HOME » NEWS » Sports » DARREN STEVENS WITH AGELESS FIGHTING SPIRIT RECORD IN COUNTY CRICKET JK INT

പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഡാരന്‍ സ്റ്റീവന്‍സ്; കൗണ്ടി ക്രിക്കറ്റില്‍ റെക്കോര്‍ഡ്

വെള്ളിയാഴ്ച്ച നടന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മത്സരത്തില്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ലോകം സാക്ഷിയായത്

News18 Malayalam | news18-malayalam
Updated: May 22, 2021, 4:16 PM IST
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ഡാരന്‍ സ്റ്റീവന്‍സ്; കൗണ്ടി ക്രിക്കറ്റില്‍ റെക്കോര്‍ഡ്
ഡാരന്‍ സ്റ്റീവന്‍സ്
  • Share this:
പ്രായം വെറും ഒരു നമ്പര്‍ മാത്രമാണ്. ഇത് തെളിയിച്ചു കൊണ്ട് തന്റെ 45ാം വയസ്സിലും മിന്നും പ്രകടനം കാഴ്ചവെച്ച് കൊണ്ടിരിക്കുകയാണ് ഇംഗ്ലീഷ് ഓള്‍ റൗണ്ടറായ ഡാരന്‍ സ്റ്റീവന്‍സ്. തന്റെ ഇത്രയും കാലത്തെ കരിയറില്‍ നേരിട്ട വെല്ലുവിളികള്‍ എല്ലാം മറികടന്ന് പുതിയൊരു നേട്ടം കുറിച്ചിരിക്കുകയാണ് 45 വയസ്സുകാരനായ താരം. വെള്ളിയാഴ്ച്ച നടന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് മത്സരത്തില്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ലോകം സാക്ഷിയായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഏകപക്ഷീയ കൂട്ടുകെട്ടാണ് കെന്റും ഗ്ലാമോര്‍ഗനും തമ്മിലുള്ള കളിയില്‍ പിറന്നത്. ഇതിന് കാരണമായത് കെന്റ് താരമായ ഡാരന്‍ സ്റ്റീവന്‍സിന്റെ ബാറ്റിങ് പ്രകടനമായിരുന്നു.

ഗ്ലാമോര്‍ഗിനെതിരായ മത്സരത്തില്‍ കെന്റിന്റെ പേരിലേക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകപക്ഷീയമായ കൂട്ടുകെട്ട് പിറന്നത്. 166 റണ്‍സാണ് സ്റ്റീവന്‍സും അവസാന ബാറ്റ്സ്മാനായ മിഗ്വെല്‍ കമ്മിന്‍സും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതില്‍ അമ്പരപ്പിക്കുന്ന കാര്യം എന്താണെന്നു വച്ചാല്‍ 166 റണ്‍സില്‍ 160ഉം സ്റ്റീവന്‍സിന്റെ വകയായിരുന്നു. വെറും ഒരു റണ്‍ മാത്രമായിരുന്നു കമ്മിന്‍സിന്റെ സംഭാവന. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു കൂട്ടുകെട്ടില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഒരേ ബാറ്റ്‌സ്മാന്‍ തന്നെ സ്‌കോര്‍ ചെയ്യുന്നത് ആദ്യത്തെ സംഭവം ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് സ്റ്റീവന്‍സ് പേരിലാക്കിയത്.

Also Read-'ഇംഗ്ലണ്ടിൽ നമ്മുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ റിഷഭ് ആയിരിക്കണം, അവസരത്തിനായി ഞാൻ കാത്തിരിക്കും': വൃദ്ധിമാൻ സാഹ

ഇതിന് മുമ്പത്തെ റെക്കോര്‍ഡ് 1911ലെ കൗണ്ടി ചാംപ്യന്‍ ഷിപ്പിലായിരുന്നു പിറന്നത്. ഈ റെക്കോര്‍ഡാണ് സ്റ്റീവന്‍സ്-കമ്മിന്‍സ് ജോടി പഴങ്കഥയാക്കിയത്. അന്ന് സസെക്സും നോട്ടിങ്ഹാംഷെയറും തമ്മില്‍ നടന്ന മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിനായി ടെഡ് അലെസ്റ്റണും വില്ല്യം റീലിയും ചേര്‍ന്ന് 152 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതില്‍ 142 റണ്‍സും അലെസ്റ്റണിന്റെ വകയായിരുന്നു.

ഗ്ലാമര്‍ഗോനെതിരേ കെന്റ് എട്ടു വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ തകര്‍ച്ച നേരിട്ട നില്‍ക്കവെയാണ് സ്റ്റീവന്‍സ് ക്രീസിലെത്തുന്നത്. പിന്നീട് കമ്മിന്‍സിനൊപ്പം ചേര്‍ന്ന് തകര്‍പ്പന്‍ ഇന്നിങ്സിലൂടെ അദ്ദേഹം ടീമിന്റെ രക്ഷകനാവുകയായിരുന്നു. ഒമ്പതാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടിന്റെ ബലത്തില്‍ ഒന്നാം ഇന്നിങ്സില്‍ 307 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്താനും കെന്റിന് കഴിഞ്ഞു.

149 പന്തുകളില്‍ നിന്നും 15 വീതം ബൗണ്ടറികളും സിക്സറുകളുമടക്കമായിരുന്നു സ്റ്റീവന്‍സ് 190 റണ്‍സ് വാരിക്കൂട്ടിയത്. വെസ്റ്റ് ഇന്‍ഡീസ് വംശജനായ കമ്മിന്‍സിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു സ്റ്റീവന്‍സിന്റെ അവിശ്വസനീയ പ്രകടനം. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്റ്റീവന്‍സ് തിളങ്ങി. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാനും ലോക മൂന്നാം നമ്പര്‍ ടെസ്റ്റ് താരവുമായ മാര്‍നസ് ലബ്യുഷെയ്ന്റെ വിക്കറ്റും അദ്ദേഹം വീഴ്ത്തി.

Also Read- ശ്രീലങ്കയ്‌ക്കെതിരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ധവാനെ നിർദേശിച്ച് ദീപക് ചഹർ

ക്രിക്കറ്റ് എന്ന കളിയോട് താരങ്ങള്‍ക്ക് ഉള്ള സ്‌നേഹത്തിന്റേയും സമര്‍പ്പണത്തിന്റേയും ഉത്തമ ഉദാഹരണമാണ് സ്റ്റീവന്‍സിന്റെ കരിയര്‍. 45 വയസ്സും 22 ദിവസവുമാണ് അദ്ദേഹത്തിന്റെ പ്രായം. നിലവില്‍ മല്‍സരംഗത്തുള്ളള ഏറ്റവും പ്രായമേറിയ ക്രിക്കറ്ററും കൂടിയാണ് സ്റ്റീവന്‍സ്. 1997ലായിരുന്നു അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. ഇത്രയും കാലം മത്സരരംഗത്ത് ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും ഇംഗ്ലണ്ടിനായി കളിക്കാന്‍ സ്റ്റീവന്‍സിനു ഭാഗ്യമുണ്ടായിട്ടില്ല.

Also Read- ഏത് വേദിയിലും ഏത് ടീമിനെയും തോൽപ്പിക്കാൻ ഇന്നത്തെ ഇന്ത്യൻ ടീമിന് കഴിയും: ചേതേശ്വർ പുജാര

അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് സ്റ്റീവന്‍സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറിയടിച്ചിട്ടുള്ള പ്രായം കൂടിയ ക്രിക്കറ്ററാണ് സ്റ്റീവന്‍സ്. 2019ല്‍ യോര്‍ക്ക്ഷെയറിനെതിരെയാണ് അദ്ദേഹം 225 ബോളില്‍ അദ്ദേഹം 237 റണ്‍സ് അടിച്ചെടുത്തത്. 1949ല്‍ വാള്‍ട്ടര്‍ കീറ്റണ്‍ സ്ഥാപിച്ച റെക്കോര്‍ഡ് സ്റ്റീവന്‍സ് തിരുത്തുകയായിരുന്നു. ഈ മത്സരത്തിലെ പ്രകടനത്തിന്റെ ബലത്തിലാണ് അനിശ്ചിതത്ത്വത്തില്‍ നിന്നിരുന്ന തന്റെ ക്രിക്കറ്റ് കരിയറിന്റെ ഭാവി അദ്ദേഹം സുരക്ഷിതമാക്കിയത്. 2019 സീസണ് ശേഷം കെന്റുമായുള്ള തന്റെ കരാര്‍ തീരാന്‍ ഇരിക്കെ പുതുക്കി നല്‍കാന്‍ ക്ലബ്ബ് ഒരുക്കമല്ല എന്ന് താരത്തെ അറിയിച്ചിരുന്നു. ഇതില്‍ തളരാതെ നിന്ന അദ്ദേഹം റെക്കോര്‍ഡ് പ്രകടനം കാഴ്ചവച്ചത്. ഇതേ തുടര്‍ന്ന് കെന്റ് താരവുമായി ഉള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കി.

ഏതായാലും സ്റ്റീവന്‍സിന്റെ തകര്‍പ്പന്‍ പ്രകടനം ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് താരമായ രവിചന്ദ്രന്‍ അശ്വിനും വനിതാ താരമായ ശിഖാ പാണ്ടെയും താരത്തിന്റെ അവിസ്മരണീയ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു.
Published by: Jayesh Krishnan
First published: May 22, 2021, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories