നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഡ്യൂറന്റ് കപ്പ് ഫുട്ബോൾ: ബഗാനെ തകർത്ത് ഗോകുലം കേരള ചാമ്പ്യൻമാർ

  ഡ്യൂറന്റ് കപ്പ് ഫുട്ബോൾ: ബഗാനെ തകർത്ത് ഗോകുലം കേരള ചാമ്പ്യൻമാർ

  കേരളത്തിൽ നിന്നുള്ള ഒരു ടീം ഡ്യൂറന്റ് കപ്പ് നേടുന്നത് 22 വർഷത്തിന് ശേഷം

  • News18
  • Last Updated :
  • Share this:
   കൊൽക്കത്ത: കരുത്തന്മാരായ മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കി ഗോകുലം കേരളത്തിന് ഡ്യൂറന്റ് കപ്പ്. കലാശപ്പോരാട്ടത്തിൽ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഗോകുലം തോൽപിച്ചത്. ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ ഇരട്ടഗോളാണ് ഗോകുലത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. ഡ്യുറന്റ് കപ്പ് നേടുന്ന രണ്ടാമത്തെ കേരള ടീമാണ് ഗോകുലം. 1997ൽ മോഹൻബഗാനെ തോൽപിച്ചാണ് എഫ് സി കൊച്ചിൻ ആദ്യം കപ്പ് സ്വന്തമാക്കിയത്. ഗോകുലം താരങ്ങളായ മാർക്കസ് ജോസഫും സി കെ ഉബൈദും ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ പുരസ്കാരങ്ങൾ നേടി. ഒരുകളിപോലും തോൽക്കാതെയാണ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലത്തിന്റെ കിരീടനേട്ടം.

   കലാശപ്പോരാട്ടത്തിന്റെ തുടക്കം മുതൽ ഗോകുലത്തിന്റെ മുന്നേറ്റമായിരുന്നു. എന്നാൽ ആദ്യ ഗോളിനായി ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു. ആദ്യപകുതി ഗോൾരഹിതമായി അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ഇഞ്ച്വറി ടൈമിൽ ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. മാർക്കസ് ജോസഫ് വലകുലുക്കിയതോടെ ഗോകുലം മുന്നിലെത്തി. സ്വന്തം തട്ടകത്തിൽ ആരാധകരുടെ ആരവങ്ങളുടെ അകമ്പടിയോടെ തിരിച്ചുവരവിനുള്ള മോഹൻ ബഗാന്റെ ശ്രമങ്ങൾക്കിടെ 51ാം മിനിറ്റിലാണ് ഗോകുലം ലീഡ‍് വർധിപ്പിച്ചത്. നവോച്ച സിങ്ങിൽനിന്ന് ലഭിച്ച ത്രൂബോളുമായി മുന്നോട്ടു കയറി മാർക്കസ് ജോസഫ് തൊടുത്ത ഷോട്ട് ബഗാൻ ഗോൾകീപ്പറെ മറികടന്ന് വലയിൽ. 64 ാം മിനിറ്റിൽ മോഹൻ ബഗാന്റെ ആശ്വാസഗോൾ സാൽവോ ചമോരൊ നേടി.

   ഇരുടീമിലും ഓരോ താരങ്ങൾ ചുവപ്പുകാർഡ് കണ്ടു. ഗോകുലം താരം ജസ്റ്റിൻ ജോർജ് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് 87ാം മിനിറ്റിലാണ് പുറത്തുപോയത്. തുടർന്ന് 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്. ഇഞ്ച്വറി ടൈമിന്റെ അവസാനമിനിറ്റിൽ പെനൽറ്റി നിഷേധിച്ചതിന് റഫറിക്കെതിരെ കയർത്ത മോഹൻ ബഗാൻ താരം ഫ്രാൻസെസ്കോ മൊറാന്റെയ്ക്കും ചുവപ്പുകാർഡ് ലഭിച്ചു. ഡ്യുറന്റ് കപ്പിൽ 16 തവണ ചാമ്പ്യൻമാരായിട്ടുള്ള ടീമാണ് മോഹൻ ബഗാൻ. സെമിയിൽ മറ്റൊരു കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഗോകുലം ഫൈനലിൽ കടന്നത്. ഈസ്റ്റ് ബംഗാളും 16 തവണ കിരീടം നേടിയിട്ടുണ്ട്.

   First published: