ലോഡ്സിലെ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയാണ് ലീഡ്സില്‍ നേരിട്ടത്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യയെ ഇന്നിങ്സിനും 76 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും ഓരോ കളികള്‍ വീതം ജയിച്ച് സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ പരമ്പര നേടണമെങ്കില്‍ സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യവുമായി രംഗത്തെത്തുകയാണ് ഇന്ത്യന്‍ മുന്‍ നായകന് ദിലിപ് വെങ്സാര്‍ക്കര്‍. സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും വൈകരുത് എന്ന് അദ്ദേഹം പറഞ്ഞു.
'ഹനുമാ വിഹാരിക്ക് മുന്‍പായി സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി ബാറ്റിങ് ശക്തിപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം. ഒരു ബൗളറെ ഒഴിവാക്കി ആറ് ബാറ്റ്സ്മാന്മാരുമായി ഇറങ്ങണം. ഈ ഇന്ത്യന്‍ ടീമിലെ മികച്ച താരങ്ങളുടെ കഴിവുകള്‍ക്ക് ഒപ്പം പിടിക്കാന്‍ സൂര്യകുമാര്‍ യാദവിന് കഴിയും. ഒരുപാട് നാളായി സൂര്യ നമുക്ക് മുന്പിലുണ്ട്. ഒരുപാട് വൈകുന്നതിന് മുന്‍പ് സൂര്യയെ ടീമില്‍ ഉള്‍പ്പെടുത്തണം'- വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെങ്സാര്‍ക്കര്‍ പറഞ്ഞു.
അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും വെങ്സാര്‍ക്കര്‍ ചോദ്യം ചെയ്തു. അശ്വിനെ മാറ്റി നിര്‍ത്തുന്നത് തന്നെ സംബന്ധിച്ച് ഒരു നിഗൂഡതയാണ് എന്നാണ് അദ്ദേഹം പറയുന്നത്. 'നിങ്ങളുടെ ഏറ്റവും മികച്ച താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. ഈ ചിന്ത ദഹിക്കാന്‍ പ്രയാസമാണ്.'- അദ്ദേഹം പറഞ്ഞു.
അതേസമയം ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് നായകന് വിരാട് കോഹ്ലി വിശദമാക്കിയിട്ടുണ്ട്. ആറാം നമ്പറില്‍ ഒരു ബാറ്റ്സ്മാനെക്കൂടെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന് നിങ്ങള്‍ ഒരു തികഞ്ഞ ബാറ്റ്സ്മാനെ കുറിച്ചാണോ പറയുന്നത് എന്നായിരുന്നു പ്രസ് കോണ്‍ഫറന്‍സില്‍ കോഹ്ലി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അങ്ങനെയൊരു ബാലന്‍സില്‍ എനിക്ക് വിശ്വാസമില്ല. തോല്‍വി ഒഴിവാക്കുകയോ ജയിക്കാന്‍ ശ്രമിക്കുകയോ ആണ് നമുക്ക് ചെയ്യാനാവുക. ഇത്രയും ബാറ്റ്സ്മാന്മാരെ വെച്ച് മുന്‍പ് നമ്മള് മത്സരം സമനിലയിലാക്കിയിട്ടുണ്ട്, കോഹ്ലി പറഞ്ഞു.
വിക്കറ്റ് കീപ്പര്‍ ഉള്‍പ്പെടെ നമ്മുടെ ടോപ് 6 ബാറ്റ്സ്മാന്മാര് അവരുടെ ജോലി ചെയ്യുന്നില്ലെങ്കില്‍, എക്സ്ട്രാ ബാറ്റ്സ്മാന് അവിടെ രക്ഷക്കെത്തുമെന്ന് ഒരു ഉറപ്പുമില്ല. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അഭിമാനം തോന്നണം എന്നും കോഹ്ലി ചൂണ്ടിക്കാണിച്ചു.
2007ല്‍ ഇംഗ്ലണ്ടില്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയതിന് ശേഷം ഇതുവരെ ഇന്ത്യക്ക് ഇവിടെ പരമ്പര നേടാന്‍ കഴിഞ്ഞിട്ടില്ല. 2018ല്‍ അവസാനമായി പര്യടനം നടത്തിയപ്പോള്‍ 4-1നാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്. ഇത്തവണ ഇവിടെ പരമ്പര നേടാന്‍ ഉറച്ചാണ് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ സംഘം എത്തിയിരിക്കുന്നത്. നിലവില്‍ പരമ്പര സമനിലയില്‍ നില്‍ക്കെ അവസാന രണ്ട് ടെസ്റ്റുകളിലെയും പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.