Euro Cup| യൂറോ കപ്പിൽ ഹോളണ്ടിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി ലൈറ്റ്
Euro Cup| യൂറോ കപ്പിൽ ഹോളണ്ടിൻ്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡി ലൈറ്റ്
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച് വന്ന ഹോളണ്ടിനെതിരായി മത്സരത്തിന്റെ ഗതി മാറിയത് അവരുടെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരത്തിന് ചുവപ്പുകാർഡ് ലഭിച്ചതോടെയായിരുന്നു
യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനോടു തോറ്റ് ടൂർണമെൻ്റിൽ നിന്നും ഹോളണ്ട് പുറത്തായതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്ത് ടീമിൻ്റെ പ്രതിരോധ താരമായ മത്തിയാസ് ഡി ലൈറ്റ്. ഇന്നലെ പൂർത്തിയായ മത്സരത്തിൽ ഹോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് അവർക്ക് ടൂർണമെൻ്റിന് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ജയിച്ച് വന്ന ഹോളണ്ടിനെതിരായി മത്സരത്തിന്റെ ഗതി മാറിയത് അവരുടെ പ്രതിരോധ നിരയിലെ വിശ്വസ്തനായ താരത്തിന് ചുവപ്പുകാർഡ് ലഭിച്ചതോടെയായിരുന്നു. ബോക്സിനു തൊട്ടു പുറത്തു വെച്ച് പന്ത് കൈകൊണ്ടു തടഞ്ഞതിനാണ് ഡി ലൈറ്റ് ചുവപ്പുകാർഡ് കണ്ടത്. ആദ്യം റഫറി മഞ്ഞക്കാർഡ് ആണ് ഉയർത്തിയതെങ്കിലും പിന്നീട് വാർ പരിശോധനക്ക് ശേഷം തീരുമാനം മാറ്റി ചുവപ്പുകാർഡ് നൽകുകയായിരുന്നു.
മത്സരത്തിൽ അതുവരെ കളി നിയന്ത്രണത്തിൽ വച്ചിരുന്ന ഹോളണ്ടിന് ഈ തീരുമാനം വലിയ തിരിച്ചടിയാണ് നൽകിയത്. അതുവരെ തുടർ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്ന ഡച്ച് നിരക്ക് പിന്നീട് അവരുടെ താളം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. പത്ത് പേരുമായി ചുരുങ്ങിയ എതിർ ടീമിൻ്റെ ദൗർബല്യം ചെക്ക് ശെരിക്കും മുതലെടുക്കുന്നതാണ് കണ്ടത്. മത്സരത്തിന്റെ ആധിപത്യം ഏറ്റെടുത്ത അവർ ഹോൾസ്, ഷിക്ക് എന്നിവർ നേടിയ ഗോളിലൂടെയാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തിനു ശേഷം നൽകിയ ഒരു അഭിമുഖത്തിലാണ് ഡച്ച് താരം തൻ്റെ ടീമിൻ്റെ തോൾവിയിലുള്ള നിരാശ പങ്കുവെച്ച് കൊണ്ട് തൻ്റെ പിഴവാണ് ടീമിൻ്റെ തോൽവിക്ക് കാരണമായതെന്ന് പറഞ്ഞത്.
"എനിക്ക് വളരെയധികം നിരാശ തോന്നുന്നുണ്ട്. മത്സരത്തിൽ ഞാൻ വരുത്തിയ പിഴവാണ് തോൽവിക്ക് കാരണമായത്. ഞങ്ങൾക്കായിരുന്നു കളിയുടെ നിയന്ത്രണമെന്നാണ് ഞാൻ കരുതുന്നത്. ആദ്യ പകുതിയിൽ ഞങ്ങൾക്ക് ഏതാനും അവസരങ്ങൾ ലഭിച്ചിരുന്നു. അവർ ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എന്ന് ഞാൻ കരുതുന്നില്ല. ചുവപ്പുകാർഡ് ലഭിച്ചത് കളിയുടെ ഗതി തന്നെ മാറ്റി." ഡി ലൈറ്റ് വ്യക്തമാക്കി.
മത്സരത്തിൽ ഹോളണ്ട് താരമായ മലെൻ ഗോളി മാത്രം മുന്നിൽ നിൽക്കെ കളിയിൽ മുന്നിലെത്താൻ കിട്ടിയ സുവർണാവസരം പാഴാക്കിയതിന് പിന്നാലെയാണ് ഡി ലൈറ്റിന് ചുവപ്പുകാർഡ് ലഭിക്കുന്നത്. മത്സരത്തിൽ അതുവരെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരുന്നത്. പ്രതിരോധ നിരയിലെ മികച്ച ഒരു താരത്തിനെ നഷ്ടമായതോടെ ഡച്ച് നിര പ്രതിരോധത്തിൽ ആവുകയായിരുന്നു.
അതേസമയം, മത്സരത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്നതാണ് ടീമിന്റെ തോൽവിക്ക് കാരണമായതെന്ന് പരിശീലകൻ ഫ്രാങ്ക് ഡി ബോറും പറഞ്ഞു. "ഒരു ഗോളിന് മുന്നിലെത്താൻ ഞങ്ങൾക്ക് ലഭിച്ച സുവർണാവസരം നഷ്ടപ്പെടുത്തിയതിന് തൊട്ട് പിന്നാലെയാണ് കാര്യങ്ങൾ എല്ലാം കീഴ്മേലായി മറിഞ്ഞത്. ഞങ്ങളുടെ പ്രകടനം മോശമല്ലായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ കഴിഞ്ഞില്ലെന്നത് ടീമിന് തിരിച്ചടിയായി." അദ്ദേഹം വ്യക്തമാക്കി.
Summary
Dutch player de Ligt takes all the blame on himself for the loss against Czech Republic in Euro Cup the previous day, which ended their dream run
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.