HOME » NEWS » Sports » DAILY WAGE LABOURER SON TO REPRESENT INDIA IN WORLD SAILING CHAMPIONSHIP GH

ലോക സെയിലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പതിനാലുകാരന്‍, ദിവസ വേതനക്കാരന്റെ മകന്റെ വിജയകഥ

12 വയസ്സുള്ളപ്പോഴാണ് വിശ്വനാഥിനെ നേവി ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി തിരഞ്ഞെടുത്തത്. അവരാണ് വിശ്വനാഥിന് ഈ മേഖലയില്‍ ശരിയായ പരിശീലനം നല്‍കിയത്.

News18 Malayalam | news18-malayalam
Updated: July 8, 2021, 6:39 PM IST
ലോക സെയിലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പതിനാലുകാരന്‍, ദിവസ വേതനക്കാരന്റെ മകന്റെ വിജയകഥ
പാടിദാല വിശ്വനാഥ്
  • Share this:
ഒപ്റ്റിമിസ്റ്റ് വേള്‍ഡ് സെയിലിംഗ് ചാമ്പ്യന്‍ഷിപ്പ് 2021 ലെ ജൂനിയര്‍ ബോയ്‌സ് യാച്ചിംഗ് ടീമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 14കാരന്‍. കൂലിത്തൊഴിലാളിയുടെ മകന്‍ പാടിദാല വിശ്വനാഥ് ആണ് നേവി ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനിയുടെ (എന്‍ ബി എസ് സി) യുവ നാവികന്‍. ഹൈദരാബാദ് സ്വദേശിയായ വിശ്വനാഥ് മൂന്ന് സഹോദരന്മാരില്‍ ഇളയവനാണ്. മാതാപിതാക്കള്‍ രണ്ടുപേരും ദിവസ വേതന തൊഴിലാളികളാണ്.

20 വര്‍ഷം മുമ്പ് ഗ്രാമം വിടുമ്പോള്‍ പണം സമ്പാദിക്കുകയും കുട്ടികളെ പഠിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് ഇന്ത്യാ ടുഡേയോട് സംസാരിക്കുന്നതിനിടെ വിശ്വനാഥിന്റെ പിതാവ് സൈദുലു പറഞ്ഞു. മൂന്നുപേരില്‍ ഏറ്റവും കഠിനാധ്വാനിയാണ് വിശ്വനാഥ്. തെലങ്കാന റെസിഡന്‍ഷ്യല്‍ സോഷ്യല്‍ വെല്‍ഫെയര്‍ സ്‌കൂളിലാണ് വിശ്വനാഥ് പഠിക്കുന്നതെന്നും സൈദുലു പറഞ്ഞു. സ്‌കൂളില്‍ ഐ പി എസ് ആര്‍ എസ് പര്‍വിന്‍ കുമാര്‍ മകന്റെ കഴിവുകള്‍ തിരിച്ചറിയുകയും ശരിയായ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്‍കിയതായും പിതാവ് പറഞ്ഞു.

ഭാവിയില്‍ ഒരു പ്രൊഫഷണല്‍ നാവികനാകാനാണ് വിശ്വനാഥ് ആഗ്രഹിക്കുന്നതെന്ന് മഹാബൂബ്‌നഗറിലെ നിര്‍മ്മാണ തൊഴിലാളിയായ സൈദുലു വ്യക്തമാക്കി. 12 വയസ്സുള്ളപ്പോഴാണ് മകനെ നേവി ബോയ്‌സ് സ്‌പോര്‍ട്‌സ് കമ്പനി തിരഞ്ഞെടുത്തത്. അവരാണ് വിശ്വനാഥിന് ഈ മേഖലയില്‍ ശരിയായ പരിശീലനം നല്‍കിയത്. എന്‍ ബി എസ് സിയുടെ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യന്‍ നാവികസേനയും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും വിശ്വനാഥിനെപ്പോലുള്ള യുവ പ്രതിഭകളെ തുടര്‍ച്ചയായി പരിശീലിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ പരിശീലനം നല്‍കി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്‌സിലും മെഡലുകള്‍ നേടാന്‍ പ്രാപ്തരാക്കുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.

നേരത്തെ 2017ല്‍ സബ് ജൂനിയര്‍ തലത്തിലുള്ള ഒരു അന്താരാഷ്ട്ര മത്സരത്തില്‍ വിശ്വനാഥ് വെള്ളി മെഡല്‍ നേടിയിരുന്നു. അതിനുശേഷം വിശ്വനാഥ് ഒപ്റ്റിമിസ്റ്റിലെ നാഷണല്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. വിശ്വനാഥിനെപ്പോലുള്ള പ്രതിഭകളെ ശരിയായി പരിശീലിപ്പിച്ചാല്‍ ഒളിമ്പിക്‌സ് നേട്ടം വരെ കൈവരിച്ചേക്കാം. നിലവിലെ കണക്കനുസരിച്ച്, ഒളിമ്പിക്‌സില്‍ സെയിലിംഗിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്. ഒളിമ്പിക്‌സില്‍ ഒരു തവണ മാത്രമാണ് ഈ മത്സരത്തില്‍ ഇന്ത്യ മത്സരിച്ചിട്ടുള്ളത്. എന്നാല്‍ ഈ വര്‍ഷം, ആദ്യമായി ഇന്ത്യ മൂന്ന് സെയിലിംഗ് മത്സരങ്ങളില്‍ പങ്കെടുക്കും, നാല് ഇന്ത്യന്‍ നാവികര്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

നീന്തലിലും അടുത്തിടെ ഇന്ത്യക്ക് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമായിരുന്നു. നീന്തലില്‍ 21വയസ്സുകാരിയായ മാന പട്ടേലാണ് ടോക്യോയിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിലേക്ക് നീന്തിക്കയറിയത്. ഒളിമ്പിക്‌സ് യോഗ്യതാ നേട്ടത്തോടൊപ്പം ചരിത്ര നേട്ടമാണ് മാന സ്വന്തമാക്കിയത്. ഒളിമ്പിക്‌സിലേക്ക് നീന്തല്‍ക്കുളത്തില്‍ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടമാണ് ഈ 21കാരി സ്വന്തം പേരിലാക്കിയത്. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നും ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന മൂന്നാമത്തെ നീന്തല്‍ താരമാണ് മാന. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Published by: Sarath Mohanan
First published: July 8, 2021, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories