Euro Cup | ബാക്കുവില്‍ ഡാനിഷ് പടയോട്ടം; ചെക്ക് റിപബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്ക്ക് സെമിയിലേക്ക്
Euro Cup | ബാക്കുവില്‍ ഡാനിഷ് പടയോട്ടം; ചെക്ക് റിപബ്ലിക്കിനെ തകര്‍ത്ത് ഡെന്മാര്ക്ക് സെമിയിലേക്ക്
ഡെന്മാര്ക്കിനായി തോമസ് ഡെലാനി, കാസ്പര്‍ ഡോള്‍ബെര്‍ഗ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പര്‍താരം പാട്രിക്ക് ഷിക്കാണ് ഗോള്‍ നേടിയത്.
ബാക്കുവില്‍ നടന്ന ആവേശകരമായ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപബ്ലിക്കിനെ തകര്‍ത്തുകൊണ്ട് ഡെന്മാര്ക്ക് സെമിയിലേക്ക്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഡെന്മാര്ക്കിന്റെ വിജയം. ആദ്യ പകുതിയിലെ മികച്ച പ്രകടനമാണ് ഡെന്മാര്ക്കിന് വിജയം നല്‍കിയത്. ടൂര്‍ണമെന്റില്‍ അട്ടിമറികളുമായി മുന്നേറിയ ഇരു ടീമുകളും ഗംഭീര പ്രകടനമാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്. ഡെന്മാര്ക്കിനായി തോമസ് ഡെലാനി, കാസ്പര്‍ ഡോള്‍ബെര്‍ഗ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പര്‍താരം പാട്രിക്ക് ഷിക്കാണ് ഗോള്‍ നേടിയത്.
വമ്പന്‍ അട്ടിമറികളിലൂടെയാണ് ഇരു ടീമുകളും ക്വാര്‍ട്ടറില്‍ എത്തിയത്. അവസാന മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വെയില്‍സിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഡെന്മാര്ക്ക് ഇന്നിറങ്ങിയത്. എന്നാല്‍ മറുഭാഗത്ത് പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഹോളണ്ടിനെ ആട്ടിമറിച്ചുകൊണ്ടായിരുന്നു ചെക്ക് ടീമിന്റെ കടന്നു വരവ്. മത്സരം ആരംഭിച്ച് അഞ്ചാം മിനിട്ടില്‍ തന്നെ ഡെന്മാര്ക്ക് ചെക്ക് ടീമിനെതിരെ സ്കോര്‍ ചെയ്തു. തോമസ് ഡെലാനിയാണ് ഡെന്മാര്ക്കിന് വേണ്ടി ഗോള്‍ നേടിയത്. തങ്ങള്‍ക്കനുകൂലമായി ലഭിച്ച ആദ്യ കോര്‍ണര്‍ അവസരം തന്നെ തകര്‍പ്പന്‍ ഹെഡറിലൂടെ ഡെലാനി ഗോള്‍ വര കടത്തുകയായിരുന്നു. സ്ട്രൈഗര്‍ ലാഴ്സന്റെ ഔട്ട് സ്വിങ്ങര്‍ കിക്കാണ് ഗോളിന് വഴിയൊരുക്കിയത്.
ആദ്യ ഗോള്‍ വീണതോടെ ചെക്ക് ഉണര്‍ന്നു കളിച്ചു. 11-ാം മിനിട്ടില്‍ ചെക്കിന്റെ കുന്തമുനയായ പാട്രിക്ക് ഷിക്ക് ഡെന്മാര്ക്ക് ബോക്സിനകത്തേക്ക് കുതിച്ചു പാഞ്ഞെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ചെക്ക് റിപ്പബ്ലിക്കായിരുന്നെങ്കിലും ഗോള്‍ മാത്രം അവര്‍ക്ക് അന്യം നിന്നു. ചെക്ക് മുന്നേറ്റനിരയുടെ തുടര്‍ച്ചായുള്ള ആക്രമണങ്ങളെ ഡെന്മാര്ക്ക് പ്രതിരോധം നല്ല രീതിയില്‍ തന്നെ തടയിട്ടു. 21ആം മിനിട്ടില്‍ ചെക്കിന്റെ ഹോള്‍സ് പന്തുമായി ബോക്സിലെത്തിയെങ്കിലും ഗോള്‍കീപ്പര്‍ ഷ്മൈക്കേല്‍ പന്ത് തട്ടിയകറ്റി. 33ആം മിനിട്ടില്‍ സ്ട്രൈഗര്‍ക്ക് ബോക്സിനകത്തുവെച്ച് ഗോളവസരം ലഭിച്ചെങ്കിലും ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്ക് മുന്നോട്ട് കയറിവന്ന് പന്ത് പിടിച്ച് അപകടം ഒഴിവാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കേ കാസ്പര്‍ ഡോള്‍ബര്‍ഗിലൂടെ ഡെന്മാര്ക്ക് ലീഡുയര്‍ത്തി. മെയ്ലിന്റെ അളന്നു മുറിച്ച ക്രോസില്‍ കാലുവെച്ച് ഗോള്‍കീപ്പര്‍ വാസ്ലിക്കിനെ കാഴ്ചക്കാരനാക്കികൊണ്ടാണ് ഡോള്‍ബര്‍ഗിന്റെ ഗോള്‍.
രണ്ടാം പകുതിയില്‍ ചെക്ക് ടീം കൂടുതല്‍ ആക്രമണകാരികളായി കാണപ്പെട്ടു. രണ്ടാം പകുതിയില്‍ നാല് മിനിട്ടിനുള്ളില്‍ ചെക്ക് ടീം ഒരു ഗോള്‍ മടക്കി. ചെക്കിന്റെ ഗോളടി യന്ത്രം പാട്രിക് ഷിക്കാണ് അവര്‍ക്കായി ഗോള്‍ നേടിയത്. ഷിക്ക് ഇത്തവണത്തെ യൂറോയില്‍ നേടുന്ന അഞ്ചാം ഗോളായിരുന്നു ഇത്. 59ആം മിനിട്ടില്‍ ഗോള്‍ സ്കോറര്‍ ഡോള്ബര്ഗിനെ പിന്‍വലിച്ച് യൂസഫ് പോള്‍സനെ കളത്തിലിറക്കി. പോള്‍സനും ചെക്ക് ഗോള്‍ മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്നാല്‍ ചെക്ക് ഗോള്‍കീപ്പര്‍ വാസ്ലിക്കിന്റെ പ്രതിരോധം മറികടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പിന്നീട് നിശ്ചിത സമയത്തും ആറ് മിനിട്ട് ഇഞ്ചുറി ടൈമിലും സമനില ഗോളിനായി ചെക്ക് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും എല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.