Dan Christian | കളത്തിലിറങ്ങി 'സഹായിക്കുന്നവർക്ക്' സൗജന്യ ബീയർ; വിചിത്ര ഓഫറുമായി ഓസീസ് താരം
Dan Christian | കളത്തിലിറങ്ങി 'സഹായിക്കുന്നവർക്ക്' സൗജന്യ ബീയർ; വിചിത്ര ഓഫറുമായി ഓസീസ് താരം
ബിഗ് ബാഷ് ലീഗിൽ ക്രിസ്റ്റ്യന്റെ ടീമായ സിഡ്നി സിക്സേഴ്സ് ഫൈനലിലേക്ക് മുന്നേറിയ സാഹചര്യത്തിലാണ് മത്സരത്തിൽ 11 താരങ്ങളെ ഇറക്കാൻ കഴിയാത്ത അവസ്ഥ വിവരിച്ച് ക്രിസ്റ്റ്യൻ ട്വീറ്റ് ചെയ്തത്
കോവിഡ് (Covid 19) വ്യാപനം പരിക്കും മൂലം ഗ്രൗണ്ടില്‍ അന്തിമ ഇലവനെ ഇറക്കാന്‍ കഴിയാത്ത ഗൗരവമായ അവസ്ഥയെ രസകരമായി കൈകാര്യം ചെയ്ത് ഓസീസ് താരം ഡാൻ ക്രിസ്റ്റ്യൻ (Dan Christian) രംഗത്ത്. ഓസ്ട്രേലിയയിലെ ടി20 ലീഗായ ബിഗ് ബാഷിൽ (BBL) ക്രിസ്റ്റ്യന്റെ ടീമായ സിഡ്നി സിക്സേഴ്സ് (Sydney Sixers) ഫൈനലിലേക്ക് (BBL Final) മുന്നേറിയ സാഹചര്യത്തിലാണ് മത്സരത്തിൽ 11 താരങ്ങളെ ഇറക്കാൻ കഴിയാത്ത അവസ്ഥ വിവരിച്ച് ക്രിസ്റ്റ്യൻ ട്വീറ്റ് ചെയ്തത്. പെര്‍ത്ത് സ്കോച്ചേഴ്സുമായുള്ള (Perth Scorchers) കലാശപ്പോരാട്ടത്തിൽ കളത്തിലിറങ്ങി 'സഹായിക്കുന്നവർക്ക്' ബീയർ സൗജന്യമായി നൽകാമെന്ന ഓഫറുമായി താരം രംഗത്ത് എത്തിയത്.
'മെൽബണിലുള്ളവർക്കായി ഒരു അറിയിപ്പ്. നാളെ രാത്രി ഒരു ക്രിക്കറ്റ് മത്സരം കളിക്കാൻ അവസരമുണ്ട്. എന്റെ ടീം കോവിഡ് ബാധിതരല്ലാത്ത, പരിക്കുകൾ ഇല്ലാത്ത 11 താരങ്ങളെ കളത്തിലിറക്കാൻ പാടുപെടുകയാണ്. കളിക്കാന്‍ ആഗ്രഹമുള്ളവർ മാര്‍വല്‍ സ്റ്റേഡിയത്തില്‍ നാളെ 6.30ന് വാം അപ്പിന് എത്തുക. മത്സരശേഷം സൗജന്യമായി ബീയർ ലഭിക്കുന്നതാണ്. ടെസ്റ്റ് ക്രിക്കറ്റര്‍മാരെ പരിഗണിക്കുന്നതല്ല'- താരം ട്വിറ്ററില്‍ കുറിച്ചു.
Shout out to anyone* in Melbourne that wants a game of cricket tomorrow night. My team is struggling to get 11 covid free, fit players on the park. Warm up starts at 6.30pm at Marvel Stadium.
Free beer afterwards, potentially out of a large cup.
ക്രിസ്റ്റ്യന്റെ ഈ ട്വീറ്റ് നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്, ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജോഫ്രാ ആർച്ചർ ഉൾപ്പെടെയുള്ളവർ ട്വീറ്റിന് മറുപടിയുമായി രംഗത്ത് എത്തിയിട്ടുണ്ട്.'നാല് ഓവർ ബൗൾ ചെയ്യാൻ നൽകുമെന്ന് ഉറപ്പു നൽകിയാൽ കളിക്കാൻ തയാറാണ്’ എന്നായിരുന്നു ഡിവില്ലിയേഴ്സ് കുറിച്ചത്. പകരക്കാരനായി വരുന്നതിന് പണം നൽകേണ്ടതായുണ്ടോ എന്നായിരുന്നു ആർച്ചറുടെ ട്വീറ്റ്.
കഴിഞ്ഞ ദിവസം നടന്ന ചാലഞ്ചർ പോരാട്ടത്തിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചാണ് സിഡ്നി സിക്സേഴ്സ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ഈ മത്സരത്തിനു തൊട്ടുമുൻപ് ടീമിലെ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ്വ ഫിലിപ്പിന് കോവിഡ് സ്ഥിരീകരിച്ചതോടെ സഹപരിശീലകനായ ജയ് ലെന്റനെ ഉൾപ്പെടെ ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു സിക്സേഴ്സ് ഈ മത്സരത്തിനുള്ള അന്തിമ ഇലവനെ ഇറക്കിയത്. പരീക്ഷണാർത്ഥം ഓപ്പണറായി ഇറക്കിയ ഹെയ്ഡൻ കേറിന്റെ അപ്രതീക്ഷിത ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ സിഡ്നി നാലു വിക്കറ്റ് വിജയത്തോടെ ഫൈനലിലേക്ക് കടക്കുകയായിരുന്നു. 58 പന്തുകൾ നേരിട്ട കേർ 10 ഫോറും രണ്ടു സിക്സും സഹിതം 98 റൺസുമായി പുറത്താകാതെ നിന്നു. കേറിന്റെ മികവിൽ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് സിഡ്നി മറികടന്നത്.
സെമിയിലെ അതേ അവസ്ഥ തന്നെയാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഫൈനലിലും സിക്സേഴ്സ് നേരിടുന്നത്. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സിഡ്നി സിക്സേഴ്സിനായി കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകിയില്ല. കോവിഡിന്റെ സാഹചര്യത്തിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന ലോക്കൽ റീപ്ലേസ്മെന്റ് പ്ലേയർ പൂളിൽനിന്നു മാത്രമേ പകരക്കാരനെ അനുവദിക്കൂ എന്നാണ് ബോർഡിന്റെ നിലപാട്. ഇക്കാര്യത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കുള്ള ഒരു 'കൊട്ട്' കൂടിയായാണ് ഡാന്‍ ക്രിസ്റ്റ്യൻ ട്വിറ്ററിൽ പോസ്റ്റ് ഇട്ടത്.
താരങ്ങളുടെ അഭാവം തലവേദനയായി മാറിയിരിക്കുകയാണ് ടീമിന്. മോയിസസ് ഹെന്റിക്വസ്, സ്റ്റീവ് ഓക്കീഫ്, ജോര്‍ദാന്‍ സില്‍ക്, ഡാന്‍ ഹ്യൂസ് എന്നിവര്‍ പരിക്കേറ്റ് കളിക്കാന്‍ ഇറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ജോഷ്വ ഫിലിപ്പ്, ജാക്ക് എഡ്വാർഡ്, മിക്കി എഡ്വാർഡ് എന്നിവര്‍ കോവിഡ് ബാധിതരായ കാരണം നിലവിൽ ടീമിന് പുറത്താണ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.