Euro Cup| യൂറോ കപ്പ്: വെംബ്ലിയിൽ ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്; യോക്കിം ലോയ്ക്ക് തോൽവിയോടെ മടക്കം
Euro Cup| യൂറോ കപ്പ്: വെംബ്ലിയിൽ ജർമനിയോട് പ്രതികാരം വീട്ടി ഇംഗ്ലണ്ട് ക്വാർട്ടറിലേക്ക്; യോക്കിം ലോയ്ക്ക് തോൽവിയോടെ മടക്കം
എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് ജർമനിയെ തകർത്ത് വിട്ടത്. ഇംഗ്ലണ്ടിന് വേണ്ടി റഹീം സ്റ്റെർലിങ്, ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവരാണ് ഗോളുകൾ നേടിയത്. ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങിയതോടെ ജർമൻ പരിശീലകനായ യൊക്കിം ലോയ്ക്ക് തൻ്റെ ടീമുമൊത്തുള്ള അവസാന ടൂർണമെൻ്റിൽ തോൽവിയോടെയായി മടക്കം.
England Team celebrating their victory
Credits: Twitter|England
യൂറോകപ്പ് പ്രീക്വാർട്ടറിലെ സൂപ്പർ പോരാട്ടത്തിൽ ജർമനിയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇംഗ്ലണ്ട് വിജയം നേടിയത്. ഇതോടെ 1996ൽ യൂറോ കപ്പിൽ ഇതേ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച ജർമൻ ടീമനെ തോൽപ്പിച്ച് കണക്ക് വീട്ടാൻ കൂടി ഗാരത് സൗത്ത്ഗേറ്റിൻ്റെ സംഘത്തിന് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങിയതോടെ ജർമൻ പരിശീലകനായ യൊക്കിം ലോയ്ക്ക് തൻ്റെ ടീമുമൊത്തുള്ള അവസാന ടൂർണമെൻ്റിൽ തോൽവിയോടെയായി മടക്കം. 74ാം മിനിറ്റ് വരെ ഒപ്പത്തിനൊപ്പം നിന്ന് പൊരുതിയ ശേഷമാണ് റഹീം സ്റ്റെർലിങ്, ക്യാപ്റ്റൻ ഹാരി കെയ്ൻ എന്നിവരുടെ ഗോളുകളിൽ ഇംഗ്ലണ്ട് വിജയം നേടിയത്.
മത്സരത്തിൽ എൽ ജി ബി ടി സമൂഹത്തിനു പിന്തുണ പ്രഖ്യാപിച്ച് മഴവിൽ നിറമുള്ള ക്യാപ്റ്റൻ ആംബാൻഡ് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ മത്സരത്തിനിറങ്ങിയത്. ജർമൻ ക്യാപ്റ്റനായ മാനുവൽ നോയർ ടൂർണമെന്റിൽ ആദ്യം മുതൽ തന്നെ ഇത്തരത്തിൽ പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് മഴവിൽ നിറമുള്ള ബാൻഡ് അണിഞ്ഞാണ് കളിയ്ക്കാൻ ഇറങ്ങിയിരുന്നത്.
സൂപ്പർ പോരാട്ടത്തിലെ ആദ്യ പകുതിയുടെ തുടക്കത്തിൽ കളിയുടെ നിയന്ത്രണം ജർമനിയുടെ കയ്യിൽ ആയിരുന്നെങ്കിലും പതിയെ ഇംഗ്ലണ്ട് താളം വീണ്ടെടുത്ത് കളിയിൽ ജർമൻ നിരക്കൊപ്പം പിടിച്ചു നിന്നു.
അഞ്ചാം മിനിറ്റിൽ ജർമനിയുടെ ഗോരെട്സ്കയുടെ വകയായിരുന്നു കളിയിലെ ആദ്യ ഗോൾ ശ്രമം. എന്നാൽ കൃത്യമായ പൊസിഷനിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ട് ഗോളി പിക്ഫോർഡ് പന്ത് സേവ് ചെയ്തു. 16ാം മിനിറ്റിലാണ് ഇംഗ്ലണ്ടിൻ്റെ ആദ്യ മുന്നേറ്റം വന്നത്. റഹീം സ്റ്റെർലിങ്ങിന്റെ മികച്ചൊരു ഷോട്ട് നീണ്ട ഡൈവിലൂടെയാണ് ജർമൻ ഗോൾകീപ്പർ മാനുവൽ നോയർ രക്ഷപ്പെടുത്തിയത്. പിന്നാലെ 27ാം മിനിറ്റിൽ വീണ്ടുമൊരു മുന്നേറ്റം ഇംഗ്ലണ്ട് നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ട്രിപ്പിയറുടെ ക്രോസ് കിട്ടിയ ഹാരി മഗ്വെയറിന് ഗോൾ നേടാൻ അവസരമുണ്ടായിരുന്നെങ്കിലും താരത്തിൻ്റെ ഹെഡർ നോയറുടെ കൈകളിലേക്കാണ് ചെന്നത്.
32ാം മിനിറ്റിലാണ് ആദ്യ പകുതിയിലെ മികച്ച അവസരം പിറന്നത്. ജർമനിയുടെ മുന്നേറ്റത്തിൽ കായ് ഹാവെർട്സ് നൽകിയ ത്രൂബോൾ പിടിച്ചെടുത്ത ടിമോ വെർണർ പന്തിനെ ഗോളിലെക്ക് പായിച്ചെങ്കിലും ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ഫോർഡ് മികച്ച രീതിയിൽ അതിനോട് പ്രതികരിച്ചതിനാൽ താരത്തിൻ്റെ ഷോട്ട് ഗോളായില്ല. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇംഗ്ലണ്ടിനും മികച്ചൊരു അവസരം ലഭിച്ചു. ഇടത് ഫ്ളാങ്കിൽ നിന്നും സ്റ്റെർലിങ് നൽകിയ പാസ് ജർമൻ പ്രതിരോധ താരമായ ജിൻ്ററുടെ കാലിൽ തട്ടി ബോക്സിൽ നിൽക്കുകയായിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന് ലഭിച്ചു. താരം ഗോൾ നേടുമെന്ന് ഉറച്ച സമയത്ത് ജർമൻ പ്രതിരോധ നിര താരമായ ഹമ്മൽസ് നടത്തിയ അവസാന നിമിഷത്തെ ടാക്കിളിൽ അപകടം ഒഴിവായി.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളിൽ തന്നെ ജർമനി ഇംഗ്ലണ്ട് ബോക്സിൽ പന്തുമായെത്തി. ഇടത് ഭാഗത്ത് നിന്നും ഗോസൻസ് നൽകിയ ക്രോസിലേക്ക് മുള്ളർ ഒരു ശ്രമം നടത്തിയെങ്കിലും താരത്തിന് പന്ത് കിട്ടിയില്ല. ആർക്കും കിട്ടാതിരുന്ന പന്ത് നേരെ ചെന്നത് ബോക്സിന് അറ്റത്ത് നിൽക്കുകയായിരുന്ന ഹവേർട്സിനായിരുന്നു. താരത്തിൻ്റെ ശക്തമായൊരു ഇടം കാലൻ വോളി ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിൻ്റെ തകർപ്പൻ റിഫ്ലേക്സ് സേവിലാണ് ഗോൾ ആവാതെ പോയത്. പിന്നീട് ഇരു ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഒന്നും ഗോളിൻ്റെ അടുത്തയെത്തിയില്ല.
കളിയിലെ 75ാം മിനിറ്റിലാണ് വെംബ്ലി സ്റ്റേഡിയത്തിൽ കാണികളായെത്തിയ ഇംഗ്ലീഷ് ആരാധകരെ ആവേശത്തിൽ അറാടിച്ച് കൊണ്ട് ഇംഗ്ലണ്ട് ലീഡ് എടുത്തത്. ഹാരി കെയ്ൻ തുടക്കമിട്ട മുന്നേറ്റത്തിൽ പന്ത് കിട്ടിയ ഗ്രീലീഷ് ഇടത് വിങ് ബാക്കായ ലൂക്ക് ഷായ്ക്ക് നൽകി. ഷാ ബോക്സിലേക്ക് നൽകിയ ഒരു ലോ ക്രോസിലേക്ക് ജർമൻ പ്രതിരോധ നിരയുടെ ഇടയിലൂടെ ഓടിയെത്തിയ സ്റ്റെർലിങ് തൻ്റെ വലത് കാൽ കൊണ്ട് പന്തിനെ പതിയെ ഗോൾ പോസ്റ്റിൻ്റെ വലത് മൂലയിലേക്ക് തിരിച്ചു വിട്ടു.
തൊട്ടുപിന്നാലെ 81ാം മിനിറ്റിൽ ഗോൾ മടക്കാൻ ജർമനിക്ക് അവസരം കിട്ടിയെങ്കിലും ഹാവെർട്സ് നീട്ടിയ പാസിൽ നിന്ന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മുള്ളർ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. പിന്നാലെ 86ാം മിനിറ്റിൽ ഇംഗ്ലണ്ട് അവരുടെ വിജയ ഗോളും നേടി കളിയിൽ ഗോൾ നേടി സമനില പിടിക്കുന്നതിനായി മുന്നോട്ട് കയറി നിന്ന ജർമൻ നിരക്ക് പെട്ടെന്നുള്ള മുന്നേറ്റം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ലൂക്ക് ഷായുടെ പന്ത് കിട്ടിയ ഗ്രീലിഷിന് പന്ത് ഗോൾമുഖത്തേക്ക് പാസ് ചെയ്യാൻ ഇഷ്ടംപോലെ സമയം ഉണ്ടായിരുന്നു. ഗ്രീലിഷ് നൽകിയ ക്രോസിൽ ഹാരി കെയ്ൻ പന്തിനെ തൻ്റെ തല കൊണ്ട് വലയിലേക്ക് തട്ടിയിട്ട് ഇംഗ്ലണ്ടിൻ്റെ രണ്ടാം ഗോളും ഒപ്പം ടൂർണമെന്റിൽ താന്റെ ആദ്യ ഗോളും നേടി ഇംഗ്ലീഷ് ടീമിൻ്റെ വിജയമുറപ്പിച്ചു.
ഇന്ന് തന്നെ നടക്കുന്ന പ്രീ ക്വാർട്ടറിലെ സ്വീഡൻ - യുക്രെയ്ൻ മത്സര വിജയികളെയാണ് ഇംഗ്ലണ്ട് നേരിടുക.
Summary
England beats Germany by 2-0, avenges their decade old hurts at the hands of Wembley
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.