HOME /NEWS /Sports / IPL: അശ്വിനെ മങ്കാദിങ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചത് എങ്ങനെ - വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

IPL: അശ്വിനെ മങ്കാദിങ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചത് എങ്ങനെ - വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

ശ്രേയസ് അയ്യർ, റിക്കി പോണ്ടിങ്, അശ്വിൻ

ശ്രേയസ് അയ്യർ, റിക്കി പോണ്ടിങ്, അശ്വിൻ

ചില വ്യവസ്ഥകൾക്ക് പുറത്താണ് അശ്വിൻ ഇനി മങ്കാദിങ് ചെയ്യില്ലെന്ന വാക്ക് നൽകിയത്.

 • Share this:

  മങ്കാദിങ് എന്ന പേര് കേട്ടാൽ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും മനസ്സിലേക്ക് ആദ്യം കയറിവരുന്ന മുഖം ഇന്ത്യയുടെ സ്പിന്നറായ രവിചന്ദ്രൻ അശ്വിന്റെതാണ്. ഇതിന്റെ പേരിൽ ഏറെ കുപ്രസിദ്ധി നേടിയതാണ് അശ്വിന്‍. 2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറെ മങ്കാദിങ് നടത്തി പുറത്താക്കിയതിലൂടെയാണ് അശ്വിന്‍ വിവാദനായകനായത്. ക്രിക്കറ്റിൽ മങ്കാദിങ് നിയമപരമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ് എന്ന കാരണം കൊണ്ട് ആരും ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല.

  അന്നത്തെ മത്സരത്തിൽ നോണ്‍ സ്‌ട്രൈക്കറായിരുന്ന ബട്‌ലര്‍ താന്‍ ബൗള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ ക്രീസിന് പുറത്തേക്കു ഇറങ്ങുന്നതായി മനസ്സിലാക്കിയ അശ്വിന്‍ അടുത്ത പന്തിൽ തന്റെ ആക്ഷൻ പൂർത്തിയാക്കുന്നതിന് മുൻപ് ക്രീസ് വിട്ടിറങ്ങിയ ബട്ട്ലറെ പുറത്താക്കുകയായിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും അശ്വിന്‍ താന്‍ ചെയ്തത് ശരിയാണെന്നതില്‍ ഉറച്ചുനിന്നു. അടുത്ത സീസണിൽ പഞ്ചാബ് വിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നപ്പോള്‍ അശ്വിനെ എങ്ങനെയാണ് മങ്കാദിങ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡൽഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ദി ഗ്രേഡ് ക്രിക്കറ്റർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അയ്യർ ഇക്കാര്യം വെളിപ്പെടുത്തിയത്.

  മങ്കാദിങ് വിവാദം കഴിഞ്ഞ് തൊട്ടടുത്ത സീസണില്‍ ഡൽഹി ക്യാപിറ്റൽസിൽ എത്തിയ അശ്വിനോട് ഡൽഹി ടീമിന്റെ പരിശീലകനായ മുൻ ഓസീസ് താരമായ റിക്കി പോണ്ടിങ് ആദ്യം തന്നെ ആവശ്യപ്പെട്ടത് മങ്കാദിങ് ചെയ്യരുതെന്നായിരുന്നു. പോണ്ടിങ്ങിന്റെ ആവശ്യം തള്ളുകയാണ് അശ്വിൻ ചെയ്തത്.

  മങ്കാദിങ് ഇനി ആവര്‍ത്തിക്കില്ലെന്നത് അശ്വിനെക്കൊണ്ട് സമ്മതിപ്പിച്ച് എടുക്കുകയെന്നത് എളുപ്പമായിരുന്നില്ലെന്നു ശ്രേയസ് അയ്യർ വെളിപ്പെടുത്തി. 'മങ്കാദിങ് ചെയ്യില്ല എന്ന കാര്യത്തിൽ ഞാനും റിക്കിയും ശഠിച്ച് നിന്നതോടെ അശ്വിന് ഞങ്ങളുടെ ഒപ്പം നിൽക്കേണ്ടി വന്നു. പക്ഷെ അന്ന് ചില വ്യവസ്ഥകൾ മുന്നിൽ വെച്ച് കൊണ്ടാണ് അശ്വിൻ ഇതിന് സമ്മതം മൂളിയത്. ബാറ്റ്സ്മാൻ വിചിത്രമായി എന്തെങ്കിലും കാണിക്കുന്നത് വരെ തന്ന വാക്ക് ഞാൻ പാലിക്കുമെന്ന് അശ്വിൻ പറഞ്ഞു.' -അയ്യർ വ്യക്തമാക്കി.

  അന്നത്തെ സംഭവത്തിന് ശേഷം പിന്നീട് അശ്വിന്റെ ഭാഗത്ത് നിന്നും അത്തരത്തിൽ ഒരു പ്രവൃത്തി ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി ഡൽഹിക്ക് വേണ്ടി കളിക്കുന്ന അശ്വിൻ തന്റെ ക്യാപ്റ്റനായ അയ്യർക്കും പരിശീലകനായ പോണ്ടിങിനും നല്‍കിയ വാക്ക് ഇതുവരെയും തെറ്റിച്ചിട്ടില്ല.

  ഈ സീസണിലെ ഐപിഎല്ലിൽ വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ അശ്വിൻ കളിച്ചിരുന്നുള്ളൂ. കോവിഡ് ഭീഷണിയിലായിരുന്ന കുടുംബത്തിന് പിന്തുണ നൽകാൻ അദ്ദേഹം ടീം വിടുകയായിരുന്നു. കോവിഡ് ഭീഷണി മൂലം പിന്നീട് ടൂർണമെന്റ് നിർത്തിവെക്കുകയും ചെയ്തിരുന്നു. സെപ്റ്റംബറിൽ യുഎഇയിൽ ടൂർണമെന്റ് വീണ്ടും ആരംഭിക്കാനിരിക്കെ ടീമിനൊപ്പം അശ്വിൻ ചേരുമെന്ന് ഉറപ്പാണ്. നിലവിൽ ഇന്ത്യക്കൊപ്പം ഇംഗ്ളണ്ട് പര്യടനത്തിലാണ് അശ്വിൻ.

  അതേസമയം തോളിനേറ്റ പരുക്ക് കാരണം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതിനാൽ അയ്യർക്ക് ഈ സീസണിലെ ആദ്യ പാദത്തിലെ മത്സരങ്ങളിൽ കളിക്കാൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ താരം പരുക്കിൽ നിന്നും മുക്തി നേടി പരിശീലനത്തിലാണ്. ഐപിഎൽ വീണ്ടും ആരംഭിക്കുമ്പോൾ ഡൽഹിയുടെ തലപ്പത്ത് അയ്യരുണ്ടാകുമെന്ന് ഉറപ്പാണ്. അയ്യരുടെ അഭാവത്തിൽ ഇന്ത്യയുടെ യുവതാരമായ ഋഷഭ് പന്തായിരുന്നു ഡൽഹിയെ നയിച്ചത്. പന്തിന്റെ കീഴിൽ മികച്ച പ്രകടനം തന്നെ പുറത്തെടുത്ത ഡൽഹി ഐപിഎൽ നിർത്തിവക്കുമ്പോൾ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ആയിരുന്നു. എട്ട് കളികളിൽ നിന്നും 12 പോയിന്റാണ് ഡൽഹിയുടെ അക്കൗണ്ടിലുള്ളത്.

  Summary

  Shreyas Iyer reveals how he and Ricky Ponting convinced Ashwin not to do Mankading again.

  First published:

  Tags: Delhi capitals, IPL2021, R Ashwin, Ricky Ponting, Shreyas Iyer