• HOME
  • »
  • NEWS
  • »
  • sports
  • »
  • IND vs SA |'അശ്വിന്‍ പുലി തന്നെ, അതങ്ങ് ഇന്ത്യയില്‍': ഭയമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍

IND vs SA |'അശ്വിന്‍ പുലി തന്നെ, അതങ്ങ് ഇന്ത്യയില്‍': ഭയമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തിളങ്ങാനാവില്ലെന്നാണ് എല്‍ഗറിന്റെ വാദം.

  • Last Updated :
  • Share this:
    ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ(South Africa Tour) മത്സരങ്ങള്‍ക്ക് മുമ്പു തന്നെ ഗ്രൗണ്ടിന് പുറത്തുള്ള സംസാരങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ (Dean Elgar). ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ ആശ്വിന് (R Ashwin) ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ തിളങ്ങാനാവില്ലെന്നാണ് എല്‍ഗറിന്റെ വാദം.

    ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകായിരുന്നു എല്‍ഗാര്‍. അശ്വിനെ നേരിടാന്‍ ഭയമില്ലെന്ന് പറഞ്ഞാണ് എല്‍ഗാര്‍ തുടങ്ങിയത്. 'ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ അശ്വിനെതിരെ കളിക്കുക എളുപ്പമാവില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ അശ്വിന്‍ വലിയ വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. എന്നാല്‍ ഇന്ത്യന്‍ നിരയിലെ ഏതെങ്കിലുമൊരു താരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നത് പ്രധാനമാണ്. അശ്വിന്‍ വളരെ മികവുറ്റ ബൗളറാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. അക്കാര്യം ശ്രദ്ധിക്കും. ഞങ്ങളുടെ ഓരോ താരവും ഗെയിം പ്ലാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.'- എല്‍ഗര്‍ പറഞ്ഞു.

    ഇന്ത്യന്‍ ബൗളിങ് ആക്രമണം മുമ്പത്തേതിനേക്കാള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുള്ളതായി എല്‍ഗര്‍ ചൂണ്ടിക്കാട്ടി. ''ഇന്ത്യയുടെ ബൗളിങ് നിര ഇപ്പോള്‍ വളരെ ശക്തമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്നിനെതിരേയാണ് ഞങ്ങള്‍ ഏറ്റുമുട്ടുന്നത് എന്ന കാര്യം ശ്രദ്ധിക്കും. മല്‍സരം സ്വന്തം നാട്ടില്‍, പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിനാല്‍ ഞങ്ങള്‍ക്കു അതു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ്'- അദ്ദേഹം വ്യക്തമാക്കി.

    ഈമാസം 26ന് സെഞ്ചൂറിയന്‍ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, പരിക്കു കാരണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. അതിനാല്‍ത്തന്നെ ടീം ഇന്ത്യയുടെ സ്പിന്‍ വിഭാഗത്തിന്റെ മുഴുവന്‍ ചുമതലയും അശ്വിനു മേലാണ്.

    ഇന്ത്യന്‍ ടീമിന് എപ്പോള്‍ വേണമെങ്കിലും തിരികെ പോകാം; കോവിഡ് ബൂസ്റ്റര്‍ ഡോസും നല്‍കാം; ബിസിസിഐയോട് ക്രിക്കറ്റ് സൗത്ത്ആഫ്രിക്ക

    സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ(South Africa tour) മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കളിക്കാര്‍ക്ക്(Indian players) കോവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് വാഗ്ദാനം ചെയ്ത് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയില്‍ കോവിഡ് സാഹചര്യം രൂക്ഷമായാല്‍ പരമ്പര പാതി വഴിയില്‍ നിര്‍ത്താമെന്ന ഉറപ്പും ബിസിസിഐക്ക് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കി.

    കോവിഡ് സാഹചര്യം രൂക്ഷമാവുകയും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ അടയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലേക്ക് മടങ്ങി പോകാന്‍ ഇന്ത്യന്‍ സംഘത്തെ അനുവദിക്കും എന്ന ഉറപ്പ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക നല്‍കുന്നു. 'ഇവിടെയുള്ളപ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ സുരക്ഷയ്ക്ക് വേണ്ടതെല്ലാം ചെയ്യുക മാത്രമല്ല, എന്ത് കാരണം കൊണ്ടാണ് എങ്കിലും തിരിച്ചു പോകാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവര്‍ക്ക് മുന്‍പില്‍ വഴി തുറന്ന് കൊടുക്കും.'- ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

    അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ തീരുമാനം. ഇവിടെ ടീമിന്റെ താമസത്തിന് വേണ്ട എല്ലാ സുരക്ഷാ സൗകര്യങ്ങളും ഒരുക്കും. ഇന്ത്യന്‍ കളിക്കാര്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നാലുള്ള സാഹചര്യം മുന്‍പില്‍ കണ്ട് ആശുപത്രിയില്‍ ബെഡുകള്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ക്രമീകരിച്ചതായും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
    Published by:Sarath Mohanan
    First published: