• HOME
 • »
 • NEWS
 • »
 • sports
 • »
 • 'എനിക്കെതിരെ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചാല്‍ അടുത്ത പന്ത് തലയ്ക്കു നേരെ ആയിരിക്കും': റിഷഭ് പന്തിനോട് ഡെയ്ല്‍ സ്റ്റെയ്ന്‍

'എനിക്കെതിരെ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചാല്‍ അടുത്ത പന്ത് തലയ്ക്കു നേരെ ആയിരിക്കും': റിഷഭ് പന്തിനോട് ഡെയ്ല്‍ സ്റ്റെയ്ന്‍

'അടുത്ത പന്ത് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് അവന് അറിയാം എന്ന് എനിക്ക് പറയാന്‍ സാധിക്കും. കാരണം 100 ശതമാനവും ഷോര്‍ട്ട് ബോളായിരിക്കും ഞാന്‍ എറിയുക.'

 • Share this:
  ദേശീയ ടീമിലെത്തി ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. കരിയറിന്റെ തുടക്കത്തില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിട്ടുള്ള വ്യക്തിയാണ് ഈ ഇരുപത്തിമൂന്നുകാരന്‍. എന്നാല്‍ ഇത്തവണത്തെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മുതല്‍ താരത്തിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തകര്‍പ്പന്‍ പ്രകടനങ്ങളാണ് റിഷഭ് പുറത്തെടുത്തത്. നീണ്ട 32 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയന്‍ ടീമിനെ ഗാബ്ബയില്‍ തോല്‍വിയറിഞ്ഞപ്പോള്‍ കളിയില്‍ നിര്‍ണായകമായത് റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു.

  ക്രിക്കറ്റിലെ കോപ്പി ബുക്ക് ഷോട്ടുകളിലൂടെ അല്ലാതെയും നന്നായി സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നും ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിയുമെന്നും റിഷഭ് ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട് പര്യടനത്തിലുമെല്ലാം പേസര്‍മാര്‍ക്കെതിരെയുള്ള റിഷഭിന്റെ റിവേഴ്സ് സ്‌കൂപ്പുകള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ പേസറും സ്വിങ് ബൗളറുമായ ജെയിംസ് ആന്‍ഡേഴ്സണെ റിവേഴ്സ് സ്‌കൂപ്പിലൂടെ റിഷഭ് ബൗണ്ടറി പറത്തിയത് കാണികളെ ശെരിക്കും അത്ഭുതപ്പെടുത്തി. ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസറായ ജോഫ്രാ ആര്‍ച്ചറിന്റെ പന്തിലും അദ്ദേഹം റിവേഴ്സ് സ്‌കൂപ്പ് കളിച്ചിരുന്നു.

  ഇപ്പോഴിതാ തന്റെ പന്തില്‍ റിഷഭ് റിവേഴ്സ് സ്‌കൂപ്പ് കളിച്ചാല്‍ എന്താകും ചെയ്യുകയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. തനിക്കെതിരെ ആ ഷോട്ടുകള്‍ കളിച്ചിരുന്നെങ്കില്‍ അത് തനിക്കു വലിയ നാണക്കേടാകുമെന്ന് പറയുകയാണ് ഡെയ്ല്‍ സ്റ്റെയ്ന്‍. അത്തരമൊരു സാഹചര്യത്തില്‍ ഷോര്‍ട്ട് പിച്ച് ഡെലിവറിയിലൂടെ പ്രതികരിക്കുമായിരുന്നുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു. ഇന്ത്യക്ക് പുറത്ത് കളിക്കുമ്പോള്‍ അതേ ധൈര്യം കാണിക്കാന്‍ പന്തിന് താല്‍പ്പര്യമുണ്ടാകില്ലെന്നും സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു. 'അത്തരത്തിലുള്ള റിവേഴ്‌സ് സ്‌കൂപ്പിങ്ങ് ചെയ്യുന്നത് അനാദരവാണ്. നിയമ പ്രകാരം അനുവദിക്കുകയാണെങ്കില്‍ അവന്‍ അടുത്ത പന്തും അടിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ എനിക്ക് പന്ത് ഉരുട്ടി എറിയാന്‍ സാധിക്കുമോ. അടുത്ത ഒരു പന്ത് ഓടി എറിയാന്‍ തീര്‍ച്ചയായും എനിക്ക് ചമ്മലുണ്ടാകും. അടുത്ത പന്ത് ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത് അവന് അറിയാം എന്ന് എനിക്ക് പറയാന്‍ സാധിക്കും. കാരണം 100 ശതമാനവും ഷോര്‍ട്ട് ബോളായിരിക്കും ഞാന്‍ എറിയാന്‍ പോവുക.'- സ്റ്റെയ്ന്‍ പറഞ്ഞു.

  പന്ത് ടെസ്റ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം തിളങ്ങിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇതു വരെ കളിച്ച 20 മത്സരങ്ങളില്‍ 1358 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള താരം നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ ആറാം സ്ഥാനത്തുണ്ട്. റിഷഭ് ഇത്രയും ഉയര്‍ന്ന റാങ്ക് കരസ്ഥാമാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. ധോണിക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടമാണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. 19 ആയിരുന്നു ധോണിയുടെ ടെസ്റ്റ് കരിയറില്‍ നേടാന്‍ കഴിഞ്ഞ ഏറ്റവും ഉയര്‍ന്ന റാങ്ക്.
  Published by:Sarath Mohanan
  First published: