യൂറോ കപ്പ് ഫൈനൽ മത്സരത്തിന് ഇറങ്ങും മുൻപ് എതിരാളികളെ സുഖിപ്പിച്ച് ഇംഗ്ലണ്ട് ടീം. ഇംഗ്ലണ്ട് ടീം പരിശീലകനായ ഗാരെത്ത് സൗത്ത്‌ഗേറ്റും ടീമിലെ മധ്യനിര താരവുമായ ജോർദാൻ ഹെൻഡേഴ്സണുമാണ് മത്സരത്തിന് ഇറങ്ങും മുൻപേ എതിർ ടീമിന് ക്രെഡിറ്റ് നൽകിക്കൊണ്ടുള്ള പ്രസ്താവന നടത്തിയത്.
2018 ലോകകപ്പിന് യോഗ്യത പോലും നേടാൻ കഴിയാതെ തോൽവിയുടെ പടുകുഴിയിലേക്ക് വീണ ഒരു ടീമിനെ ഏറ്റെടുത്ത് അവരിൽ നഷ്ടമായ ഊർജ്ജത്തെ വീണ്ടും നിറച്ച് യൂറോ കപ്പിന്റെ ഫൈനൽ വരെയെത്തിച്ച ഇറ്റാലിയൻ പരിശീലകനായ റോബർട്ടോ മാൻചീനിയുടെ ശ്രമങ്ങളെക്കുറിച്ച് വാചാലനാവുകയായിരുന്നു ഇംഗ്ലണ്ട് പരിശീലകനായ സൗത്ത്ഗേറ്റ്.
"ടൂർണമെന്റിലേക്ക് അവർ വന്നത് വളരെ വ്യക്തമായി വാർത്തെടുത്ത ഒരു കേളീശൈലികൊണ്ടാണ്. ഓരോ മത്സരത്തേയും അവർ സമീപിക്കുന്നത് വളരെ ആവേശത്തോടെയാണ്. അതിനാൽ അവർ കളത്തിൽ പുറത്തെടുക്കുന്ന ഊർജ്ജവും അത്ര തന്നെ വലുതാണ്. തന്ത്രപരമായി നോക്കുകയാണെങ്കിൽ ഇറ്റാലിയൻ ടീമുകൾ കാത്തുസൂക്ഷിക്കാറുള്ള മികവ് ഇത്തവണത്തെ ടീമിലും പ്രകടമാണ്. പക്ഷെ ഇത്തവണ അവരുടെ കളിയിൽ മാറ്റം വന്നിട്ടുണ്ട്. ഇറ്റാലിയൻ ടീമുകൾ പണ്ട് മുതൽ പാലിച്ചുവന്ന പ്രതിരോധ ശൈലിയിൽ നിന്നും വ്യത്യസ്തമായി ഒരു ആധുനിക ശൈലിയാണ് ഇത്തവണ അവർ പിന്തുടരുന്നത്. ഇത്രയും ശക്തമായ ഒരു ടീമിനെതിരെ വിജയിക്കണമെങ്കിൽ ഇംഗ്ലണ്ടിന് കഴിവിന്റെ പരമാവധി തന്നെ പുറത്തെടുക്കേണ്ടി വരും."
"ഈ ടീമിനെ ഞാൻ രണ്ടു വർഷത്തോളമായി ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ട്. കാരണം മാൻചീനിയെ പോലൊരു പരിശീലകൻ എന്താകും ചെയ്യുക എന്നത് എനിക്കറിയാമായിരുന്നു. ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലിൽ എത്തിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം." സൗത്ത്‌ഗേറ്റ് വ്യക്തമാക്കി.
Also read- പീഡനകാലം കഴിഞ്ഞു; മാറക്കാനയില്‍ കാല്‍പന്തു കളിയുടെ മിശിഹാ ഉയിര്ത്തുതന്റെ പരിശീലകന്റെ സമാന അഭിപ്രായം തന്നെയാണ് ഇംഗ്ലണ്ടിന്റെ മധ്യനിര താരമായ ജോർദാൻ ഹെൻഡേഴ്‌സണും പങ്കുവെച്ചത്. മികച്ച പ്രതിരോധം കാഴ്ചവക്കുന്നതിനൊപ്പം തന്നെ ആക്രമിച്ചു മുന്നറാൻ കഴിവുള്ള താരങ്ങൾ സ്വന്തമായുള്ള ഇറ്റലിക്ക് ഏതൊരു ടീമിനെതിരെയും ഗോൾ നേടി അവരെ വീഴ്ത്താനുള്ള കഴിവുണ്ടെന്നതിനാൽ ഫൈനലിലെ മത്സരം അങ്ങേയറ്റം പ്രയാസകരമാകുമെന്നാണ് ഹെൻഡേഴ്സൺ പറഞ്ഞത്.
2018 ലോകകപ്പിന് യോഗ്യത നേടാതെ പോയ ഘട്ടത്തിൽ ഇറ്റലിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത മാൻചീനി ഇറ്റലിയെ ഉയിർത്തെഴുന്നേൽപ്പിക്കുകയാണ് ചെയ്തത്. മാൻചീനിക്ക് കീഴിൽ നിലവിൽ 33 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് അസൂറിപ്പട. ഇറ്റലിയുടെ പരിശീലക സ്ഥാനത്തേക്ക് വന്ന ശേഷം ഇറ്റലിയുടെ പ്രതിരോധത്തിൽ ഊന്നൽ നൽകി കളിക്കുന്ന ശൈലിയെ മാറ്റിയെടുക്കുകയാണ് ചെയ്തത്. പ്രതിരോധം ശക്തമാക്കിക്കൊണ്ട് എതിരാളികളെ സമ്മർദത്തിലേക്ക് വീഴ്ത്തുന്ന ഹൈ പ്രെസ്സിങ് അറ്റാക്കിങ് ഗെയിം തന്റെ ടീമിലേക്ക് ആവാഹിച്ചെടുത്ത മാൻചീനി അവരെ ശെരിക്കും പുതിയ ഒരു തലത്തിലേക്ക് എത്തിച്ചു. മാൻചീനിയുടെ ശ്രമങ്ങളുടെ ഫലം ഈ യൂറോയിൽ വ്യക്തമാണ്. ടൂർണമെന്റിൽ ഇതുവരെ അവർ എതിരാളികളുടെ വലയിൽ 12 ഗോളുകൾ അടിച്ചുകയറ്റിയപ്പോൾ തിരികെ വഴങ്ങിയത് വെറും മൂന്നെണ്ണം മാത്രമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.