ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദത്തിലെ സെമി ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്ക് മറ്റൊരു തിരിച്ചടി കൂടി. കാലിന് പരുക്കേറ്റ പി എസ് ജിയുടെ സ്ട്രൈക്കറായ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ, അടുത്തയാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ കളിക്കുന്ന കാര്യം സംശയത്തിൽ.
ലെൻസുമായി നടക്കാനിരിക്കുന്ന ലീഗ് 1 പോരാട്ടത്തിന് മുന്നോടിയായി പുറത്ത് വിട്ട ടീമിൻ്റെ ലിസ്റ്റിൽ നിന്നുമാണ് താരം പരുക്കിന്റെ പിടിയിലാണെന്ന വിവരം പിഎസ്ജി പുറത്ത് വിട്ടത്. എന്നാൽ എത്ര നാൾ അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട പിഎസ്ജി, രണ്ടാം പാദ സെമിയിൽ മികച്ച തിരിച്ചുവരവ് നടത്തി കലാശപ്പോരാട്ടത്തിന് യോഗ്യത നേടാമെന്ന പ്രതീക്ഷയിലായിരുന്നു. അതിനിടെയാണ് അവരുടെ പ്രധാന താരമായ എംബാപ്പെയ്ക്ക് പരുക്കേറ്റിരിക്കുന്നത്. ഇതേത്തുടർന്ന് ഇന്ന് ലെൻസിനെതിരെ നടക്കാനിരിക്കുന്ന ലീഗ് മത്സരം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായ താരത്തിന്, ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലും കളിക്കാനാവില്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.
അതേ സമയം ലെൻസിനെതിരായ ലീഗ് മത്സരത്തിന് മുന്നോടിയായി ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ പിഎസ്ജി പരിശീലകൻ മൗറീഷ്യോ പൊച്ചറ്റീനോ എംബാപ്പെയുടെ പരുക്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. താരത്തിന് സംഭവിച്ചിരിക്കുന്നത് ഗുരുതര പരുക്കല്ലെന്നും, അദ്ദേഹം ഉടൻ തന്നെ കളിക്കളത്തിലേക്ക് മടങ്ങി വരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ പൊച്ചറ്റീനോ, എംബാപ്പെ തങ്ങളുടെ ഏറ്റവും പ്രധാന താരമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഇക്കുറി കളിച്ച 10 മത്സരങ്ങളിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാൽ വലിയ പ്രതീക്ഷകളുമായി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിൽ കളിക്കാനിറങ്ങിയെങ്കിലും മങ്ങിയ പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. താരത്തെ അതിവിദഗ്ധമായി മത്സരത്തിലുടനീളം കളിക്കാൻ അനുവദിക്കാതെ പൂട്ടിയത് സിറ്റി താരമായ റൂബൻ ഡിയസ് ആയിരുന്നു.
കളിയിലെ ആദ്യ പകുതിയിൽ മേധാവിത്വം പിഎസ്ജിക്ക് ആയിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോൾ ഒരു ഗോളിൻ്റെ ലീഡും അവർ നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ കടിഞ്ഞാൺ സിറ്റി ഏറ്റെടുക്കുകയായിരുന്നു. കളം നിറഞ്ഞു കളിച്ച സിറ്റി രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി മത്സരത്തിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പിഎസ്ജിയുടെ മൈതാനത്ത് രണ്ട് എവേ ഗോൾ നേടാനായത് അവർക്ക് രണ്ടാം പാദത്തിൽ വ്യക്തമായ മുൻതൂക്കം നൽകുന്നുണ്ട്. അതിനാൽ തന്നെ രണ്ടാം പാദത്തിൽ എംബാപ്പെ കളിച്ചില്ലെങ്കിൽ പിഎസ്ജിക്ക് അത് വലിയൊരു തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. രണ്ടാം പാദത്തിൽ മൂന്ന് ഗോളെങ്കിലും നേടിയാൽ മാത്രമേ പിഎസ്ജിക്ക് ഫൈനലിലേക്ക് മുന്നേറാൻ കഴിയുകയുള്ളൂ. ഗോൾ നേടുന്നതിനൊപ്പം സിറ്റിയെ ഗോൾ നേടാൻ അനുവദിക്കാതെ ഇരിക്കണം എന്ന അധിക ചുമതല കൂടി അവർക്കുണ്ട്. അതും സിറ്റിയുടെ സ്വന്തം തട്ടകത്തിൽ.
Summary- Embappe injured, likely to miss Champions league second leg semi final
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.