• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദെഷാമിന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകി ഉംറ്റിറ്റി


Updated: July 15, 2018, 10:30 PM IST
ദെഷാമിന്റെ സ്വപ്നങ്ങൾക്കു ചിറകു നൽകി ഉംറ്റിറ്റി

Updated: July 15, 2018, 10:30 PM IST
നായകനായും പരിശീലകനായും കപ്പിൽ മുത്തമിടാനൊരുങ്ങി ദെഷാം

രണ്ടാം ലോകകപ്പ് കിരീടം, രണ്ടു വേഷത്തിൽ… ദെഷാം സ്വപ്നം കാണുകയാണ്

കളിക്കാരനായും കോച്ചായും കിരീടം നേടുന്ന മൂന്നാം താരമാവുമോ?

നായകനായും പരിശീലകനായും കപ്പെടുക്കുന്ന രണ്ടാമനും…!

ഒരു തകർപ്പൻ ഹെഡർ. ഒരൊറ്റ ഗോൾ. ദിദിയെ ദെഷാമിന്റെ സ്വപ്നങ്ങൾ പറക്കുകയാണ്. എംബെപ്പെയും പോഗ്ബയും ഗ്രീസ്മനും നിരന്ന സൂപ്പർ നിരയിൽ കോച്ച് ദെഷാമിന്റെ മോഹങ്ങൾക്ക് ചിറകു നൽകിയത് സാമുവൽ ഉംറ്റിറ്റി!
Loading...
രണ്ടാം ലോകകപ്പ് മോഹിച്ചെത്തി, അതിനൊത്ത കളിയിലൂടെ ഫൈനലിലേക്കു കുതിച്ച ഫ്രാൻസിനൊപ്പം കോച്ച് ദിദിയെ ദെഷാമും കാത്തിരിക്കുന്നു. 1998ൽ ഫ്രാൻസിനെ ആദ്യലോകകപ്പ് കിരീടത്തിലേക്കു നയിച്ച ദിദിയെ ദെഷാം പരിശീലകന്റെ കുപ്പായത്തിൽ കൂടി ആ കപ്പിൽ മുത്തമിടുക എന്ന നേട്ടത്തിനൊരുങ്ങി നിൽക്കുകയാണ് - ജർമനിയുടെ കൈസർ - ഫ്രാൻസ് ബെക്കൻബോവറിനു മാത്രം അവകാശപ്പെട്ട നേട്ടം. രണ്ടു വട്ടം കളിക്കാരനായും ഒരിക്കൽ മാനേജരായും പിന്നെ ഒരു വട്ടം അസിസ്റ്റന്റ് മാനേജരായും കപ്പെടുത്ത ബ്രസീലിന്റെ മരിയോ സഗായോ മാത്രമാണ് പിന്നെ ഒന്നിലധികം റോളുകളി‍ൽ കിരീടമണിഞ്ഞ താരം.

പിറന്നത് ഒരു ഗോൾ മാത്രം. ജയിച്ചത് ഫ്രാൻസും. പക്ഷേ ചെമ്പട വെറുതെയങ്ങു തോറ്റു കൊടുത്തതല്ല. ലോകകപ്പ് സെമിഫൈനലിനൊത്ത പോരാട്ടമാണ് നടന്നത്. അതിനൊടുവിൽ തോൽക്കാൻ മനസില്ലെന്ന ഫ്രാൻസിന്റെ ഭാവവും നിർഭാഗ്യവും – അതോ നഷ്ടപ്പെടുത്തിയ അവസരങ്ങളോ – ബെൽജിയത്തെ കീഴടക്കി. ഫ്രാൻസിനും കിരീടത്തിനുമിടയിൽ ഇനി ഒരേയൊരു കളി!

ഇരു ഗോൾകീപ്പർമാർക്കും പിടിപ്പതു പണിയായിരുന്നു. ഇരുഭാഗത്തേക്കും പന്തു പറന്നിട്ടും ഗോൾ അകന്നു നിന്ന ആദ്യ പകുതി. ഒടുവിൽ 51-ാം മിനിറ്റിൽ ഗ്രീസ്മന്റെ കോർണർ കിക്ക്. ഫെല്ലെയ്നിയെന്ന അതികായനെ കീഴടക്കിയ ചാട്ടത്തിന്റെ ക്ളൈമാക്സിൽ ഉംറ്റിറ്റിയുടെ ഹെഡർ കോർട്വയുടെ നീണ്ട കൈകളെ കീഴടക്കി പോസ്റ്റിലേക്ക്. ബാഴ്സലോണയുടെ പയ്യൻ ഒറ്റയടിക്ക് ലെ ബ്ള്യൂസിന്റെ (ഫ്രാൻസ്) മുത്തായി!

തകർത്തു കളിച്ച ബെൽജിയം ഗോളടിക്കാൻ മാത്രം മറന്നു പോയി. മറുവശത്ത് ലോറിയും എംബാപെയും വരെയ്നും ഇരമ്പിക്കയറിയപ്പോൾ വീഴേണ്ടിയിരുന്ന അത്രയും ഗോൾ വീണില്ലെന്ന് ഏതായാലും അവർക്ക് ആശ്വസിക്കാം. ഇതോടെ തോൽവിയറിയാതെ 24 മൽസരമെന്ന ബെൽജിയത്തിന്റെ ജൈത്രയാത്രയ്ക്കും അന്ത്യം.

പക്ഷേ ചുവന്ന വീരൻമാർക്കു തലയുയർത്തിത്തന്നെ നാട്ടിലേക്കു മടങ്ങാം. ബ്രസീൽ എന്ന വമ്പൻ ടീമിനെ അതിനു മുന്നേ നാട്ടിലേക്കു മടക്കിയായിരുന്നല്ലോ അവരുടെ കുതിപ്പ്. വീരോചിതമായ വരവേൽപ്പു തന്നെയാണ് നാട്ടുകാർ ഒരുക്കിയിരിക്കുന്നതും.

എതിരാളികളെ കാത്തിരിക്കുകയാണ് ഫ്രഞ്ച് പട. ആരായാലും പ്രശ്നമില്ലെന്ന മട്ടിലാണ് കുതിപ്പും കരുത്തും. അട്ടിമറികളെ സ്നേഹിച്ച ലോകകപ്പ് ആയതിനാൽ ആരും പ്രവചിക്കാനൊരുങ്ങുന്നില്ലെന്നു മാത്രം!
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍