• HOME
 • »
 • NEWS
 • »
 • sports
 • »
 • Euro Cup| യൂറോ കപ്പ്: ഗ്രൂപ്പ് ഡിയിൽ നിന്നും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി ഇംഗ്ലണ്ടും ക്രൊയേഷ്യയും

Euro Cup| യൂറോ കപ്പ്: ഗ്രൂപ്പ് ഡിയിൽ നിന്നും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി ഇംഗ്ലണ്ടും ക്രൊയേഷ്യയും

ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് ഇംഗ്ലണ്ടും സ്കോട്ട്ലൻഡിനെ തോൽപ്പിച്ച് ക്രൊയേഷ്യയും യൂറോയിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് യോഗ്യത നേടിയത്.

Croatia's Luka Modric; England's Raheem Sterling

Croatia's Luka Modric; England's Raheem Sterling

 • Share this:


  ജയിച്ചാൽ പ്രീക്വാർട്ടർ യോഗ്യത എന്നത് മുന്നിൽ നിന്നിരുന്ന ഗ്രൂപ്പ് ഡിയിൽ അട്ടിമറികൾ ഒന്നും സംഭവിച്ചില്ല. ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ച് ഇംഗ്ലണ്ടും സ്കോട്ട്ലൻഡിനെ തോൽപ്പിച്ച് ക്രൊയേഷ്യയും യൂറോയിലെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് യോഗ്യത നേടിയത്. സ്കോട്‌ലൻഡിനെ തോൽപ്പിച്ചതോടെ ക്രൊയേഷ്യക്കും ഇംഗ്ലണ്ടിനോട് തോറ്റതോടെ ചെക്കിനും നാല് പോയിൻ്റ് എന്ന നിലയായി. ഗോൾ വ്യത്യാസത്തിലും ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ ഗോൾ അടിച്ചുകൂട്ടിയത് ക്രൊയേഷ്യക്ക് രണ്ടാം സ്ഥാനം നേടിക്കൊടുത്തു.  ഇംഗ്ലണ്ട് - ചെക്ക് റിപ്പബ്ലിക്ക്

  ചെക്ക് റിപ്പബ്ലക്കിനെതിരെ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് കടന്നത്. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. റഹീം സ്റ്റെർലിങ് ആയിരുന്നു ഗോൾ നേടിയത്.

  കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. പരുക്ക് മാറിയെത്തിയ മഗ്വയറിനൊപ്പം ഗ്രീലിഷ്, സാക, കൈൽ വാക്കർ എന്നിവരും ആദ്യ ഇലവനിൽ ഇടം നേടി. ആക്രമിച്ചു കളി തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം മിനിറ്റിൽ തന്നെ ലീഡ് എടുക്കേണ്ടതായിരുന്നു. മധ്യനിരയിൽ നിന്ന് ലൂക് ഷാ നൽകിയ പാസ് പിടിച്ചെടുത്ത സ്റ്റെർലിങ് പന്ത്

  ചെക്ക് ഗോൾകീപ്പർ വാസ്ലിക്കിന്റെ തലയ്ക്ക് മുകളിലൂടെ ലോബ് ചെയ്തെങ്കിലും നിർഭാഗ്യവശാൽ പന്ത് ഗോൾപോസ്റ്റിൽ തട്ടിത്തെറിക്കുകയാണ് ചെയ്തത്.

  കളിയിലെ ആദ്യ നിമിഷങ്ങളിൽ തന്നെ ലഭിച്ച അവസരം നഷ്ടപ്പെടുത്തിയ സ്റ്റെർലിങ് പക്ഷേ അതിന് പകരം വീട്ടി. 12ാം മിനിറ്റിൽ മനോഹരമായ ഒരു ഹെഡർ ഗോളിലൂടെ താരം ഇംഗ്ലണ്ടിന് കളിയിൽ ലീഡ് സമ്മാനിച്ചു. മികച്ച ഒരു പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. സൂപ്പർതാരം ജാക്ക് ഗ്രീലിഷിന്റെ അളന്നുമുറിച്ച ക്രോസിന് തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് സ്റ്റെർലിങ് ഇംഗ്ലണ്ടിനായി ലീഡ് സമ്മാനിച്ചത്. താരം ടൂർണമെന്റിൽ നേടുന്ന രണ്ടാം ഗോളാണിത്.

  ഗോൾ നേട്ടം ആഘോഷിക്കുന്ന സ്റ്റെർലിങ്


  ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഇംഗ്ലീഷ് താരങ്ങൾ കളിച്ചത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ഇംഗ്ലണ്ട് തിളങ്ങിയതോടെ ചെക്ക് താരങ്ങൾ വിയർത്തു. ആദ്യ 25 മിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ടീമിന് സാധിച്ചില്ല.

  25ാം മിനിറ്റിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ വാസ്ലിക് തട്ടിയകറ്റി. 27ാം മിനിറ്റിൽ ചെക്കിന്റെ ഹോൾസിന്റെ ലോങ്റേഞ്ചർ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ക്ഫോർഡ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. 34ാം മിനിറ്റിൽ ചെക്കിന്റെ സൗസെക്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. പിന്നീട് അവസരങ്ങൾ പിറന്നെങ്കിലും ഗോൾ അകന്നു നിന്നു. 

  രണ്ടാം പകുതിയിൽ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. പിന്നീട് അധികം അവസരങ്ങൾ പിറന്നില്ല. എന്നാൽ 86ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഹെണ്ടെഴ്സൺ ഗോൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. തൻ്റെ രാജ്യത്തിന് വേണ്ടി നേടുന്ന ആദ്യ ഗോളാണ് താരത്തിന് റഫറിയുടെ തീരുമാനത്തിൽ നഷ്ടമായത്. 

  ഒരു ഗോളിൻ്റെ ലീഡ് കൈവിടാതെ മത്സരം പൂർത്തിയാക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചപ്പോൾ ആദ്യ പകുതിയിലേത് പോലെ ആക്രമണങ്ങൾ ഉണ്ടായില്ല. മറുവശത്ത് ചെക്കിന് ഇടക്ക് ചെറിയ അവസരങ്ങൾ ലഭിച്ചെങ്കിലും അവർക്ക് ഗോൾ നേടാൻ കഴിഞ്ഞതുമില്ല. 

  മത്സരം തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള സാധ്യത ചെക്ക് റിപബ്ലിക്കിന് അവശേഷിക്കുന്നുണ്ട്.  ക്രോയേഷ്യ - സ്കോട്‌ലൻഡ്

  ജയം അത്യാവശ്യമായിരുന്ന നിർണായക മത്സരത്തിൽ ക്യാപ്റ്റൻ മോഡ്രിച്ചിൻ്റെ തകർപ്പൻ പ്രകടനത്തിൻ്റെ ചിറകിലേറി പ്രീക്വാർട്ടർ പ്രവേശനം നേടി ക്രൊയേഷ്യ.

  സ്കോട്ലൻഡിനെതിരെ നടന്ന അതിനിർണായകമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ക്രൊയേഷ്യ ജയം സ്വന്തമാക്കിയത്. കളിയിൽ ഒരു തകർപ്പൻ ഗോൾ നേടുകയും കൂടാതെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മോഡ്രിച്ച് തന്നെയാണ് കളിയിലെ താരം.

  ഗ്രൂപ്പിൽ കേവലം ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും നിൽക്കെ ജയം ഇരു ടീമുകൾക്കും അനിവാര്യമായിരുന്നു. വിജയിക്കുന്ന ടീമിന് പ്രീക്വാർട്ടർ ഉറപ്പായിരുന്നു എന്നതിനാൽ മത്സരം ആവേശകരമായിരുന്നു. 

  ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ പകുതിയിൽ 17ാം മിനിറ്റിൽ നിക്കോള വ്ലാസിച്ച് നേടിയ ഗോളിൽ ക്രൊയേഷ്യയാണ് ലീഡ് എടുത്തത്. ബോക്സിൽ വെച്ച് പെരിസിച്ചിൽ നിന്നും ലഭിച്ച പന്തിലാണ് വ്ലാസിച്ച് ഗോൾ നേടിയത്. 

   കളിയിലേക്ക് തിരികെ വരാൻ ആത്മാർത്ഥമായി പരിശ്രമിച്ച സ്കോട്ലൻഡ് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പായി സമനില പിടിച്ചു. സ്കോട്ലൻഡിന്റെ ഒരു അറ്റാക്ക് തടയാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യ ക്ലിയർ ചെയ്ത പന്ത് പിടിച്ചെടുത്ത മക്ഗ്രഗോർ ബോക്സിന് പുറത്ത് നിന്ന് എടുത്ത ഷോട്ട് ക്രൊയേഷ്യൻ പ്രതിരോധ നിരയേയും അവരുടെ ഗോളിയേയും മറികടന്ന് വലയിൽ കയറി. 1966ന് ശേഷം യൂറോയിൽ സ്കോട്‌ലൻഡിൻ്റെ ആദ്യ ഗോൾ ആയിരുന്നു അവർ മക്ഗ്രഗോറിലൂടെ നേടിയത്.

  രണ്ടാം പകുതി 1-1 എന്ന സ്കോറിന് തുടങ്ങിയ രണ്ടു ടീമുകളും വിജയത്തിനായി പൊരുതി. രണ്ടാം പകുതിയുടെ തുടക്കത്തിൽ വന്ന രണ്ട് ക്രൊയേഷ്യൻ അറ്റാക്കുകളും സ്കോട്ലൻഡ് കീപ്പർ മാർഷ്യൽ രക്ഷിച്ചു. എന്നാൽ 62ാം മിനിറ്റിലെ മോഡ്രിച്ചിൻ്റെ തകർപ്പൻ ഷോട്ട് സ്കോട്‌ലൻഡ് ഗോളിക്ക് തടയാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ക്യാപ്റ്റൻ മോഡ്രിച്ചാണ് ക്രോയേഷ്യയുടെ രണ്ടാം ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് തന്റെ പുറംകാൽ കൊണ്ട് മോഡ്രിച്ച് തൊടുത്ത ഷോട്ട് സ്കോട്‌ലൻഡ് വല തുളച്ച് കയറുകയായിരുന്നു.

  ഗോൾ നേട്ടം ആഘോഷിക്കുന്ന മോഡ്രിച്ചും സഹതാരങ്ങളും


  രണ്ടാം ഗോൾ നേടിയതോടെ ആവേശം ഇരട്ടിയായ ക്രൊയേഷ്യൻ താരങ്ങൾ ആക്രമിച്ചു കളിച്ചതിൻെറ ഫലമായി അവർക്ക് മൂന്നാം ഗോളും ലഭിച്ചു. 77ാം മിനിറ്റിൽ ലഭിച്ച ഒരു കോർണറിൽ നിന്ന് പെരിസിച്ചാണ് ക്രൊയേഷ്യയുടെ മൂന്നാം ഗോൾ നേടിയത്. മോഡ്രിച്ച് എടുത്ത കോർണറിൽ നിന്നുമാണ് പെരിസിച്ച് തൻ്റെ ടീമിൻ്റെ മൂന്നാം ഗോൾ നേടിയത്. സ്കോട്ട്‌ലൻഡ് മറുവശത്ത് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചു എങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ അവർക്കായില്ല. 

  വിജയത്തോടെ മൂന്ന് പോയിൻ്റ് നേടിയ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി ഗ്രൂപ്പ് ഡിയിൽ നിന്നും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി

  Summary

  Euro Cup: England and Croatia clears group stage and advances to round of 16 with a win in their last group match
  Published by:Naveen
  First published: