവിങ്സ്റ്റണും ചേര്‍ന്ന് 60 റണ്‍സ് പാട്ണര്‍ഷിപ്പുണ്ടാക്കി. 36 റണ്‍സെടുത്തു നില്‍ക്കുന്ന ലിവിങ്സ്റ്റണെ ശാര്‍ദൂല്‍ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചു. ഡേവിഡ് മലാന്റെയും വിക്കറ്റെടുത്ത ശാര്‍ദൂല്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. ഏഴാം വിക്കറ്റില്‍ ചേര്‍ന്ന ആദില്‍ റഷീദ് സാം കറന്‍ 57 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 19 റണ്‍സെടുത്ത് ആദില്‍ റഷീദിനെ പുറത്താക്കി ശാര്‍ദുല്‍ വീണ്ടും ഇന്ത്യക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചു. നടരാജന്റെ അവസാന ഓവറില്‍ 14 റണ്‍സെടുത്ത മാര്‍ക്ക് വുഡിനെ റണ്‍ ഔട്ടാക്കി. ഇന്ത്യയ്ക്കായി ശാര്‍ദുല്‍ താക്കൂര്‍ നാലും ഭുവനേശ്വര്‍ കുമാര്‍ മൂന്നു വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയും ശിഖര്‍ ധവാനും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതലേ അടിച്ചു തകര്‍ത്താണ് സഖ്യം മുന്നേറിയത്. 14.4 ഓവറില്‍ 103 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തില്‍ നാല് ഫോറുകളടക്കം 37 റണ്‍സെടുത്ത രോഹിത്തിനെ പുറത്താക്കി ആദില്‍ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തില്‍ 10 ഫോറുകള്‍ സഹിതം 67 റണ്‍സെടുത്താണ് ധവാന്‍ മടങ്ങിയത്.

Also Read ധോണിയുടെ റെക്കോര്‍ഡിനൊപ്പം ഋഷഭ് പന്ത്; അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ചു

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് പക്ഷേ ഏഴു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. വൈകാതെ കെ.എല്‍ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് നിലയിലായി. ടോപ് ഗിയറില്‍ കുതിച്ച ഇന്ത്യന്‍ ടീമിന്റെ ഇന്നിങ്‌സിന് പൊടുന്നനെ ബ്രേക് നല്‍കി ഇംഗ്ലണ്ട് ടീം. കളിയുടെ കടിഞ്ഞാണ്‍ ഇംഗ്ലണ്ടിന്റെ കയ്യിലേക്ക് എന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടു വന്നത് അവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ആണ്. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഋഷഭ് പന്ത് - ഹാര്‍ദിക് പാണ്ഡ്യ സഖ്യം ഇന്ത്യയെ 250 കടത്തി. അഞ്ചാം വിക്കറ്റില്‍ 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 62 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 78 റണ്‍സെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Also Read നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് 330 റൺസ് വിജയലക്ഷ്യം; ധവാനും പന്തിനും ഹാർദിക്കിനും അർധ സെഞ്ചുറി

ഹാര്‍ദിക് 44 പന്തില്‍ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 64 റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായ ശേഷം ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് കുത്തനെ താഴ്ന്നു. പതിയെ പതിയെ താളം കണ്ടെത്തിയ ഇന്ത്യ പിന്നീട് ശാര്‍ദുല്‍ ഠാക്കുറിന്റെയും ക്രുനാല്‍ പാണ്ഡ്യയുടെയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ആണ് 329 എന്ന സ്‌കോറില്‍ എത്തിയത്. ഠാക്കൂര്‍ 21 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ക്രുനാല്‍ പാണ്ഡ്യ 25 റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ടു വിക്കറ്റെടുത്തു.
Published by: Aneesh Anirudhan
First published: March 28, 2021, 11:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories