• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ജയിക്കാൻ ഞങ്ങൾക്കു മനസില്ല; തോൽക്കാൻ മൽസരിച്ച് ഇംഗ്ളണ്ടും ബെൽജിയവും

News18 Malayalam
Updated: June 29, 2018, 8:28 PM IST
ജയിക്കാൻ ഞങ്ങൾക്കു മനസില്ല; തോൽക്കാൻ മൽസരിച്ച് ഇംഗ്ളണ്ടും ബെൽജിയവും
Belgium's Adnan Januzaj celebrates after scoring the opening goal during the group G match between England and Belgium at the 2018 soccer World Cup in the Kaliningrad Stadium in Kaliningrad, Russia, Thursday, June 28, 2018. (AP Photo/Alastair Grant)
News18 Malayalam
Updated: June 29, 2018, 8:28 PM IST
ജയിക്കാൻ ഞങ്ങൾക്കു മനസില്ലെന്നു പ്രഖ്യാപിച്ച് ഇംഗ്ളണ്ടും ബെൽജിയവും! ഇരുടീമും തോൽക്കാൻ മൽസരിച്ച കളി. അക്കളിയിൽ ജയിച്ചത് ഇംഗ്ളണ്ട്! പൊടിപാറുന്ന മൽസരം കാണാൻ കലിനിൻഗ്രാദിൽ തടിച്ചുകൂടിയ കാണികൾ കൂക്കിവിളിച്ച് പ്രതിഷേധവും അറിയിച്ചു.

തോൽവിക്കായി ദാഹിച്ചതെന്തിനെന്നറിയണ്ടേ… തോറ്റാൽ ചില്ലറയല്ല മെച്ചം. ഹാമെസ് റോഡ്രിഗ്വെസിനു പരുക്കേറ്റതോടെ കാറ്റുപോയ അവസ്ഥയിലായ കൊളംബിയയാണ് പ്രീക്വാർട്ടറിൽ എതിരാളികൾ. ആ കടമ്പ കടന്നാലാണ് വൻനേട്ടം. മുന്നോട്ടുള്ള കുതിപ്പിൽ ഒഴിവായിക്കിട്ടുന്നത് വമ്പൻമാരായ എതിരാളികൾ.

കളി ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായയാൽ പ്രീക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടത് ജപ്പാനെ. അവരെ കീഴടക്കിയാൽ ഏറ്റുമുട്ടേണ്ടി വരിക മുൻ ചാംപ്യൻമാരായ ബ്രസീൽ, ഫ്രാൻസ്, അർജന്റീന, യുറുഗ്വെ, യുറോപ്യൻ ചാംപ്യൻമാരായ പോർച്ചുഗൽ എന്നിവരിൽ മുന്നോട്ടു വരുന്ന ടീമുകളെ! അപ്പോൾ ജയിച്ചതാര്?! ഗോളടിക്കാത്ത ഇംഗ്ളണ്ടോ അബദ്ധത്തിൽ ഗോളടിച്ച ബെൽജിയമോ!

തോൽക്കാനുറച്ച് വന്നതു പോലെയായിരുന്നു ഇരു പരിശീലകരും. ഇരുവരുടെയും നോട്ടം ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിലേക്കായിരുന്നു. ഏതാണ്ടെല്ലാ മുൻനിരക്കാരെയും പിൻവലിച്ച് റിസർവ് ബെഞ്ചിലുള്ളവരെ അണിനിരത്തിയതിൽ നിന്ന് ഇതു വ്യക്തമായിരുന്നു. ഇംഗ്ളണ്ട് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് ടീമിൽ വരുത്തിയത് എട്ടു മാറ്റം. ഗോൾവേട്ടയിൽ മുന്നിലുള്ള ക്യാപ്റ്റൻ ഹാരി കെയ്നും ഡെലി അലിയും ജെസ്സി ലിൻഗാർഡും ഉൾപ്പടെയുള്ളവർ ഡഗ് ഔട്ടിൽ ഇരുന്നു കളി ആസ്വദിച്ചു.

ബെൽജിയം കോച്ച് റൊബെർട്ടോ മാർട്ടിനെ ഒരു പടി കൂടി മുന്നിൽ പോയി. സ്ഥിരം 11 പേരിൽ ഒമ്പതു പേരെ കരയ്ക്കിരുത്തി. ഈഡൻ ഹാസർഡ്, കെവിൻ ദെബ്രാന, റൊമേലു ലുക്കാക്കു എന്നിവരെല്ലാം ബെഞ്ചിൽ!

ഗോളടിക്കാനും ജയിക്കാനുമുള്ള മടി ഇരുഭാഗത്തും വ്യക്തമായിരുന്നു. നിരാശ മൂത്ത് വിസിലടിച്ചും കൂക്കിവിളിച്ചും പ്രതിഷേധിച്ച കാണികൾക്ക് ഏക ആശ്വാസം രണ്ടാം പകുതിയിൽ ബെൽജിയത്തിന്റെ അദ്നാൻ യാനുസായ് നേടിയ ഒറ്റ ഗോളായിരുന്നു. അത് കോച്ച് റൊബെർട്ടോ മാർട്ടിനെയെ സന്തോഷിപ്പിച്ചോ എന്നറിയില്ല!ഇതിനിടെ ഇമ്മാതിരി കളി കളിച്ച് മടുപ്പിച്ചതിന് ആശ്വാസവുമായി മിച്ചി ബാറ്റ്ഷ്വായി തട്ടുപൊളിപ്പൻ പ്രകടനം പുറത്തെടുത്തു! യാനുസായുടെ ഗോളടി ആഘോഷിക്കാൻ ഓടിയെത്തിയ മിച്ചി ഗോളടിച്ച പോസ്റ്റിലേക്ക് പന്ത് ഒന്നു കൂടി പായിച്ചു. വല കുലുങ്ങിയില്ല. തൂണിലടിച്ച പന്ത് തിരിച്ചുപാഞ്ഞത് മിച്ചിയുടെ മുഖത്തേക്ക്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച കോമഡി. പാവം മിച്ചിയുടെ വേദന കൂട്ടച്ചിരിയിൽ മുങ്ങിപ്പോയി.

തന്ത്രപരമായ കീഴടങ്ങലോടെ ഇംഗ്ളണ്ട് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റിന്റെ തോൽവിയറിയാത്ത ജൈത്രയാത്രയ്ക്കും അന്ത്യമായി. ഒരു മുഴം മുമ്പേ എറിഞ്ഞ ഇംഗ്ളണ്ടിന്റെ കളി അതിബുദ്ധിയായോ തകർപ്പൻ തന്ത്രമായോ എന്നറിയാൻ കാത്തിരിക്കാം.
First published: June 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...