• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇന്ത്യന്‍ ടീം പര്യടനത്തിന് തയ്യാറായത് തന്നെ വലിയ ഭാഗ്യം',ലങ്കന്‍ ഇതിഹാസത്തിന് മറുപടിയുമായി മുന്‍ പാക് താരം

'ഇന്ത്യന്‍ ടീം പര്യടനത്തിന് തയ്യാറായത് തന്നെ വലിയ ഭാഗ്യം',ലങ്കന്‍ ഇതിഹാസത്തിന് മറുപടിയുമായി മുന്‍ പാക് താരം

ജനശ്രദ്ധനേടാനുള്ള രണതുംഗയുടെ അടവ് മാത്രമാണിതെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്.

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ

  • Last Updated :
  • Share this:
    ഇന്ത്യയുടെ രണ്ടാം നിര ടീമുമായി പരമ്പര കളിക്കാനുള്ള തീരുമാനമെടുത്ത ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ ഈയിടെ രംഗത്തെത്തിയിരുന്നു. ബി സി സി ഐയുടെ പ്രവൃത്തി ശ്രീലങ്കന്‍ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ടെലിവിഷന്‍ മാര്‍ക്കറ്റിങ് താല്‍പ്പര്യങ്ങള്‍ മാത്രം മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ പരമ്പരയ്ക്ക് തയ്യാറായതിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെയാണ് കുറ്റം പറയുന്നതെന്നും രണതുംഗ തുറന്നടിച്ചു.

    ഒരേ സമയം രണ്ട് വ്യത്യസ്ത പരമ്പരകള്‍ക്കായി രണ്ട് ടീമുകളെ അയച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെയാണ് തുറന്ന് കാട്ടുന്നത് എന്ന് പറഞ്ഞുകൊണ്ട് പ്രശംസയുമായി പല ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് ശ്രീലങ്കക്ക് ലോകകപ്പ് നേടിക്കൊടുത്ത അവരുടെ മുന്‍ ക്യാപ്റ്റന്‍ ഇത്തരത്തില്‍ ഒരു വിമര്‍ശനം നടത്തിയത്. ഇപ്പോഴിതാ രണതുംഗയ്ക്ക് ചൂടന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ പാക് താരം ഡാനിഷ് കനേരിയ. ജനശ്രദ്ധനേടാനുള്ള രണതുംഗയുടെ അടവ് മാത്രമാണിതെന്നാണ് അദ്ദേഹം പറയുന്നത്.

    'ശ്രീലങ്കന്‍ ക്രിക്കറ്റില്‍ അടയാളപ്പെടുത്തിയ പേരാണ് രണതുംഗയുടേത്. അദ്ദേഹത്തെപോലെ ഒരു ഇതിഹാസത്തില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിച്ചില്ല. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുയാണ്. എങ്ങനെ ക്രിക്കറ്റ് കളിക്കമെന്ന് പോലും അവര്‍ക്കിപ്പോള്‍ അറിയുന്നില്ല. ഇന്ത്യ പര്യടനത്തിനെത്തുന്നത് തന്നെ വലിയ ഭാഗ്യമായി കണ്ടാല്‍ മതി. ഇന്ത്യന്‍ ക്രിക്കറ്റില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പ്രാപ്തരായ 50 മുതല്‍ 60 താരങ്ങളെങ്കിലുമുണ്ടാകും. വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ടീമുകളെ ഇറക്കാന്‍ അവര്‍ക്ക് സാധിക്കും. ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കളിക്കുന്ന ഒട്ടേറെപ്പേര്‍ ശ്രീലങ്കന്‍ പര്യടനത്തിന് എത്തിയിട്ടുണ്ട്. ഈ ഇന്ത്യന്‍ ടീമിനോട് പരാജയപ്പെടുമ്പോള്‍ രണതുംഗ ഒരു പാഠം പഠിക്കും.'- ഡാനിഷ് കനേരിയ തുറന്നടിച്ചു.

    അര്‍ജുന രണതുംഗക്ക് മറുപടി നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും രംഗത്തെത്തിയിരുന്നു. ശിഖര്‍ ധവാന്റെ നേതൃത്വത്തില്‍ ലങ്കന്‍ പര്യടനത്തിനുള്ള ടീം ഒരു രണ്ടാം നിര ടീം അല്ലെന്നും മറിച്ച് ശക്തരാണെന്നുമാണ് അവര്‍ ഉന്നയിച്ചത്. 20 അംഗ ടീമിലെ പല കളിക്കാരും ഇതിനു മുന്‍പ് ഇന്ത്യക്ക് വേണ്ടി ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ളവരാണെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് ലങ്കയില്‍ വെച്ച് മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ആറ് മത്സരങ്ങള്‍ക്കും കൊളംബോ ആര്‍ പ്രേമദാസാ അന്തരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്. ജൂലൈ 13നാണ് ആദ്യ ഏകദിനം പിന്നാലെ ജൂലൈ 16നും 18നുമായി രണ്ട്, മൂന്ന് ഏകദിനങ്ങള്‍ നടക്കും. ജൂലൈ 21ന് ആദ്യ ടി20യും തുടര്‍ന്ന് ജൂലൈ 23നും 25നും ബാക്കി രണ്ടും എന്നിങ്ങനെയാണ് മത്സരക്രമം.

    വിരാട് കോഹ്ലിയുടെയും രോഹിത് ശര്മയുടേയും അഭാവത്തില്‍ ടീമിനെ നയിക്കുന്ന ശിഖര്‍ ധവാനാണ് കൂട്ടത്തില്‍ സീനിയര്‍. ധവാനൊപ്പം ടീമിന്റെ വൈസ് ക്യാപ്റ്റനായ ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ എന്നിവരും രാജ്യാന്തര തലത്തില്‍ ആവശ്യത്തിന് പരിചയസമ്പത്തുള്ള സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ടീമിലുണ്ട്.
    Published by:Sarath Mohanan
    First published: