നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ദേവ്ദത്ത് പടിക്കലിന് കേരളത്തിനെതിരെ വീണ്ടും സെഞ്ച്വറി; ഇനി മുന്നിൽ വിരാട് കോഹ്ലി മാത്രം

  ദേവ്ദത്ത് പടിക്കലിന് കേരളത്തിനെതിരെ വീണ്ടും സെഞ്ച്വറി; ഇനി മുന്നിൽ വിരാട് കോഹ്ലി മാത്രം

  കേരളത്തിനെതിരെ ക്വാർട്ടറിൽ സെഞ്ച്വറി നേടിക്കൊണ്ടാണ് ദേവ്ദത്ത് ചരിത്ര നേട്ടത്തിനരികിൽ എത്തിയത്

  devdutt padikkal

  devdutt padikkal

  • Share this:
   ന്യൂഡല്‍ഹി: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അറിയപ്പെടുന്നത്. ഇപ്പോഴിതാ, വിരാട് കോഹ്ലിയെ മറികടക്കാൻ ഒരുങ്ങുകയാണ് മലയാളി കൂടിയായ കർണാടകയുടെ ദേവ്ദത്ത് പടിക്കൽ. വിജയ് ഹസാരെ ട്രോഫി ഏകദിനത്തിൽ ഒരു സീസണിൽ ഏറ്റവും അധികം സെഞ്ച്വറി നേടുന്ന താരമെന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ദേവ്ദത്ത് പടിക്കൽ.

   ജന്മനാടായ കേരളത്തിനെതിരെ ക്വാർട്ടറിൽ സെഞ്ച്വറി നേടിക്കൊണ്ടാണ് ദേവ്ദത്ത് ചരിത്ര നേട്ടത്തിനരികിൽ എത്തിയത്. കര്‍ണാടക ഓപ്പണറായ ദേവ്ദത്ത് ടൂര്‍ണമെന്റിലെ നാലാം സെഞ്ച്വറിയാണ് ഇന്ന് കേരളത്തിനെതിരെ നേടിയത്. കേരളത്തിനെതിരേ 119 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 101 റണ്‍സാണ് ദേവ്ദത്ത് നേടിയത്.

   2008-09 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലാണ് വിരാട് കോലി നാല് സെഞ്ച്വറി നേടിയത്. കേരളത്തിനെതിരായ ക്വാര്‍ട്ടറില്‍ ജയിക്കാനായാല്‍ ടൂർണമെന്‍റിൽ കർണാടകത്തിന് ഇനിയും മത്സരങ്ങൾ ലഭിക്കും. ഇതിൽ ഒരു സെഞ്ച്വറി കൂടി നേടി കോഹ്ലിയെ മറികടക്കാമെന്ന ചരിത്ര നേട്ടമാണ് ദേവ്ദത്ത് പടിക്കലിനെ കാത്തിരിക്കുന്നത്.

   Also Read- Devdutt Padikkal| 'കഴിവുള്ള താരം; ദീർഘവീക്ഷണവുമുണ്ട്'; മലയാളിതാരം ദേവ്‌ദത്ത് പടിക്കലിനെ പുകഴ്‌ത്തി ഇന്ത്യൻ ക്യാപ്റ്റൻ

   ദേവ്ദത്ത് ആറു മത്സരത്തില്‍ നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 673 റണ്‍സാണ് ഇതിനോടകം അടിച്ചെടുത്തത്. 61 ഫോറും 20 സിക്‌സും ദേവ്ദത്ത് ഇതിനോടകം അക്കൗണ്ടിലാക്കി കഴിഞ്ഞു. മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലുള്ള ദേവ്ദത്ത് തന്നെ ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററാകാനും ഇടയുണ്ട്. ദുബായിലും അബുദാബിയിലുമായി നടന്ന 2020 സീസണിലെ ഐ പി എല്ലില്‍ ആര്‍ സി ബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.

   അടുത്ത മാസം തുടങ്ങുന്ന ഐ പി എല്ലിൽ ഇത്തവണയും ഇടം കൈയൻ ഓപ്പണറായ മലയാളി താരം ആർ സി ബിക്കുവേണ്ടി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് കരുതുന്നത്. ഈ സീസണിലും ഐപിഎല്ലിൽ തിളങ്ങാനായാൽ, ദേവ്ദത്തിന് ഇന്ത്യൻ ടീമിൽ ഇടംനേടാൻ എളുപ്പമാകും. ഐപിഎല്ലിൽ ഉൾപ്പടെ വിരാട് കോഹ്ലിയുടെ ഉറച്ച പിന്തുണ കിട്ടുന്നത് മലയാളി താരത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

   വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടർ ഫൈനലിൽ ടോസ് നേടിയ കേരളം കര്‍ണാടകയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 338 എന്ന വമ്പന്‍ വിജയ ലക്ഷ്യമാണ് കര്‍ണാടക കേരളത്തിന് മുന്നില്‍ വെച്ചത്. ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥ് (158 പന്തില്‍ 192) കര്‍ണാടക നിരയിലെ ടോപ് സ്‌കോററായി. എട്ടു റൺസ് അകലെ ഇരട്ട സെഞ്ച്വറി നഷ്ടമായെങ്കിലും ഓപ്പണറായി ദേവ്ദത്തിനൊപ്പം ഇറങ്ങിയ സമര്‍ത്ഥ് 22 ഫോറും മൂന്ന് സിക്‌സും പറത്തി മികച്ച ഇന്നിംഗ്സാണ് പുറത്തെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 249 റണ്‍സാണ് സമര്‍ത്ഥും ദേവ്ദത്തും ചേര്‍ന്ന് കര്‍ണാടകയ്ക്കു വേണ്ടി അടിച്ചെടുത്തത്. കേരളത്തിനു വേണ്ടി എന്‍പി ബേസിലാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ശ്രീശാന്ത് 10 ഓവറില്‍ 73 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടാനായില്ല. പരിക്കേറ്റ സഞ്ജു സാംസണ്‍ ഇന്നു കളിക്കാത്തതും കേരളത്തിന് തിരിച്ചടിയാണ്.

   Devdutt Padikkal, Devdutt Padikkal tons, Devdutt Padikkal career, Devdutt Padikkal Cricketer, Vijay Hazare trophy, Virat Kohl, ദേവ്ദത്ത് പടിക്കൽ, വിജയ് ഹസാരെ ട്രോഫി, വിരാട് കോഹ്ലി
   Published by:Anuraj GR
   First published: