കഴിഞ്ഞ ദിവസത്തെ മുംബൈ ഇന്ത്യൻസ്-റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ കസറിയത് മുംബൈ താരം സൂര്യകുമാർ യാദവാണ്. ഓസ്ട്രേലിയൻ പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ നിന്നും തഴഞ്ഞവർക്ക് സൂര്യകുമാർ ക്രീസിൽ മറുപടി നൽകിയെന്നാണ് ആരാധകർ കരുതുന്നത്. 43 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്താത്തതിനെതിരെ ഇതിനകം നിരവധി കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ടീമിലേക്ക് സൂര്യകുമാറിനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലി സെലക്ടർമാരോട് ചോദിക്കണമെന്ന് മുൻ ഇന്ത്യൻ താരവും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്സർക്കാർ.
"രാജ്യത്ത് നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് സൂര്യ. അദ്ദേഹത്തെ തഴഞ്ഞതിൽ ആശ്ചര്യമുണ്ട്. സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച്ച വെക്കുന്നത്. ഇന്ത്യൻ ടീമിൽ ഇടംനേടാൻ ഇതിൽ കൂടുതൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല"- വെങ്സർക്കാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
26-34 വയസ്സിനിടയിലാണ് ഒരു ബാറ്റ്സ്മാൻറെ കരിയറിലെ സുവർണകാലം. മുപ്പതുകാരനായ സൂര്യ കരിയറിയിൽ ഏറ്റവും ഉന്നതിയിലാണ് ഇപ്പോഴെന്ന് താൻ കരുതുന്നത്. ഫോമും ഫിറ്റ്നസുമല്ലാതെ മറ്റെന്താണ് തെരഞ്ഞെടുപ്പിൽ മാനദണ്ഡമാകേണ്ടത്. ആരെങ്കിലും വിശദീകരിക്കാമോ എന്നും വെങ്സർക്കാർ ചോദിക്കുന്നു.
സൂര്യകുമാറിനെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നത് സൗരവ് ഗാംഗുലി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ, മനോജ് തിവാരി, ഹർഭജൻ സിങ് എന്നിവരും സൂര്യകുമാറിനെ ഉൾപ്പെടുത്താതത്തിനെ പരസ്യമായി ചോദ്യം ചെയ്തിരുന്നു.
നവംബർ 27 ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ, നാല് ടെസ്റ്റുകളും മൂന്ന് വീതം ട്വന്റി-20, ഏകദിന മത്സരങ്ങളുമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: IPL 2020, Mumbai indians, Sourav ganguly