HOME » NEWS » Sports » DENMARK BEATS WALES AND QUALIFIES FOR THE QUARTER FINAL

Euro Cup|യൂറോ കപ്പ്: അവിസ്മരണീയം ഡെന്മാർക്ക്! വെയ്ൽസിനെ നാല് ഗോളിന് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ

ഡെന്മാർക്കിനായി യുവതാരം കാസ്പെർ ഡോൾബർഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ യോക്കിം മെയ്ൽ, മാർട്ടിൻ ബ്രാത്വെയ്റ്റ് എന്നിവരും സ്കോർ ചെയ്തു.

News18 Malayalam | news18-malayalam
Updated: June 27, 2021, 12:00 AM IST
Euro Cup|യൂറോ കപ്പ്: അവിസ്മരണീയം ഡെന്മാർക്ക്! വെയ്ൽസിനെ നാല് ഗോളിന് തകർത്ത് ഡെന്മാർക്ക് ക്വാർട്ടറിൽ
Denmark Team celebrating their win Credit: Reuters|Google images
  • Share this:


യൂറോകപ്പിന്റെ ക്വാർട്ടറിലേക്ക് ആദ്യ ടിക്കെറ്റെടുത്ത് ഡെന്മാർക്ക്. പ്രീ ക്വാർട്ടറിൽ നടന്ന മത്സരത്തിൽ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഡെന്മാർക്ക് അവസാന എട്ട് ടീമുകളിൽ ഒരു സ്ഥാനം ഉറപ്പാക്കിയത്. ഡെന്മാർക്കിന്റെ സമ്പൂർണാധിപത്യം കണ്ട മത്സരത്തിൽ കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ൽസ് ഡാനിഷ് ടീമിന് മുന്നിൽ മത്സരം അടിയറവ് പറയുകയായിരുന്നു. മത്സരത്തിൽ ഒരൊറ്റ ഷോട്ട് മാത്രമാണ് വെയ്ൽസിന് ഗോളിലേക്ക് ലക്ഷ്യം വെക്കാനായത്. ബാക്കിയുള്ള ഷോട്ടുകൾ എല്ലാം ഗോൾപോസ്റ്റിന് പുറത്തേക്കാണ് പോയത്.

ഡെന്മാർക്കിനായി യുവതാരം കാസ്പെർ ഡോൾബർഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ യോക്കിം മെയ്ൽ, മാർട്ടിൻ ബ്രാത്വെയ്റ്റ് എന്നിവരും സ്കോർ ചെയ്തു. മത്സരത്തിൽ മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് ഗരെത് ബെയ്ലും സംഘവും മടങ്ങുന്നത്. അതേസമയം, ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റുതുടങ്ങിയ ഡെന്മാർക്ക് അത്ഭുതകരമായ പ്രകടനമാണ് പ്രീക്വാർട്ടറിൽ കാഴ്ചവെച്ചത്.വെയ്ൽസിൻ്റെ മുന്നേറ്റം കൊണ്ടാണ് ആദ്യ പകുതി തുടങ്ങിയത്. ഗോളിലേക്ക് അവർ പല കുറി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും എല്ലാം ലക്ഷ്യബോധമില്ലാത്ത മുന്നേറ്റങ്ങളായി കലാശിച്ചു. പിന്നീട് ഡെന്മാർക്ക് കളി കയ്യിലെടുക്കുന്നതാണ് കാണാൻ കഴിഞ്ഞത്. കളി നിയന്ത്രണത്തിലാക്കിയ അവർ വളരെ പെട്ടെന്ന് തന്നെ കളിയിലെ ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കി. കളിയുടെ 27ാം മിനിറ്റിൽ ഡോൾബർഗ് നേടിയ ഗോളിലാണ് അവർ ലീഡ് നേടിയത്. മെയ്ലിൻ്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് ഡോൾബർഗ് എടുത്ത ഷോട്ട് വെയ്ൽസ് ഗോളി വാർഡിനെ കീഴ്പ്പെടുത്തി പോസ്റ്റിൻ്റെ താഴ്ഭാഗത്ത് വലത്തേ മൂലയിലേക്ക് വളഞ്ഞ് ഇറങ്ങുകയായിരുന്നു.

ആദ്യ ഗോൾ നേടി കളിയിൽ മേധാവിത്വം നേടിയ ഡെന്മാർക്ക് പിന്നീടങ്ങോട്ട് കളി മൊത്തത്തിൽ നിയന്ത്രിക്കുകയായിരുന്നു. ഇടക്ക് അവർ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. അതേസമയം വെയ്ൽസിനെ സമനില ഗോൾ നേടി കളിയിൽ തിരിച്ചുവരാനും അവർ അനുവദിച്ചില്ല.ഒരു ഗോളിൻ്റെ ലീഡുമായി രണ്ടാം പകുതിയിൽ  ഇറങ്ങിയ ഡെന്മാർക്ക് മൂന്ന് മിനിറ്റിനുള്ളിൽ അവരുടെ രണ്ടാം ഗോളും നേടി. വെയ്ൽസ് പ്രതിരോധ താരത്തിൻ്റെ പാളിപ്പോയ ക്ലിയറൻസിൽ നിന്നും പന്ത് പിടിച്ചെടുത്തതായിരന്നു അവർ രണ്ടാം ഗോൾ നേടിയത്.ഡെന്മാർക്ക് താരം മാർട്ടിൻ ബ്രാത്വെയ്റ്റ് ബോക്സിലേക്ക് നൽകിയ ഒരു ലോ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിച്ച വെയ്ൽസ് പ്രതിരോധ താരമായ വില്യംസിൻ്റെ ക്ലിയറൻസ് നേരെ ചെന്നത് ഡോൾബർഗിൻ്റെ കാലുകളിലേക്ക് ആയിരുന്നു. പന്ത് കിട്ടിയ താരം ഒരു സമയം പോലും പാഴാക്കാതെ എടുത്ത ബുള്ളറ്റ് ഷോട്ട് വെയ്ൽസ് ഗോളി വാർഡിനെ കീഴ്പ്പെടുത്തി വീണ്ടും വല കുലുക്കി. ഗോളിനായുള്ള ശ്രമത്തിനിടെ ഡെന്മാർക്ക് താരം വെയ്ൽസ് താരത്തെ ഫൗൾ ചെയ്തെന്ന ആരോപണം വെയ്ൽസ് ക്യാപ്റ്റനായ ബെയ്ൽ റഫറിയോട് പറഞ്ഞെങ്കിലും പരിശോധനക്ക് ശേഷം റഫറി ഗോൾ അനുവദിച്ചു.

മറുഭാഗത്ത് വെയ്ൽസിന് ഇടക്ക് ഒന്ന് രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിംഗലെ പോരായ്മ അവർക്ക് തിരിച്ചടിയായി. പിന്നീട് മാറ്റങ്ങൾ നടത്തി കളിയിലേക്ക് തിരിച്ചുവരാനായിരുന്നു വെയ്ൽസ് ശ്രമം. പക്ഷേ ഡെന്മാർക്ക് വിടാൻ ഒരുക്കമായിരുന്നില്ല. അവരും ഇടക്ക് മുന്നേറ്റങ്ങൾ നടത്തി ഇതിൻ്റെ ഫലമായി വെയ്ൽസ് ബോക്സിനു തൊട്ട് മുന്നിൽ നിന്നായി ഡെന്മാർക്കിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും കിക്കെടുത്ത ബ്രാത്വെയ്റ്റ് പന്ത് ഗോൾ പോസ്റ്റിന് മുകളിലൂടെ അടിച്ചു കളഞ്ഞു. കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ ലഭിച്ച ഒരു കോർണറിൽ ഡെന്മാർക്ക് വീണ്ടും ഗോൾ നേടേണ്ടതായിരുന്നു. കോർണറിൽ നിന്നും വന്ന ക്രോസിലേക്ക് ഹെഡ് ചെയ്ത മതിയാസ് ജെൻസെൻ്റെ ഗോൾശ്രമം പോസ്റ്റിൽ തട്ടി തെറിച്ച് നേരെ ബ്രാത്വെയ്‌റ്റിന് നേരെയാണ് പോയതെങ്കിലും റീബൗണ്ടിൽ ലക്ഷ്യം നേടാൻ താരത്തിന് കഴിഞ്ഞില്ല. പക്ഷേ ഇതിൻ്റെ കുറവ് അവർ അടുത്ത നിമിഷം തന്നെ തിരുത്തി ഡെന്മാർക്ക് അവരുടെ മൂന്നാം ഗോൾ നേടി. പ്രതിരോധ താരം മെയ്ലാണ് ഡാനിഷ് ടീമിൻ്റെ മൂന്നാം ഗോൾ നേടിയത്. മതിയാസ് ജെൻസൻ്റെ ഒരു ക്രോസ് ഫീൽഡ് പാസ് സ്വീകരിച്ച് താരം എടുത്ത ഒരു ഇടം കാലൻ ഷോട്ട് റേഞ്ചർ വലയുടെ വലത് മൂല തുളച്ച് കയറുകയായിരുന്നു. ഇതിനിടെ വെയ്ൽസ് താരമായ വിൽസന് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോകേണ്ടിയും വന്നു. 

കളി പക്ഷേ അവിടെ തീർന്നിരുന്നില്ല. കളിയുടെ ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ വെയ്ൽസ് ടീമിൻ്റെ നെഞ്ചത്ത് അവസാന ആണിയും അടിച്ചിറക്കിക്കൊണ്ട് മാർട്ടിൻ ബ്രാത്വെയ്‌റ്റിലൂടെ അവർ അവരുടെ നാലാം ഗോളും നേടി. താരത്തിൻ്റെ ഗോൾ ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചെങ്കിലും വാർ പരിശോധനയിലൂടെ തീരുമാനം തിരുത്തി ഡെൻമാർക്കിന് ഗോൾ അനുവദിച്ച് കൊടുക്കുകയായിരുന്നു. 

ജയത്തിനിടയിലും അവർക്ക് അവരുടെ ക്യാപ്റ്റനായ സൈമൺ കയേർ പരുക്കേറ്റ് പുറത്തായത് തിരിച്ചടിയായി.Summary

Denmark thrashes Wales by 4-0 margin to reach quarter final
Published by: Naveen
First published: June 27, 2021, 12:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories