നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Durand Cup | ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള ഇന്നിറങ്ങുന്നു; എതിരാളികൾ ആർമി റെഡ്

  Durand Cup | ഡ്യൂറണ്ട് കപ്പിൽ ഗോകുലം കേരള ഇന്നിറങ്ങുന്നു; എതിരാളികൾ ആർമി റെഡ്

  കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആർമി റെഡ് ടീമിനെയാണ് ഗോകുലം നേരിടാൻ ഇറങ്ങുന്നത്.

  Image credits: Gokulam Kerala FC, Twitter

  Image credits: Gokulam Kerala FC, Twitter

  • Share this:
   ഡ്യൂറണ്ട് കപ്പ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സിക്ക് ഇന്ന് ആദ്യ മത്സരം. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആർമി റെഡ് ടീമിനെയാണ് ഗോകുലം നേരിടാൻ ഇറങ്ങുന്നത്. ഗോകുലം ഉൾപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ അസം റൈഫിൾസ്, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകളുമുണ്ട്.

   ഗ്രൂപ്പ് ഡി യിലെ ആദ്യ മത്സരത്തിൽ അസം റൈഫിള്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍മി റെഡ് ഗോകുലത്തെ നേരിടാൻ ഇറങ്ങുക. അസം റൈഫിൾസിനെതിരെ 4-1 ന്റെ ആധികാരിക വിജയം നേടിയ ആര്‍മി, എഫ്‌സി ഗോകുലത്തിനെതിരെയും അതേ പ്രകടനം തുടരാം എന്ന കണക്കുകൂട്ടലിലാണ്.

   എന്നാല്‍ ഗോകുലത്തിന്റെ കരുത്തില്‍ പരിശീലകന്‍ വിഞ്ചെൻസോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ടീം ആരേയും നേരിടാന്‍ കരുത്തരാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'കരുത്തുറ്റ ടീമുമായാണ് ഇത്തണയും ഡ്യൂറണ്ട് കപ്പില്‍ ഗോകുലം കളത്തില്‍ ഇറങ്ങുന്നത്. പുതുമുഖങ്ങളായി എത്തിയ വിദേശ താരങ്ങള്‍, പരിചയ സമ്പന്നരായ ഇന്ത്യന്‍ താരങ്ങള്‍ എന്നിവരുടെ സാന്നിധ്യം ടീമിന്റെ ശക്തിയാണ്.' - വിഞ്ചെൻസോ വ്യക്തമാക്കി.

   'ഞങ്ങളുടെ ലക്ഷ്യം ഡ്യൂറണ്ട് കപ്പ് വീണ്ടും നേടുക എന്നത് തന്നെയാണ്. കഴിഞ്ഞ വർഷത്തെ പോലെ ഈ വര്‍ഷവും ഗോകുലത്തിനു നല്ല ടീമുണ്ട്. കപ്പ് കോഴിക്കോട്ടെക്ക് കൊണ്ട് വരുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും.' - വിഞ്ചെൻസോ കൂട്ടിച്ചേർത്തു.

   കഴിഞ്ഞ വര്‍ഷത്തെ പോലെ യുവ കളിക്കാര്‍ക്ക് അവസരം നല്‍കുന്ന രീതി തന്നെയാണ് ഇക്കുറിയും ഗോകുലം തിരഞ്ഞെടുത്തത്. അതിന്റെ ഭാഗമായാണ് ഗോകുലത്തിന്റെ റിസര്‍വ് ടീമില്‍ നിന്നും മധ്യനിരക്കാരായ റിഷാദ് പി പി, അഭിജിത് കെ എന്നിവരെ ഈ വർഷം സീനിയർ ടീമിലേക്ക് എത്തിച്ചത്. 12 കേരള താരങ്ങളില്‍, 11 പേരും മലബാറില്‍ ഉള്ളവരാണ്.

   ഐ ലീഗ് വിജയികളായ ടീമില്‍ നിന്നും 11 കളിക്കാരെ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌. അഫ്ഗാൻ താരവും ക്യാപ്റ്റനുമായ മുഹമ്മദ് ഷെരീഫിന്റെ കരാര്‍ പുതുക്കുകയും, അമിനോ ബൗബാ, ചിസം എല്‍വിസ് ചിക്കത്താറ , റഹീം ഒസുമാനു എന്നീ വിദേശ താരങ്ങളുമായി ഗോകുലം കരാറിലെത്തുകയും ചെയ്തിട്ടുണ്ട്.

   ഡ്യൂറണ്ട് കപ്പിനുള്ള ഗോകുലം കേരള സംഘം :

   ഗോള്‍കീപ്പര്‍മാർ: രക്ഷിത് ദാഗര്‍, അജ്മല്‍ പി എ, വിഗ്നേശ്വരന്‍ ഭാസ്കരന്‍

   പ്രതിരോധനിര: അമിനോ ബൗബാ, അലക്സ് സജി, പവന്‍ കുമാര്‍, മുഹമ്മദ് ജാസിം, മുഹമ്മദ് ഉവൈസ്, ദീപക് സിംഗ്, അജിന്‍ ടോം,

   മധ്യനിര: എമില്‍ ബെന്നി, മുഹമ്മദ് റഷീദ്, ഷെരീഫ് മുഹമ്മദ്, സോഡിങ്ലിയാന, റിഷാദ് പി പി, അഭിജിത് കെ, ചാള്‍സ് ആനന്ദരാജ്

   മുന്നേറ്റനിര: ചിസം എല്‍വിസ് ചിക്കത്താറ, റഹീം ഒസുമാനു, ജിതിന്‍ എം എസ്, റൊണാള്‍ഡ്‌ സിംഗ്, സൗരവ്, ബെന്നസ്റ്റാന്‍, താഹിര്‍ സമാന്‍.

   Also read- Kerala Blasters | ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

   അതേസമയം, കേരളത്തിൽ നിന്നും ഡ്യൂറണ്ട് കപ്പിൽ മത്സരിക്കുന്ന മറ്റൊരു ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ടൂർണമെന്റിലെ അവരുടെ ആദ്യ മത്സരത്തിൽ ജയം നേടി. മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തുകയായിരുന്നു. എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.
   Published by:Naveen
   First published: