Euro Cup | ഹാരികെയ്ന്റെ പെനാല്‍റ്റിക്കിടെ ഡെന്മാര്ക്ക് ഗോളിക്ക് നേരെ ലേസര്‍ പ്രയോഗം, രണ്ടാം സെമിയില്‍ വിവാദം കൊഴുക്കുന്നു
Euro Cup | ഹാരികെയ്ന്റെ പെനാല്‍റ്റിക്കിടെ ഡെന്മാര്ക്ക് ഗോളിക്ക് നേരെ ലേസര്‍ പ്രയോഗം, രണ്ടാം സെമിയില്‍ വിവാദം കൊഴുക്കുന്നു
അറുപതിനായിരത്തോളം ഗാലറി ശേഷിയുള്ള വെംബ്ലിയില്‍ 5,800 ടിക്കറ്റുകള്‍ മാത്രമായിരുന്നു ഡെന്മാര്ക്ക് ആരാധകര്‍ക്കായി മാറ്റി വച്ചിരുന്നത്.
Denmark goal keeper
Last Updated :
Share this:
വെംബ്ലിയില്‍ നടന്ന ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഡെന്മാര്ക്കിനെ മറികടന്ന് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഒരു ഗോളിന് പുറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്. ഇംഗ്ലണ്ടിനായി ഹാരി കെയ്നും ഡെന്മാര്ക്കിനായി മിക്കേല്‍ ഡംസ്ഗാര്ഡുമാണ് സ്കോര്‍ ചെയ്തത്. മത്സരത്തിലെ മറ്റൊരു ഗോള്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളായിരുന്നു. എക്സ്ട്രാ ടൈമില്‍ പെനാല്‍റ്റിയിലൂടെയാണ് ഇംഗ്ലണ്ട് നായകന് ഹാരികെയ്ന് വിജയ ഗോള്‍ നേടിയത്.
ഇപ്പോഴിതാ രണ്ടാം സെമി ഫൈനലിലെ പെനാല്‍റ്റിയെ ചൊല്ലി വിവാദങ്ങള്‍ കൊഴുക്കുകയാണ്. പെനാല്‍റ്റി നേരിടാന്‍ തയ്യാറെടുക്കുകയായിരുന്ന ഡെന്മാര്ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ലേസര്‍ ലൈറ്റ് പ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. ഇംഗ്ലണ്ട് നായകന് ഹാരി കെയ്നെടുത്ത പെനാല്‍റ്റി ഗോളാകുകയും മത്സരത്തില്‍ 2-1ന് ഇംഗ്ലണ്ട് വിജയിക്കുകയുമാണ് ചെയ്തത്. ഹാരി കെയ്നെടുത്ത കിക്ക് ഡെന്മാര്ക്ക് ഗോളി കാസ്പര്‍ തട്ടിമാറ്റിയെങ്കിലും റീബൗണ്ടിലാണ് ഗോളാകുന്നത്. ഈ കിക്ക് നേരിടുമ്പോഴാണ് പച്ച നിറത്തിലുളള വെളിച്ചം ഡച്ച് ഗോള്‍കീപ്പറുടെ മുഖത്ത് പതിക്കുന്നത്. അതേസമയം ലേസര്‍ ലൈറ്റ് പ്രയോഗം ഷ്മൈക്കേല്‍ അറിഞ്ഞിരുന്നോ എന്നും വ്യക്തമല്ല.
എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് റഹിം സ്റ്റെര്‍ലിംഗിനെ സ്വന്തം ബോക്സില്‍ വീഴ്ത്തിയതിന് മാച്ച് റെഫറി ഇംഗ്ലണ്ടിന് പെനാല്‍റ്റി അനുവദിച്ചത്. ലേസര്‍ പ്രയോഗത്തിന് പുറമെ സ്റ്റെര്‍ലിംഗ് പന്തുമായി മുന്നേറുമ്പോള്‍ ഗ്രൗണ്ടിലേക്ക് മറ്റൊരു പന്തു കൂടി എത്തിയത് ഡെന്മാര്ക്ക് താരങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ മത്സരത്തിനിടയില്‍ മറ്റൊരു പന്ത് കളിക്കളത്തില്‍ എത്തിയാല്‍ റെഫറിമാര്‍ മത്സരം നിര്‍ത്തിവെക്കുകയാണ് പതിവ്. എന്നാല്‍ റെഫറി ഇത് ഗൗനിക്കാതെ മത്സരം തുടരാന്‍ അനുവദിക്കുകയായിരുന്നു. സ്റ്റെര്‍ലിംഗിന്റെ ഈ മുന്നേറ്റമാണ് ഇംഗ്ലണ്ടിന് പെനാല്‍റ്റിയും അതു വഴി വിജയഗോളും നേടിക്കൊടുത്തത്.
ഇംഗ്ലണ്ടിലെ ഏറെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു ആവേശകരമായ രണ്ടാം സെമി ഫൈനല്‍ നടന്നത്. നീണ്ട 55 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് വലിയൊരു ടൂര്‍ണമെന്റിന്റെ മേജര്‍ ഫൈനലില്‍ പ്രവേശിക്കുന്നതും. അതുകൊണ്ട് തന്നെ ആര്‍ത്തുവിളിച്ച സ്വന്തം ആരാധകര്‍ തന്നെയായിരുന്നു മത്സരത്തിലുടനീളം ഇംഗ്ലണ്ടിന്റെ ഊര്‍ജവും. അറുപതിനായിരത്തോളം ഗാലറി ശേഷിയുള്ള വെംബ്ലിയില്‍ 5,800 ടിക്കറ്റുകള്‍ മാത്രമായിരുന്നു ഡെന്മാര്ക്ക് ആരാധകര്‍ക്കായി മാറ്റി വച്ചിരുന്നത്. കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ ഇതില്‍ നിരവധി പേര്‍ക്ക് എത്താന്‍ സാധിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ട്.
ഇതാദ്യമായാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. 1996ല്‍ സെമി ഫൈനലില്‍ എത്തിയതായിരുന്നു ഇതിനു മുന്‍പുണ്ടായ വലിയ നേട്ടം. ഞായറാഴ്ച രാത്രി വെംബ്ലിയില്‍ വെച്ച് തന്നെ നടക്കുന്ന ഫൈനലില്‍ ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.