മാഞ്ചസ്റ്റർ: ലോകകപ്പിൽ സിക്സറുകൾ വർഷിച്ച മത്സരത്തിൽ ഇംഗ്ലണ്ട് 50 റൺസിന് അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചു. ഏകദിന ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സറുകൾ നേടുന്ന റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച ക്യാപ്റ്റൻ മോർഗന്‍റെ സെഞ്ച്വറിയായിരുന്നു ഇംഗ്ളണ്ട് ഇന്നിഗ്സിന്‍റെ സവിശേഷത. ഇംഗ്ലണ്ട് ഉയർത്തിയ 398 റൺസിന്‍റെ വിജയലക്ഷ്യം തടി ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന് 150 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് മാത്രമാണ് നേടാനായത്. 76 റൺസെടുത്ത ഹഷ്മത്തുള്ള ഷാഹിദിയായിരുന്നു അഫ്ഗാന്‍റെ ടോപ് സ്കോറർ. റഹ്മത്ത് ഷാ 46 റൺസും അസ്ഗർ അഫ്ഗാൻ 44 റൺസും നേടി. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആർച്ചർ, ആദിൽ റഷീദ് എന്നിവർ മൂന്നു വിക്കറ്റു വീതമെടുത്തു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 397 റൺസെടുക്കുകയായിരുന്നു. 71 പന്തിൽ 148 റൺസെടുത്ത മോർഗന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 17 സിക്സർ നേടിയാണ് മോർഗൻ ഇക്കാര്യത്തിൽ റെക്കോർഡിട്ടത്. മോർഗന്‍റെ സെഞ്ച്വറിക്ക് പുറമെ 90 റൺസെടുത്ത ബെയർസ്റ്റോവും 88 റൺസെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലീഷ് ഇന്നിംഗ്സിൽ മിന്നിയത്. അഫ്ഗാനിസ്ഥാനുവേണ്ടി ഗുൽബാദിൻ നയിബ് 68 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
ഇംഗ്ലണ്ട് തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും ഇന്നിംഗ്സ് പാതി പിന്നിട്ടതോടെ കത്തിക്കയറി. ആദ്യം ബെയർസ്റ്റോ തുടങ്ങിവെച്ച വെടിക്കെട്ട് മോർഗൻ ഏറ്റെടുത്തതോടെ അഫ്ഗാൻ ബൌളർമാർ തലങ്ങുംവിലങ്ങും അടിവാങ്ങി. ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും അതിവേഗ ഇന്നിംഗ്സ് പുറത്തെടുത്ത മോർഗൻ 17 സിക്സറുകളാണ് പറത്തിയത്. ഏകദിനത്തിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവുമധികം സിക്സർ നേടിയ താരമെന്ന റെക്കോർഡും മോർഗൻ സ്വന്തമാക്കി. രോഹിത് ശർമ്മ, ക്രിസ് ഗെയിൽ എബി ഡിവില്ലിയേഴ്സ്(16 സിക്സറുകൾ വീതം) എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോർഡ്. നാല് ബൌണ്ടറികളും മോർഗന്‍റെ ബാറ്റിൽനിന്ന് പിറന്നു. മൂന്നാം വിക്കറ്റിൽ ജോ റൂട്ടുമായി ചേർന്ന് 189 റൺസാണ് നായകൻ കൂട്ടിച്ചേർത്തത്. ഗുൽബാദിൻ നയിബ് എറിഞ്ഞ 47-ാമത്തെ ഓവറിലാണ് ഇരുവരും പുറത്തായത്.
26 റംസെടുത്ത ജെയിംസ് വിൻസിനെ ആദ്യം നഷ്ടമായെങ്കിലും ബെയർസ്റ്റോയും റൂട്ടും ചേർന്ന് ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചു. പതിഞ്ഞ താളത്തിൽ കൊട്ടിക്കയറിയ ബെയർസ്റ്റോ പതുക്കെ ആക്രമണാത്മക ബാറ്റിങ് പുറത്തെടുക്കുകയായിരുന്നു. 99 പന്ത് നേരിട്ട ബെയ്ർസ്റ്റോർ എട്ട് ബൌണ്ടറികളും മൂന്നു സിക്സറും പറത്തി. ജോ റൂട്ടുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 120 റൺസും ബെയർസ്റ്റോ ഇംഗ്ലീഷ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. 82 പന്തിൽനിന്നാണ് ജോ റൂട്ട് 88 റൺസെടുത്തത്. മോർഗനും റൂട്ടും പുറത്തായതോടെ ഇംഗ്ലീഷ് സ്കോറിങ്ങിന് വേഗം കുറഞ്ഞു. ഇല്ലെങ്കിൽ 400 റൺസ് എന്ന സ്കോറിലേക്ക് അവർ എത്തുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.