• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

മോസ്കോയിൽ ലൊസാനോ ഗോളടിച്ചു, മെക്‌സിക്കോയിൽ ഭൂമി കുലുങ്ങി


Updated: June 21, 2018, 10:53 AM IST
മോസ്കോയിൽ ലൊസാനോ ഗോളടിച്ചു, മെക്‌സിക്കോയിൽ ഭൂമി കുലുങ്ങി

Updated: June 21, 2018, 10:53 AM IST
ഞായറാഴ്ച രാത്രി. ഇങ്ങ് മോസ്കോയിലെ ലുഷ്‌കിനി സ്റ്റേഡിയത്തിൽ ജർമനിയുടെ നെഞ്ചു പിളർന്ന് ഹിർവിങ് ലൊസാനോയുടെ ഗോൾ. അങ്ങു മെക്‌സിക്കോ സിറ്റിയിൽ ഭൂകമ്പം! തമാശയല്ല. ലൊസാനോയുടെ ഗോൾ ആഘോഷിക്കാൻ ആരാധകർ തുള്ളിച്ചാടിയപ്പോൾ സംഭവിച്ചതാണിത്! മെക്‌സിക്കോ സിറ്റിയിലെ രണ്ടു മോണിറ്ററിങ് സ്റ്റേഷനുകളിലും ചിലിയിലെ ഒരു കേന്ദ്രത്തിലും ഭൂചലനം രേഖപ്പെടുത്തിയെന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മെക്‌സിക്കോ സിറ്റിയിലെ സൊക്കാലോ ചത്വരത്തിൽ കൂറ്റൻ സ്ക്രീനിൽ കളി കാണാൻ ആയിരങ്ങളാണ് ടീം ജേഴ്‌സി അണിഞ്ഞ് അണിനിരന്നത്. ആവേശം മൂത്ത ആരാധകരുടെ കൂട്ടച്ചാട്ടത്തിന്റെ ഫലമാവാം പ്രകമ്പനമെന്നു മെക്‌സിക്കോയിലെ ഭൂകമ്പ നിരീക്ഷണ ശൃംഖലയായ സിംസ ടീറ്റ് ചെയ്തു. ഒരുമിച്ചുള്ള ചാട്ടം സൃഷ്ടിച്ച അസ്വാഭാവിക പ്രകമ്പനങ്ങളാവാം സെൻസറുകൾ ഭൂചലനമെന്നു രേഖപ്പെടുത്തിയതെന്ന് സ്പാനിഷ് ഭൂചലന ആപ്പ് ആയ സീസ്മോളജിയ ചിലിയും അഭിപ്രായപ്പെട്ടു.

ആരാധകർ ഭൂമി കുലുക്കാതിരിക്കുന്നതെങ്ങനെ? ജർമനിയുടെ അഹംഭാവത്തിന്റെ നെറുകയ്ക്കല്ലേ ലൊസാനോ ഉതിർത്ത വെടിയുണ്ട പാഞ്ഞു കയറിയത്. വിജയത്തിന്റെ ആമോദത്തിനായാണ് കളിക്കേണ്ടത്, അല്ലാതെ പരാജയപ്പെടുമോ എന്ന ഭീതിയിലല്ല - ജർമനിയെ നേരിടും മുമ്പ് മാധ്യമങ്ങളെ കണ്ട മെക്‌സിക്കൻ കോച്ച് യുവാൻ കാർളോസ് ഒസോറിയോയുടെ വാക്കുകൾ കളിക്കാർ നെഞ്ചിലേറ്റി. ലുഷ്‌കിനി സ്റ്റേഡിയത്തിൽ മെക്‌സിക്കൻ തിരമാലയിൽ ജർമനി മുങ്ങി.
Loading...

ഹിർവിംഗ് ലൊസാനോ ഉതിർത്ത വെടിയുണ്ടയുടെ ആവേശത്തിൽ നിലവിലെ ചാംപ്യൻമാർ ഞെട്ടി. ഗ്രൂപ്പ് എഫിലെ ആദ്യമൽസരത്തിൽ ലോക ഒന്നാം നമ്പർ ടീം എന്ന അഹങ്കാരവുമായി പാഞ്ഞ ജർമനിയെ മെക്‌സിക്കൻ പട വിനയത്തിന്റെ പാഠം പഠിപ്പിച്ചു. ടീമിൽ തമ്മിലടിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾക്കിടയിലാണ് ഈ വമ്പൻ തിരിച്ചടി.

മാർക്കോ ഹോയസിനെ ബെഞ്ചിലിരുത്തി സമി ഖദീരയെ ആദ്യ ഇലവനിൽ ഇറക്കിയ ജർമൻ കോച്ച് യോക്കിം ലോയ്ക്കും തെറ്റു പറ്റിയോ? ഖദീരയെ കളത്തിൽ കാണാൻ പോലും കഴിഞ്ഞില്ല. കളിയിൽ ചലനമുണ്ടാക്കുന്നതിൽ പാടെ പരാജയപ്പെട്ടു ഖദീര.

ആകെ നിറം മങ്ങിയ അവസ്ഥയിലായിരുന്നു ഡിയ് മൻഷാഫ്റ്റ് (ടീമിന്റെ ജർമൻ പേര്). പന്ത് പല വട്ടം കാൽച്ചുവട്ടിൽ കിട്ടിയിട്ടും ഗോളിനായുള്ള ദാഹം നഷ്ടപ്പെട്ട പോലെ അവർ അലഞ്ഞു നടന്നു. മറുവശത്ത് ജയിക്കാൻ എന്തും ചെയ്യാൻ തയ്യാറായി മെക്‌സിക്കൻ പടയും.

ഏറ്റവും കുടുതൽ നേരം പന്ത് നിയന്ത്രണത്തിൽ വയ്ക്കുക എന്ന ബോൾ പൊസെഷനിൽ ഏറെ മുമ്പിൽ ജർമനി. ഇരു വിംഗുകളിലൂടെയും ആർത്തിരമ്പി ആക്രമിച്ചതും ചാംപ്യൻമാർ. പക്ഷേ വേഗമേറിയ പ്രത്യാക്രമണത്തിലൂടെ മെക്‌സിക്കോ തിരിച്ചടിച്ചു. അതിലൊന്നു വലയും ജർമനിയുടെ നെ‍ഞ്ചും കുലുക്കി.

Soccer Football - World Cup - Group F - Germany vs Mexico - Luzhniki Stadium, Moscow, Russia - June 17, 2018 Mexico's Hirving Lozano celebrates scoring their first goal with Miguel Layun, Hector Moreno and Javier Hernandez REUTERS/Maxim Shemetov


തുടർച്ചയായ പ്രത്യാക്രമണത്തിനിടയിൽ ചിചരിറ്റോ (ഹാവിയർ ഹെർണാണ്ടസ്) അരങ്ങൊരുക്കി. കൃത്യമായ സെറ്റപ്പ്. പന്ത് ഹിർവിങ് ലൊസാനോയുടെ ഇടതുകാലിൽ. ഇടത്തു നിന്നു വലം കാലിലേക്കു മാറ്റി തകർപ്പനൊരു ഷോട്ട്. പുൽത്തകിടിക്ക് തീകൊളുത്തി, വല കുലുങ്ങി. ജർമൻ ഗോളി മാനുവൽ നൂയറുടെ ഡൈവ് വെറുതെയായി.

പിന്നെ ആ ലീഡ് കാക്കാൻ മെക്‌സിക്കോ വാശിയോടെ പൊരുതി. ഒപ്പമെത്താൻ ആഞ്ഞുപിടിച്ച ജർമൻ സൈന്യത്തെ പിടിച്ചുകെട്ടി. ഈ പ്രതിരോധത്തിനു തിലകം ചാർത്തി ഗോളി ഗിയർമോ ഒചോവയും. ടോണി ക്രൂസിന്റെ ഫ്രീകിക്ക് വളഞ്ഞു പാഞ്ഞപ്പോൾ മെക്‌സിക്കൻ ആരാധകരുടെ നെഞ്ചിൽ തീ ആളി, പന്തിനൊപ്പം പറന്നുയർന്ന് അതു കുത്തി വലയ്ക്കു മുകളിലുടെ പായിച്ചു. ജർമനിയുടെ വിധിയും പ്രഖ്യാപിച്ചു.

ഫിനിഷിങ് പിഴവ് വരുത്തിയ മെക്‌സിക്കൻ ആക്രമണനിരയ്ക്കു ജർമനി നന്ദി പറയണം. അല്ലെങ്കിൽ തോൽവി ഇതിലും കനത്തേനെ.

1982 സ്പെയിൻ ലോകകപ്പിൽ അൾജീരിയയോടു 1-2നു തോറ്റ ശേഷം (അന്നു പശ്ചിമ ജർമനി) ആദ്യമായി ടീം തങ്ങളുടെ ആദ്യ മൽസരം തോൽക്കുന്നതിപ്പോൾ. നിലവിലുള്ള ചാംപ്യൻമാർക്ക് ആദ്യ മൽസരം വലിയ കടമ്പയാവുന്നത് ഇതു തുടർച്ചയായ മൂന്നാം തവണ. 2010ൽ ഇറ്റലിയെ പരാഗ്വേ 1 – 1 സമനിലയിൽ പിടിച്ചു. 2014ൽ സ്പെയിനിനെ ഡച്ച് പട (നെതർലൻഡ്‌സ്) 5 – 1ന് അടിച്ചുടച്ചു. ഇപ്പോഴിതാ ജർമനിയും വീണു!

ശാപമോക്ഷം നേടി വിദേശമണ്ണിൽ ആദ്യമായി ക്വാർട്ടർ ഫൈനലിലേക്കു മുന്നേറാനുള്ള സാധ്യതയാണ് ഈ വിജയം മെക്‌സിക്കോയ്ക്കു നൽകുന്നത്. ജർമനിയാവട്ടെ വലിയൊരു കെണിയിലും. സ്വീഡനും ദക്ഷിണകൊറിയയും കൂടി അണിനിരക്കുന്ന മരണഗ്രൂപ്പിൽ നിന്നു മുന്നേറുമെന്ന് ഉറപ്പാക്കാൻ ഇനിയുള്ള രണ്ടു കളിയും ജയിക്കണം. ഒരു സമനില പോലും നോക്കൗട്ട് മോഹങ്ങൾ തകർത്തേക്കാം.

ഒലേ… (മുന്നോട്ട്) എന്നു മെക്സിക്കോ, ഓ ഷീബെ… (ഓ ഷിറ്റ്) എന്നു ജർമൻ ആരാധകർ!
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍